എന്റെ ഹൃദയം തകര്‍ന്നുപോയി; വിവരിക്കാനാവാത്ത വേദനയും ദു:ഖവും തോന്നുന്നു; കരൂര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇതാദ്യമായി പ്രതികരിച്ച് വിജയ്; ഒന്നും മിണ്ടാതെ നഗരം വിട്ട ടിവികെ നേതാവിന് എതിരെ വിമര്‍ശനം; അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ഡിഎംകെയും

കരൂര്‍ സംഭവത്തില്‍ ഇതാദ്യമായി പ്രതികരിച്ച് വിജയ്

Update: 2025-09-27 18:39 GMT

ചെന്നൈ: കരൂര്‍ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇതാദ്യമായി പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്.

'എന്റെ ഹൃദയം തകര്‍ന്നുപോയി. വാക്കുകളില്‍ വിവരിക്കാനാവാത്ത വേദനയും ദുഃഖവുമാണ് എനിക്ക് അനുഭവപ്പെടുന്നത്. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട എന്റെ പ്രിയ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,' വിജയ് എക്‌സില്‍ കുറിച്ചു.

സംഭവസ്ഥലത്ത് നിന്ന് തിറുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് പോയ വിജയ്, ദുരന്തത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈകിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദുരന്തത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ വിജയ് നഗരം വിട്ടതും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

ഈ സംഭവത്തില്‍ ഡി.എം.കെ.യും വിജയിയെ വിമര്‍ശിച്ചിരുന്നു. റാലി സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഡി.എം.കെ. വക്താവ് ശരവണന്‍ അണ്ണാദുരൈ ആരോപിച്ചു. തിരക്ക് കൂട്ടാനായി വിജയ് പരിപാടി വൈകിച്ചെന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയ ശേഷമാണ് വിജയ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരൂരിലെ തിങ്ങിനിറഞ്ഞ റാലിയില്‍ നിയന്ത്രണം വിട്ട ജനക്കൂട്ടം കുഴഞ്ഞുവീഴുകയും ഇത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. മരണപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

്അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജഡ്ജി അരുണ ജഗദീഷന്‍ അധ്യക്ഷനായുള്ള കമ്മിഷന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നാളെ പുലര്‍ച്ചെയോടെ സ്റ്റാലിന്‍ ദുരന്തമുണ്ടായ കരൂരിലെത്തും.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതേസമയം, റാലിക്ക് അനുമതിയുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയോളം ആളുകളെത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പതിായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും രണ്ട് ലക്ഷത്തിലധികം ആളുകള്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, വിജയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായി. നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ഡി.എം.കെ.യും രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കണമെന്നും സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് സ്വകാര്യ വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങി. ഇന്ന് രാത്രിയോ നാളെയോ വിജയ്യെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

റാലിക്ക് എത്തിയവര്‍ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനും കനത്ത ചൂടിനും ഇടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ വാഹനത്തിനടുത്തേക്ക് എത്താന്‍ ശ്രമിച്ച ജനക്കൂട്ടത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടങ്ങളുണ്ടായത്. റാലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചാരണ പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്.

Tags:    

Similar News