ഈ വൈറസ് 2023 ലും 2024 ലും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ്; ക്ലസ്റ്ററിംഗ് കണ്ടാല്‍ പ്രതിരോധം ശക്തമാകും; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍; എച്ച് എം പി വി വൈറസ് ചെറുക്കാന്‍ കേരളം സജ്ജം

Update: 2025-01-06 07:45 GMT

തിരുവനന്തപുരം: എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നടപടികളും മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന  പറഞ്ഞു. ഈ വൈറസ് 2023 ലും 2024 ലും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ സാന്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. രോഗം ഇതുവരെയ്ക്കും ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

എവിടെയെങ്കിലും ക്ലസ്റ്ററിംഗ് കണ്ടാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന സംവിധാനം കേരളത്തില്‍ സജ്ജമാണ്. ഭീതിയുടെയും ആശങ്കയുടെയും ആവശ്യമില്ലെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരുവില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കു വിദേശയാത്രാ പശ്ചാത്തലമില്ല. പരിശോധനയില്‍ കുട്ടികള്‍ പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കര്‍ണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്.

എട്ടുമാസം പ്രായമുള്ള കുട്ടിയെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ വ്യാപകമായ എച്ച്എംപിവിയുടെ അതേ വര്‍ഗത്തില്‍പ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമല്ല. എച്ച്എംപിവിയെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കണം. ചുമയോ പനിയോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാന ആരോഗ്യ വകുപ്പും നിരീക്ഷണം തുടങ്ങുന്നത്.

ചൈനയില്‍ രോഗബാധ വര്‍ധിക്കുന്നതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്‍ഫ്‌ലുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും പടര്‍ന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണു വിവരം.

ഫ്‌ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.

Tags:    

Similar News