കൊന്നിട്ടു വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സിപിഎം സന്ദേശം; ഭീകര സംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നത്; രാഷ്ട്രീയ കൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സിപിഎം വരുന്നത് ഈ സംരക്ഷണം കൊണ്ട്; വിമര്‍ശനവുമായി കെ സുധാകരന്‍
കൊന്നിട്ടു വരൂ പാര്‍ട്ടി കൂടെയുണ്ട് എന്നതാണ് സിപിഎം സന്ദേശം
കണ്ണൂര്‍: മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്ന സി.പി.എം നിലപാട് നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കുന്നതെന്ന് സുധാകരന്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെയെല്ലാം ഒരറ്റത്ത് സി.പി.എം ഉള്ളത് പാര്‍ട്ടി നല്‍കുന്ന ഈ സംരക്ഷണം മൂലമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തെ സി.പി.എം തള്ളിപ്പറയുന്ന അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകള്‍ അവസാനിക്കും. കൊലയാളികള്‍ക്ക് സമ്പൂര്‍ണ സംരക്ഷണമാണ് പാര്‍ട്ടി നല്കുന്നത്. അവരെ കൊലയ്ക്ക് നിയോഗിക്കുന്നതു പാര്‍ട്ടിയാണ്. സമീപകാലത്തുവരെ യഥാര്‍ത്ഥ പ്രതികള്‍ക്കു പകരം സിപിഎം ഡമ്മി പ്രതികളെയാണ് നല്കിയിരുന്നത്.
അവര്‍ നിയമനടപടികളില്‍നിന്ന് രക്ഷപ്പെട്ടു. പ്രതികളുടെ കോടതി വ്യവഹാരങ്ങള്‍, കുടുംബത്തിന്റെ സംരക്ഷണം, സാമ്പത്തിക സഹായം, ജോലി, ശമ്പളം, സ്മാരകം, വാര്‍ഷികം തുടങ്ങിയ എല്ലാ കാര്യങ്ങളും പാര്‍ട്ടി ഏറ്റെടുത്തു. കൊലയാളികളുടെ ക്വേട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വരെ പാര്‍ട്ടി കൂടെയുണ്ട്. മദ്യം, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് തുടങ്ങിയ എല്ലാ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് പാര്‍ട്ടിയാണ് കവചം. ഭീകരസംഘടനകള്‍ ചാവേറുകളെ പോറ്റിവളര്‍ത്തുന്ന അതേ രീതിയിലാണ് സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
ടിപി ചന്ദ്രശേഖരന്‍, മട്ടന്നൂര്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ , അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ നിരവധി കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം ഒരുക്കി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റിനെ വരെ സംരക്ഷിച്ചു.
നമ്മുടെ നികുതിപ്പണം വിനിയോഗിച്ച് സുപ്രീംകോടതി അഭിഭാഷകരെയാണ് നിയമപോരാട്ടത്തിന്‍ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ചവുട്ടി നില്ക്കുന്നത് കബന്ധങ്ങളിലാണ് . സൂരജ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നു.
എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി അവരുടെ നെറികേടുകളെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. അവരെ അപലപിച്ചിരുന്നെങ്കില്‍ യുവതലമുറയെങ്കിലും രക്ഷപ്പെടുമായിരുന്നു. പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്രമങ്ങള്‍ കണ്ടു പഠിച്ച എസ്എഫ്ഐയും ഭീകരസംഘടനയാണ്. മാനിഷാദ എന്ന പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും കഴിയാതെപോകുന്നത് അവരുടെ രക്തപങ്കിലമായ രാഷ്ട്രീയജീവിതം കൊണ്ടാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികളെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ഇന്നലെ പറഞ്ഞിരുന്നു. നിരപരാധികളെ രക്ഷിക്കാന്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും എം.വി. ജയരാജന്‍ വ്യക്തമാക്കി.
ടി.പി. കേസിലെ ടി.കെ. രജീഷിനെ പിന്നീടാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ല. കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേര്‍ക്കുക എന്നും എം.വി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ഒമ്പത് സി.പി.എമ്മുകാര്‍ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഇന്നലെയാണ് വിധിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു.
എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.
2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറു മാസം മുമ്പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറു മാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോള്‍ 32 വയസ്സായിരുന്നു. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.