എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം! കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി; തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസവും ശമ്പളം ഒറ്റത്തവണയായി നല്‍കി; പണി അറിയാവുന്ന ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കാര്യങ്ങള്‍ നേര്‍വഴിയേ

എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം!

Update: 2025-07-01 06:54 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കുറച്ചുകാലമായി ആശ്വാസവഴിയിലാണ്. വകുപ്പിന്റെ മന്ത്രി മാറിയതോടെ അവരുടെ ശമ്പളവും നേര്‍വഴിയില്‍ ട്രാക്കിലായി. തുടര്‍ച്ചയായുള്ള മാസങ്ങളില്‍ അവര്‍ക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം ലഭിച്ചു. ഇതോടൊപ്പം പരിഷ്‌ക്കരണങ്ങളുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുപോകുന്നു. ഇതോടെ ജീവനക്കാര്‍ ആശ്വാസത്തിലാണ്. ഇക്കുറിയും ആ പതിവു തെറ്റിയില്ല.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തിയ്യതി തന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ഇട്ടിരുന്നു. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടന്‍ വരുന്നുവെന്ന് ഇംഗ്ലീഷില്‍ കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്.

അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നല്‍കിയിരുന്നത്. അതിനാല്‍ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കായി പുറത്തിറക്കുന്നത് ഏരെ ആകാംക്ഷയോടെയാണ് ആനവണ്ടി പ്രേമികളും യാത്രക്കാരും നോക്കി കാണുന്നത്.

അതേസമയം, ബസിന്റെ ഡിസൈനിനെക്കുറിച്ചും ചര്‍ച്ചകളുണ്ട. ബസിന്റെ ഡിസൈന്‍ മോശമാണെന്നും പെയിന്റിങ് അടക്കം മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ടാറ്റയുടെ ഷാസിയില്‍ എസിജിഎല്‍ കമ്പനിയാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഗോവയിലെ എസിജിഎല്‍ കമ്പനി നിര്‍മിച്ച ബസിന്റെ ഉള്‍വശവും സീറ്റുമെല്ലാം നല്ല നിലവാരത്തിലുള്ളതാണെന്നും എന്നാല്‍, കാലത്തിന് അനുസരിച്ചുള്ള ലുക്കല്ലെന്നും ഡിസൈനില്‍ മാറ്റം വരുത്തണമെന്നുമാണ് പലരും കമന്റിലൂടെ ആവശ്യപ്പെടുന്നത്.

കാലപഴക്കം ചെന്ന ഓര്‍ഡിനറി ബസുകള്‍ക്കടക്കം പുതിയ ബസുകള്‍ കൂടുതല്‍ ഇറക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. 2018ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ആറുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തേക്ക് പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ എത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് വാങ്ങിയ 434 ബസുകളും സ്വിഫ്റ്റിനാണ് നല്‍കിയത്. ഇപ്പോള്‍ പുറത്തിറക്കുന്ന ആദ്യ ബാച്ചിലെ 80 ബസുകളില്‍ 60 സൂപ്പര്‍ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്.

ഇതിനുപുറമെ അശോക് ലൈലാന്‍ഡിന്റെ എട്ട് എസി സ്ലീപ്പര്‍, പത്ത് എസി സ്ലീപ്പര്‍ കം സീറ്റര്‍, എട്ട് എസി സെമി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുള്ള ബസുകളും പുറത്തിറക്കുന്നുണ്ട്. ഓര്‍ഡിനറി സര്‍വീസിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും വാങ്ങുന്നുണ്ട്. പുതിയ ബസുകള്‍ ഓടിച്ചുനോക്കിയ മന്ത്രി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നാണ് വിവരം. അതിനുശേഷമായിരിക്കും കൂടുതല്‍ ബസുകള്‍ എത്തുകയെന്നുമാണ് വിവരം.

Tags:    

Similar News