ഒടുവില്‍ 'എമര്‍ജന്‍സി'ക്ക് പച്ചക്കൊടി; മൂന്ന് കട്ടുകളും, വസ്തുത തെളിയിക്കലും വേണ്ടിവന്നു; കങ്കണയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ 'യുഎ' സര്‍ട്ടിഫിക്കറ്റ്

കങ്കണയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ 'യുഎ' സര്‍ട്ടിഫിക്കറ്റ്

Update: 2024-09-08 08:10 GMT

ന്യൂഡല്‍ഹി: നടിയും എം.പിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമര്‍ജന്‍സി ഉടന്‍ തിയേറ്ററിലേക്ക്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതോടെയാണ് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ കങ്കണ റണൌട്ട് വിവാദത്തിലാണ്. ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സര്‍ട്ടിഫിക്കറ്റ് കിട്ടാനും ഏറെ കാലതാമസം നേരിട്ടു. ഇതോടെ ചിത്രത്തിന്റെ റിലീസും മാറ്റിയിരുന്നു.

എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റില്‍, ചിത്രത്തില്‍ മൂന്ന് കട്ടുകളും, ചിത്രത്തിലെ വിവാദപരമായ ചരിത്രപരമായ രംഗങ്ങള്‍ക്ക് വസ്തുതാപരമായ ഉറവിടങ്ങള്‍ നല്‍കുകയും ചെയ്തിനാല്‍ 'യുഎ' സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സിബിഎഫ്സി പരിശോധനാ സമിതി പച്ചക്കൊടി കാട്ടിയെന്നാണ് വിവരം.

ചില വയലന്‍സ് രംഗങ്ങളാണ് കങ്കണ റണൌട്ട് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നീക്കം ചെയ്യേണ്ടി വന്ന സീന്‍ എന്നാണ് വിവരം. ഒപ്പം യുഎസ് പ്രസിഡന്റ് നിക്‌സന്റെതായി ചിത്രത്തില്‍ കാണിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് വസ്തുത വിശദീകരണവും നിര്‍മ്മാതാക്കള്‍ നടത്തേണ്ടി വന്നുവെന്നാണ് വിവരം.

കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 6 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ നിര്‍മ്മാതാക്കളായ സീ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് ഇടപെടാന്‍ കോടതി തയ്യാറായില്ല. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് സിനിമയെക്കുറിച്ചുള്ള എതിര്‍പ്പുകള്‍ പരിഗണിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച, ബോംബെ ഹൈക്കോടതി അടിയന്തര ഇളവ് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

1975-ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം, വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളില്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ കീഴിലുള്ള ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്.

തന്റെ സിനിമയ്ക്കുമേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഭീകരമായ അവസ്ഥയാണിതെന്നും കങ്കണ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങള്‍ എങ്ങനെ പുരോ?ഗമിക്കുന്നു എന്നുമോര്‍ക്കുമ്പോള്‍ വളരെയേറെ നിരാശ തോന്നുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍, മലയാളിതാരം വിശാഖ് നായര്‍,എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Similar News