7000 ബ്രിട്ടീഷുകാര്‍ക്ക് ജോലി, പ്രതിരോധ പങ്കാളിത്തം, ഒന്‍പതു യൂണിവേഴ്‌സിറ്റികള്‍ക്ക് കാലുറപ്പിക്കാന്‍ ഇന്ത്യന്‍ മണ്ണ്, ബ്രിട് കാര്‍ഡ് വരുന്നത് ഇന്ത്യയുടെ ആധാര്‍ കാര്‍ഡ് പോലെ.. രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ സ്റ്റാര്‍മര്‍ക്ക് പറയാന്‍ ഒട്ടേറെ; ലോക സമാധാനം ഉറപ്പാക്കുന്നതില്‍ മോദി മുന്നിലെന്ന സ്റ്റാര്‍മറുടെ പ്രഖ്യാപനം ട്രംപിനുള്ള ഒളിയമ്പെന്നു വ്യാഖ്യാനം; ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ ബ്രിട്ടന്‍ അമേരിക്കയെ ഗൗരവത്തിലെടുക്കുന്നില്ലെന്നു വ്യക്തമാക്കുന്ന പല സൂചനകള്‍
ലോക സമാധാനം ഉറപ്പാക്കുന്നതില്‍ മോദി മുന്നിലെന്ന സ്റ്റാര്‍മറുടെ പ്രഖ്യാപനം ട്രംപിനുള്ള ഒളിയമ്പെന്നു വ്യാഖ്യാനം
ലണ്ടന്‍: 7000 ബ്രിട്ടീഷുകാര്‍ക്ക് ജോലി, പ്രതിരോധ കാര്യത്തില്‍ പുതിയ കച്ചവട ബന്ധങ്ങള്‍, ബ്രിട്ടനില്‍ രണ്ടാം നിരക്കാരായ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിക്കാന്‍ അവസരം, വിവാദത്തിലായ ബ്രിട് കാര്‍ഡ് നടപ്പാക്കാന്‍ ഇന്ത്യയുടെ ആധാര്‍ കാര്‍ഡ് ഫോര്‍മുല, രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് പറയാന്‍ നേട്ടങ്ങള്‍ ഒട്ടേറെ.
ഇത്രയൊക്കെ കാര്യങ്ങള്‍ സാധിച്ചപ്പോള്‍ ഇന്ത്യന്‍ പങ്കാളി നരേന്ദ്ര മോദിക്ക് പകരമായി നല്‍കാന്‍ വലിയ വാഗ്ദാനങ്ങള്‍ ഒന്നും സ്റ്റര്‍മാരുടെ കയ്യില്‍ ഇല്ലായിരുന്നെങ്കിലും നിയമജ്ഞന്‍ കൂടിയായ അദ്ദേഹത്തിന്റെ വാഗ്വിലാസം ഇപ്പോള്‍ മാധ്യമ തലകെട്ടുകളായി നിറയുകയാണ്. അതില്‍ പ്രധാനം ഇന്ത്യയുമായി കച്ചവടത്തില്‍ തെറ്റിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നല്‍കിയ ചത്ത സമ്പദ്വ്യവസ്ഥ എന്ന വിശേഷണം തിരുത്തും മട്ടില്‍ ലോകത്തെ ചലനാത്മകമായ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നാണ് സ്റ്റാര്‍മര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.
ഇതുകൂടാതെ ഇന്ന് നോബല്‍ സമ്മാന ജേതാക്കളുടെ പേര് പുറത്തു വരാനിരിക്കെ അതിനായി ഏറ്റവും കൊതിക്കുന്ന ട്രംപിന് നേരെ ഒരു ഒളിയമ്പ് എറിഞ്ഞു നരേന്ദ്ര മോദി ലോക സമാധാനത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയ ലോക നേതാക്കളില്‍ പ്രധാനിയാണ് എന്ന് പറഞ്ഞതോടെ ഇരട്ട സഹോദരങ്ങളെ പോലെയായ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള കാലാകാലങ്ങളായ സൗഹൃദം പോലും ഒരു ഘട്ടത്തില്‍ മറന്നാണ് സ്റ്റാര്‍മര്‍ മോദിയെ പുകഴ്ത്തിയത്.
ആദ്യമായി ഇന്ത്യയില്‍ എത്തിയ സ്റ്റാര്‍മര്‍ പ്രതീക്ഷിച്ചതിന്റെ പല മടങ്ങു നിറപ്പകിട്ടാര്‍ന്ന വരവേല്‍പ്പ് ലഭിച്ചതോടെ അദ്ദേഹത്തിന്റെ മനം നിറഞ്ഞ വാക്കുകളാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ പുറത്തു വരുന്നത്. ഒരു പക്ഷെ അദ്ദേഹം മനസില്‍ കരുതിയ ഇന്ത്യയേക്കാള്‍ മനോഹരവും വികസിതവും ആയ ഇന്ത്യന്‍ കാഴ്ചകള്‍ കണ്ടതിന്റെ പ്രതിഫലനം കൂടിയാകാം ബ്രിട്ടീഷ് പ്രധാനമന്ത്രിയില്‍ നിന്നും അതിശയിപ്പിക്കുന്ന വാക്കുകളായി പുറത്തു വന്നിരിക്കുന്നത്.
വെറും മൂന്നു മാസം മുന്‍പ് ഒപ്പിട്ട കരാറില്‍ നിന്നുമാണ് ഇത്രയും വേഗത്തില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത് എന്നത് ഇരു ഭാഗത്തിനും ആവേശമായി മാറുന്നുണ്ട്. നിലവില്‍ ആയിരത്തോളം ഇന്ത്യന്‍ കമ്പനികള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കണക്കില്‍ ഇന്ത്യക്ക് ബ്രിട്ടനില്‍ രണ്ടാം സ്ഥാനമാണ്. ഇലട്രിക് വെഹിക്കിള്‍ കമ്പനി യൂണിറ്റ് സോളിഹല്ലിലും കാര്‍ഷിക സാങ്കേതിക സ്ഥാപനം സോമര്‍സെറ്റിലും ഒക്കെ യാഥാര്‍ത്ഥ്യമാകുന്നത് അനേകം പേരുടെ തൊഴില്‍ സ്വപ്നങ്ങള്‍ പൂവണിയിച്ചാണ്. ഇന്ത്യന്‍ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ ടിവിഎസ് മോട്ടോഴ്സ് ആണ് സോലിഹാളില്‍ കമ്പനി തുറക്കുന്നത്.
സെമി കണ്ടക്ടര്‍ ഉത്പാദകരായ സെയ്നെറ്റ് 300 പേര്‍ക്ക് ജോലി നല്‍കുന്ന സാങ്കേതിക സ്ഥാപനം ആരംഭിക്കും. സോമര്‍സെറ്റില്‍ കമ്പനി തുടങ്ങുന്നത് അതുല്‍ ഡേറ്റ് പാം ഡെവലപ്‌മെന്റ് എന്ന സ്ഥാപനമാണ്. 11 മില്യണ്‍ പൗണ്ട് നിക്ഷേപമാണ് ഇവര്‍ നടത്തുന്നത്. ലണ്ടനിലും ലീഡ്സിലും എ ഐ സ്ഥാപനം തുടങ്ങാന്‍ മസ്‌തേക് തയ്യാറാകുന്നത് രണ്ടു മില്യണ്‍ പൗണ്ട് നിക്ഷേപവും ആയിട്ടാണ്. ലണ്ടനിലും കാര്‍ഡിഫിലും ഓര്‍ത്തോപീഡിക് ഉപകരണ നിര്‍മാണം ലക്ഷ്യം വയ്ക്കുന്നത് നിയോ സെലിറ്റിക് ഗ്ലോബല്‍ ലിമിറ്റഡ് ആണ്. ഇവര്‍ അഞ്ചു മില്യണ്‍ പൗണ്ട് ആണ് നിക്ഷേപിക്കുന്നത്. സപ്ലൈ ചെയിന്‍ സ്ഥാപനമായ അല്‍ഗോര്‍ ലോജിസ്റ്റിക് ലണ്ടനിലും ലിവര്‍പൂളിലും 250 പേര്‍ക്ക് ജോലി നല്‍കാന്‍ കെല്‍പുള്ള കമ്പനികള്‍ ആരംഭിക്കുന്നത് നാലു മില്യണ്‍ പൗണ്ട് നിഷേപത്തോടെയാണ്.
Regional breakdown of jobs:
Region Number of jobs
East Midlands 498
East of England 120
London 2591
North West 1535
Scotland 125
South East 795
South West 194
Wales 175
West Midlands 567
Yorkshire and the Humber 201
Total 6801
64 ഇന്ത്യന്‍ കമ്പനികള്‍ ചേര്‍ന്ന് ഒരു ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്താന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയതോടെയാണ് 7000 പേര്‍ക്ക് യുകെയില്‍ ജോലി ലഭിക്കാന്‍ സാഹചര്യം തയ്യാറാകുന്നത്. ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയ സുസ്ഥിരത ഇത്തരം നീക്കങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത സൃഷ്ടിക്കും എന്നതും ഇരു ഭാഗത്തിനും നേട്ടമായി വിലയിരുത്തപ്പെടുകയാണ്. എഞ്ചിനീയറിംഗ്, ക്രിയേറ്റീവ് ഇന്‍ഡസ്ട്രി, ടെക്നോളജി എന്നീ മേഖലകളിലാണ് യുകെയിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ എത്തുന്നത്. ബേസിംഗ്സ്റ്റോക് മുതല്‍ ബിര്‍മിങ്ഹാം വരെയുള്ള സ്ഥലങ്ങളില്‍ നിക്ഷേപം എത്താന്‍ ധാരണയായി എന്ന് വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ കാത്തിരിപ്പ് പോലും ഉണ്ടാകില്ല എന്നാണ് പുറത്തു വരുന്ന സൂചനകള്‍. യുകെയില്‍ സിനിമ സ്റ്റുഡിയോ തുറക്കാന്‍ തയ്യാറാണ് എന്ന് കഴിഞ്ഞ ദിവസം സ്റ്റാര്‍മറെ കണ്ട യാഷ് ചോപ്ര ഫിലിം കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അക്ഷയ വിധാനി വ്യക്തമാക്കിയിരുന്നു.
കോളടിച്ചതു രണ്ടാം നിരക്കാരായ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ക്ക്, ഇനി കൈ നിറയെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; സമരവും രാഷ്ട്രീയവും നിറഞ്ഞ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്കും ഇനി മാറി ചിന്തിക്കേണ്ടി വരും
ബ്രിട്ടനിലെ രണ്ടാം നിരക്കാര്‍ എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് ലങ്കാസ്റ്റര്‍, യൂണിവേഴ്സിറ്റി ഓഫ് സറെ, യൂണിവേഴ്സിറ്റി ഓഫ് യോര്‍ക്ക്, അബര്‍ഡീന്‍, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍, ബെല്‍ഫാസ്റ്റ്, കവന്‍ട്രി എന്നിവയോടൊപ്പം ഇതിനകം കാമ്പസ് തുറന്ന യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടണ്‍ എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തേടി എത്തുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള 40 മില്യണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളിലാണ് ഈ യൂണിവേഴ്‌സിറ്റികളുടെ കണ്ണ്.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ വിദ്യാര്‍ത്ഥികളുടെ എണ്ണം 70 മില്യണായി മാറും. ഉയര്‍ന്ന ഫീസ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ എത്താതെ ബ്രിട്ടീഷ് പഠനം സാധ്യമാക്കാം എന്ന നേട്ടമാണ് ഇവരിലൂടെ യൂണിവേഴിസിറ്റികള്‍ കണ്ണ് വയ്ക്കുന്നത്. കുടിയേറ്റം വലിയ ചര്‍ച്ചയും പ്രതിസന്ധിയും ആയി മാറിയ ബ്രിട്ടനില്‍ ഇനി യൂണിവേഴ്‌സിറ്റികള്‍ക്ക് മുന്‍പില്‍ ഇത് മാത്രമാണ് പിടിച്ചു നില്‍ക്കാനുള്ള ഏക വഴി. മറുഭാഗത്ത് ഇന്ത്യയ്ക്ക് തങ്ങളുടെ വളര്‍ച്ച നിലനിര്‍ത്താനും മുന്നോട്ടു പോകാനും ലക്ഷക്കണക്കിന് പ്രൊഫഷണലുകളെ ആവശ്യമായി വരുന്നതിനാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന വിദ്യാഭ്യാസ സൗകര്യം ഇന്ത്യയില്‍ തന്നെ ഒരുക്കിയെടുക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരും.
മികച്ച അധ്യാപകരുടെ കുറവും ലോകമൊട്ടാകെ അംഗീകരിക്കുന്ന ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസത്തിന്റെ നേട്ടവും ഇതിലൂടെ സാധ്യമാക്കുക മാത്രമല്ല, വിദേശത്തു പോയി പഠിക്കുന്നതിനുള്ള ഭാരിച്ച ചിലവും വിദ്യാര്‍ത്ഥികള്‍ക്കും അതുവഴി ഇന്ത്യയ്ക്കും ലാഭമായി മാറും. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ട്യൂഷന്‍ ഫീ മാത്രം നല്‍കിയാല്‍ മതിയാകും എന്നതാണ് വിദ്യാര്‍ത്ഥികളുടെ നേട്ടം. പഠനകാലം യുകെയില്‍ കഴിയാനുള്ള വമ്പന്‍ ചിലവ് ലാഭിക്കാനാകും.
വിദേശ വിദ്യാഭ്യാസം എന്നത് ശരാശരി വിദ്യാര്‍ത്ഥികള്‍ക്കൊക്കെ ഇതിലൂടെ സ്വപ്നം കാണാനും കഴിയും. ഇത്തരത്തില്‍ ഇരു ഭാഗത്തിനും വലിയ നേട്ടങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്. രാഷ്ട്രീയവും സമര കോലാഹലവും നിറഞ്ഞ ഇന്ത്യന്‍ കാമ്പസുകള്‍ക്ക് ഇനി മാറി ചിന്തിക്കേണ്ട സാഹചര്യവും ഉടനുണ്ടാകും. കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് അടക്കം അടിമുടി മാറി ചിന്തിക്കേണ്ട സാഹചര്യമാണ് വിദേശ സര്‍വ്വകലാശാലകളുടെ വരവ് നല്‍കുന്ന മുന്നറിയിപ്പ്.
ട്രംപ് പറഞ്ഞതിന് നേര്‍ വിപരീതം, മോദിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം, ഒരമ്മ പെറ്റ ഇരട്ടകളെ പോലുള്ളവര്‍ക്ക് ഇനിയെന്ത് സംഭവിക്കും?
കച്ചവട കരാര്‍ പാളിയതോടെ കോപാകുലനായ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞത് ഇന്ത്യന്‍ എക്കണോമി ചത്തതിന് തുല്യമാണ് എന്നാണ്. എന്നാല്‍ ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍ പറഞ്ഞത് ഇന്ത്യ ലോകത്തെ ഏറ്റവും ചലിക്കുന്ന എകണോമിയില്‍ ഒന്നാണ് എന്നും. മാത്രമല്ല മൂന്നു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തി ആയി മാറുകയാണ് എന്ന പ്രഖ്യാപനത്തിനും ഒരു മടിയും കൂടാതെ അദ്ദേഹം തയ്യാറായത് ആ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ചെവിയില്‍ എത്തും എന്നറിഞ്ഞു തന്നെയാണ്.
സാധാരണ ഗതിയില്‍ ആഗോള നയതന്ത്ര കാര്യങ്ങളില്‍ അമേരിക്കയും ബ്രിട്ടനും എല്ലാകാലത്തും ഒരമ്മ പെറ്റ ഇരട്ടകളെ പോലെയാണ് നിലപാടുകള്‍ എടുക്കുക. ഒരാള്‍ പറയുന്നത് മറ്റേ കൂട്ടര്‍ക്കും സ്വീകാര്യമോ എന്ന് പോലും നോക്കേണ്ട കാര്യമില്ല. എന്തിന് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസേര്‍വ് നാണയ വിപണിയില്‍ സുപ്രധാന തീരുമാനം എടുക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന നയങ്ങളാണ് ബ്രിട്ടീഷ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നതും. ഇതോടൊപ്പം ട്രംപിന് കൂടുതല്‍ പ്രകോപനം ആകാവുന്ന മറ്റൊരു പ്രസ്താവനയും സ്റ്റാര്‍മറുടെ നാക്കില്‍ നിന്നും പുറത്തു വന്നു.
യുക്രൈയിനിലും ഗാസയിലും സമാധാനം എത്തിക്കാന്‍ മോദി നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹത്തെയും ഇന്ത്യയെയും ലോകത്തിനു മുന്നില്‍ ആദരവോടെ കാണാന്‍ പ്രേരിപ്പിക്കും എന്നതും അബദ്ധത്തില്‍ പിറന്നു വീണതാകാന്‍ ഇടയില്ല. ലോക സമാധാനത്തിന്റെ ഏക വക്താവ് താനാണ് എന്ന സ്വയം പ്രഖ്യാപനവും ആയി ട്രംപ് നടക്കുമ്പോള്‍ അദ്ദേഹത്തെ അക്കാര്യത്തില്‍ സഹായിക്കാനോ തുണയ്ക്കാനോ ബ്രിട്ടന്‍ തയ്യാറായിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ചുരുക്കത്തില്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി പറഞ്ഞതെല്ലാം ട്രംപിനെ ചൊടിപ്പിക്കാന്‍ കാരണമാകുന്ന വാക്കുകള്‍ തന്നെയാണ്.
ഇത്തരത്തില്‍ ഏക മനസോടെയുള്ള നീക്കമാണ് കാലാകാലങ്ങളായി അമേരിക്കയ്ക്കും ബ്രിട്ടനും തമ്മിലുള്ളത്. എന്നാല്‍ മാറുന്ന ലോക ക്രമത്തില്‍ ബ്രിട്ടന് അമേരിക്കയില്‍ നിന്നും കാര്യമായ സാമ്പത്തിക നേട്ടത്തിന് സാധ്യതയില്ല എന്ന തിരിച്ചറിവാണ് ഇപ്പോള്‍ സ്റ്റാര്‍മറും ബ്രിട്ടനും നേടുന്നത്. നേരെ മറിച്ചു ഇന്ത്യയില്‍ നിന്നാകട്ടെ നേട്ടങ്ങളുടെയും കച്ചവടത്തിന്റെയും വമ്പന്‍ സാധ്യതകളും. മറ്റൊരു രാജ്യം അതില്‍ കൈവയ്ക്കും മുന്‍പ് എന്ത് കൊണ്ട് അത് ബ്രിട്ടന് തന്നെ ആയിക്കൂടാ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് സ്റ്റാര്‍മര്‍ രണ്ടു ദിവസത്തേക്ക് ഇന്ത്യയില്‍ എത്തിയത്. മാത്രവുമല്ല, ബ്രിട്ടന് മുന്‍പില്‍ വേറെ അധികം വഴികള്‍ ഇല്ലെന്നതും മനസ് തുറന്നു മോദിയെ പുകഴ്ത്തുന്നിടം വരെ എത്തിച്ചിരിക്കുകയാണ് കാര്യങ്ങള്‍. താന്‍ ഇന്ത്യയില്‍ കണ്ടതൊക്കെ വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിന്റെ മായിക വേഗതയാണെന്നും സ്റ്റാര്‍മര്‍ പറഞ്ഞത് വെറും വാക്കാകാനും സാധ്യതയില്ല.
ബ്രക്‌സിറ്റോടെ ബ്രിട്ടന്റെ ബിസിനസ് ലോകം തകര്‍ന്നു തരിപ്പണമായി നില്‍ക്കുന്ന കാഴ്ച മറ്റാരേക്കാളും നന്നായി അറിയാവുന്നതാണ് സ്റ്റാര്‍മര്‍ക്ക് എന്ന വാസ്തവമാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മോദി സ്തുതിയായി പിറന്നു വീണത്. സ്റ്റാര്‍മര്‍ക്ക് ഒപ്പം ഇന്ത്യയിലേക്ക് പറന്ന ബിസിനസ് ബ്രാന്‍ഡുകളുടെ തലവന്മാര്‍ അദ്ദേഹത്തോട് പറഞ്ഞത് തങ്ങളുടെ 90 ശതമാനം യുകെ ബിസിനസും കൈവിട്ടു പോയെന്നും അതിപ്പോള്‍ കിട്ടുന്നത് ഇന്ത്യ പോലെയുള്ള വിപണിയില്‍ നിന്നും ആണെന്നതും മറന്ന് ഒരു വാക്ക് പോലും പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. മാത്രമല്ല ഈ ട്രിപ്പിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിശ്വാസം ബ്രിട്ടീഷ് ബിസിനസ് ലോകത്തു വളരണം എന്ന ആഗ്രഹം കൂടിയാണ് തങ്ങളെ ഈ ട്രിപ്പില്‍ സ്റ്റാര്‍മര്‍ക്ക് ഒപ്പം യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നും കമ്പനി ചീഫ് എക്‌സിക്യൂട്ടീവുകള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തോട് തുറന്നടിച്ചിരുന്നു.