...പാടത്ത് പണിക്ക് പോയാല്‍ പോരേ എന്ന് ജാതി അധിക്ഷേപം; ഫ്‌ളഷ് ഇല്ലാത്ത ടോയ്‌ലറ്റ് ഡോക്ടര്‍ ഉപയോഗിച്ച ശേഷം വൃത്തിയാക്കിപ്പിച്ചു; വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; കാക്കനാട് ജില്ലാ ജയിലില്‍ ഡോക്ടര്‍ക്ക് എതിരെ ഫാര്‍മസിസ്റ്റിന്റെ പരാതി

കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന് പരാതി

Update: 2025-03-21 10:04 GMT

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന് പരാതി. ജയിലിലെ ഫാര്‍മസിസ്റ്റിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കൂടാതെ, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.

ഫാര്‍മസിസ്റ്റ് വി.സി ദീപയാണ് ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെ പരാതി നല്‍കിയത്. ഗുരുതര ആരോപണമാണ് പരാതിയിലുള്ളത്. 'പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ' എന്നടക്കം പറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതിയില്‍ പറയുന്നു. വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശുചിമുറി സ്ഥിരമായി കഴുകിച്ചു. ഫ്‌ളഷ് ഇല്ലാത്ത ടോയ്ലറ്റ് ഡോക്ടര്‍ ഉപയോഗിച്ച ശേഷം തന്നെക്കൊണ്ട് വൃത്തിയാക്കിപ്പിച്ചുവെന്നും പരാതിയിലുണ്ട്. തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഫാര്‍മസിസ്റ്റ് പരാതിയില്‍ പറയുന്നു.

മറ്റുള്ളവരുടെ മുന്നില്‍വെച്ച് ഡോക്ടര്‍ ബെല്‍ന ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ഫാര്‍മസിസ്റ്റിന്റെ പരാതി. ഡോക്ടര്‍ക്ക് ഭക്ഷണം വാങ്ങാനും ആഹാരം കഴിച്ച ശേഷം പാത്രം കഴുകാനും ടേബിള്‍ തുടയ്ക്കാനുമെല്ലാം യുവതിയെ നിയോഗിച്ചതായും പരാതിയില്‍ ഉണ്ട്.

ഒരേ ക്യാബിനില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ആരോപിച്ച് ഡോക്ടര്‍ സീലിംഗ് വെച്ച് വേര്‍തിരിച്ച് മറ്റൊരു ക്യാബിനിലേക്ക് മാറ്റിയതായും ഫാര്‍മസിസ്റ്റ് ആരോപിക്കുന്നു.

താന്‍ അനുഭവിച്ച പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫാര്‍മസിസ്റ്റിന് മാനസികരോഗമുണ്ടെന്നായിരുന്നു ഡോക്ടര്‍ ബെല്‍ന പറഞ്ഞത്. യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News