ഗീതു മോഹന്‍ദാസിന്റെ 'ടോക്‌സിക് ' ടീസറില്‍ യഷ് സ്ത്രീകളുടെ ദേഹത്ത് മദ്യം ഒഴിക്കുന്ന രംഗങ്ങള്‍; 'കസബ' വിവാദത്തില്‍ 'സേ ഇറ്റ് ' എന്നു പറഞ്ഞു പാര്‍വതിയെ 'ഗിയറുകേറ്റി വിട്ട പുള്ളി സ്റ്റേറ്റ് കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി'യെന്ന് നിതിന്‍ രഞ്ജി പണിക്കര്‍; കസബ രണ്ടാം ഭാഗത്തിന്റെ സൂചനയുമായി ജോബി ജോര്‍ജും
ഗീതു മോഹന്‍ദാസിന് എതിരെ കസബ സംവിധായകന്‍
കൊച്ചി: 8 വര്‍ഷം മുമ്പ് മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ ഒരു രംഗം സ്ത്രീ വിരുദ്ധമാണെന്ന കടുത്ത ഭാഷയിലുള്ള നടി പാര്‍വതിയുടെ വിമര്‍ശനം വിവാദമായിരുന്നു. ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവേയായിരുന്നു പാര്‍വതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി കസബ എന്ന് എടുത്തു പറഞ്ഞത്.
ഇപ്പോള്‍ യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ടോക്‌സിന്റെ ടീസര്‍ വിഡിയോയില്‍, വിമര്‍ശനവുമായി കസബയുടെ സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സംസ്ഥാനം കടന്നപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിതിന്‍ കുറിച്ചത്.
തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയില്‍ സിനിമ ചെയ്തപ്പോള്‍ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി എന്നാണ് നിതിന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് നിതിന്‍ രണ്‍ജി പണിക്കരുടെ പ്രതികരണം.
സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആണ്‍മുഷ്‌ക്ക്' മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം... ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി.. - എന്ന് നിതിന്‍ രണ്‍ജിപണിക്കര്‍ കുറിച്ചു.
ടോക്‌സിക് ടീസറില്‍ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയര്‍ത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിന്‍ രണ്‍ജി പണിക്കരുടെ പ്രതികരണം.
.അതിനിടെ, ഗുഡ്വില്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കസബ നിര്‍മ്മിച്ച ജോബി ജോര്‍ജും കൗതുകകരമായ പോസ്റ്റിട്ടു. കസബയിലെ മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം 'അന്നും ഇന്നും എന്നും രാജാവാട രാജന്‍ സക്കറിയ... ഒരു വരവുകൂടി വരും' എന്ന ക്യാപ്ഷനുമായാണ് ജോബി ജോര്‍ജിന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
രാജന്‍ സക്കറിയ എന്ന പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി കസബയിലെത്തിയത്. നിതിന്‍ രണ്‍ജി പണിക്കര്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ നേഹ സക്‌സേന, സമ്പത്, വരക്ഷ്മി ശരത്കുമാര്‍, ജഗദിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഐഎഫ്എഫ് കെ ഓപ്പണ്‍ ഫോറത്തിലെ, മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിമര്‍ശനം താരത്തിന് എതിരാണെന്ന തരത്തില്‍ ആരാധകര്‍ വ്യാഖ്യാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പാര്‍വതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തു
അതേസമയം, കെജിഎഫ് ചാപ്റ്റര്‍ 2 പുറത്തെത്തി നാല് വര്‍ഷത്തിന് ശേഷമാണ് യഷിന്റെ മറ്റൊരു ചിത്രം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏപ്രിലിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. 'മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ നയന്‍താരയും കരീന കപൂറും പ്രധാന വേഷങ്ങളില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.