നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്‍

നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല

Update: 2025-07-26 02:02 GMT

കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടറുടെ മൊഴി തള്ളി റെവന്യൂമന്ത്രി കെ രാജന്‍. പഴയ നിലപാടില്‍ ഉറച്ചാണ് മന്ത്രി രംഗത്തുവന്നത്. നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന് എതിരെ ഒരു പരാതിയും ഇല്ലെന്നും കളക്ടര്‍ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമാണ്. രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ രാജന്‍ പറഞ്ഞു.

തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പുറത്ത് വന്നിരുന്നു. നവീന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടറുടെ മൊഴിയുണ്ടായിരുന്നു. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടര്‍ നല്‍കിയ മൊഴിയിലുണ്ട്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു.

മൊഴിയില്‍ കെ രാജനെ പ്രതിരോധത്തിലാക്കി കണ്ണൂര്‍ ജില്ലയിലെ സിപിഐ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കളക്ടറുടെ മൊഴിയെക്കുറിച്ച് പ്രതികരിക്കേണ്ടത് മന്ത്രിയാണെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍ പ്രതികരിച്ചിരുന്നു. മന്ത്രിയും ഉത്തരവാദിത്വപ്പെട്ടവരും മറുപടി പറയുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ മൊഴി അന്വേഷണ സംഘം എടുത്തില്ലല്ലോ ആ മൊഴിയും രേഖപ്പെടുത്തേണ്ടതല്ലേയെന്നായിരുന്നു സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. അജയകുമാറിന്റെ പ്രതികരണം.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് സമര്‍പ്പിച്ച അഡീഷനല്‍ കുറ്റപത്രവും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹര്‍ജി അടുത്തമാസം അഞ്ചിന് കോടതി പരിഗണിക്കാനിരിക്കയാണ്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് (1) കോടതിയില്‍ അഡീഷനല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നേരത്തേ നല്‍കിയ കുറ്റപത്രം സംബന്ധിച്ച കൂടുതല്‍ വിശദീകരണവും തെളിവുകള്‍ സംബന്ധിച്ച വിശദീകരണവും അടങ്ങിയതാണിത്. ഈ വിവരങ്ങള്‍ പരിശോധിക്കുന്നതിനാണ് മഞ്ജുഷ സാവകാശം ചോദിച്ചത്. വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നതിനു മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ അതിന് ശേഷമായിരിക്കും പൂര്‍ത്തിയാക്കുന്നത്.

അതിനിടെ നവീന്‍ ബാബുവിന്റെ ആത്മഹത്യക്കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യ ഹൈക്കോടതിയെ സമീപക്കാനിരിക്കയാണ്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ പറഞ്ഞു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയത് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''എഡിഎം കുറ്റസമ്മതം നടത്തിയതായി കലക്ടറുടെ മൊഴിയുണ്ട്. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി.പി.ദിവ്യ വേട്ടയാടപ്പെടുകയാണ്. വ്യക്തിതാല്‍പര്യവും രാഷ്ട്രീയ താല്‍പര്യവുമാണ് മറ്റ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കുറ്റപത്രം റദ്ദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പണം വാങ്ങിയെന്നതിന് നേരിട്ടുള്ള തെളിവ് കുറ്റപത്രത്തിലില്ല. എന്നാല്‍ അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനില്‍ക്കാത്ത കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്'' കെ. വിശ്വന്‍ പറഞ്ഞു.

2024 ഒക്ടോബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പു ചടങ്ങില്‍ ക്ഷണിക്കപ്പെടാതെയെത്തി പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ചതെന്നാണു കേസ്. കേസില്‍ അറസ്റ്റിലായ ദിവ്യയ്ക്കു പിന്നീടു ജാമ്യം ലഭിച്ചു. കേസില്‍ പ്രതിയായതോടെ ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പാര്‍ട്ടി തലത്തിലും നടപടിയുണ്ടായി.

Tags:    

Similar News