സ്‌കൂള്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി; വാഹനത്തിന് യന്ത്രതകരാര്‍ ഒന്നും കണ്ടെത്താനായിട്ടില്ല; ബസിന് രോഖാപരമായി ഫിറ്റ്‌നസ് ഇല്ല: അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം; അപകടത്തില്‍ ആക്ഷേപം സര്‍ക്കാരിലേക്കും?
കണ്ണൂര്‍: വളക്കൈയില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്‌കൂള്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യേഗസ്ഥന്‍ റിയാസ് എം.ടി. വാഹനത്തിന് യന്ത്രതകരാര്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അതേസമയം ബസിന് രോഖാപരമായി ഫിറ്റ്‌നസ് ഇല്ല എന്നതും കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം.
അതേസമയം, സ്‌കൂള്‍ ബസ് അപകടത്തില്‍ ആക്ഷേപം സര്‍ക്കാരിലേക്ക് നീങ്ങുകയാണ്. ഫിറ്റ്‌നസ് അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണര്‍ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. വാഹനങ്ങളുടെ ഫിറ്റ്‌നസ് നീട്ടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം ഇന്നലെ പറഞ്ഞിരുന്നു.
അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.
അപകടത്തില്‍ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്. പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവില്‍ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുന്നില്‍ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസില്‍ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പ്രതികരിച്ചു.