എന്‍ എം വിജയന്റെ കത്ത് വ്യാജമെന്ന മട്ടിലാണ് നേതാക്കളുടെ സംസാരം; അച്ഛന്റെ കയ്യക്ഷരമല്ലെന്നും കത്തിലെ ഉള്ളടക്കത്തിന് വ്യക്തതയില്ലെന്നും ആയിരുന്നു വി ഡി സതീശന്റെ മറുപടി; സതീശനും സുധാകരനും കത്ത് കണ്ടില്ലെന്ന വാദം തെറ്റ്; മരണ ശേഷം ആരും വിളിക്കുക പോലും ചെയ്തില്ല; ഗുരുതര ആരോപണവുമായി കുടുംബം

ഗുരുതര ആരോപണവുമായി എന്‍ എം വിജയന്റെ കുടുംബം

Update: 2025-01-07 16:04 GMT

കല്‍പറ്റ:വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കുടുംബം രംഗത്തെത്തി. മരണത്തിന് കാരണം കുടുംബ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തിയെന്ന് ബന്ധുക്കള്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. വിഡി സതീശനും കെ സുധാകരനും കത്തുകള്‍ നല്‍കിയിരുന്നു. കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണ്. എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിച്ചു.

അച്ഛന്‍ മരണത്തിന് മുമ്പ് എഴുതിയ കത്ത് വ്യാജമാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന് മരുമകള്‍ പത്മജ ആരോപിച്ചു. കത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. അച്ഛന്റെ കൈയ്യക്ഷരമല്ല എന്നൊക്കെ പറയുമ്പോള്‍ ഇനി അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും അവര്‍ ചോദിച്ചു. അന്വേഷണമുണ്ടായപ്പോള്‍ കൊടുക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് കത്ത് പോലീസിന് കൈമാറിയതെന്ന് മകന്‍ വിജീഷും പറഞ്ഞു.

കത്തിലെ ഉള്ളടക്കത്തിന് വ്യക്തതയില്ല, ഇതില്‍ പാര്‍ട്ടിയല്ല വ്യക്തികളാണ് എന്നായിരുന്നു സതീശന്റെ മറുപടി. ചെയ്യാം നോക്കാം എന്നൊക്കെയാണ് മറ്റുള്ളവരും പറഞ്ഞത്. എന്നാല്‍, പിന്നീട് മറുപടിയൊന്നും ഉണ്ടായില്ല. നേതാക്കള്‍ ഞങ്ങളെയൊന്ന് വിളിച്ച്, കൂടെയുണ്ടെന്ന് ഒരുവാക്ക് പറഞ്ഞാല്‍ മതിയായിരുന്നു. ആ പ്രതീക്ഷ ഇല്ലാതായതോടെയാണ് മാധ്യമങ്ങള്‍ക്കും പോലീസ് മേധാവിക്കും കത്ത് കൈമാറിയത്. വയനാട്ടിലെ നേതാക്കളും തിരിഞ്ഞുനോക്കിയില്ല. അച്ഛന്‍ മരിച്ച ശേഷം ആരും വിളിക്കുക പോലും ചെയ്തില്ലെന്നും പത്മജ പറഞ്ഞു.

'ഭീഷണിയുടെ സ്വരം ഈയൊരു അവസ്ഥയില്‍ ഞങ്ങള്‍ക്ക് ഉണ്ടാവുമോ? മറ്റ് വഴികളില്ലാത്തത് കൊണ്ടാണ് സഞ്ചയനത്തിന്റെ പിറ്റേ ദിവസം ഞങ്ങള്‍ പോയതുതന്നെ. അത്രയും വലിയ ആളുകളുടെ മുന്നില്‍ ഞങ്ങള്‍ എന്ത് ഭീഷണിപ്പെടുത്താനാണ്, ഞങ്ങള്‍ സാധാരണക്കാരല്ലേ?', പത്മജ ചോദിച്ചു.

കത്ത് പുറത്തുവന്നതിന് പിന്നാലെ കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചോദിച്ചപ്പോള്‍, അവര്‍ക്ക് മറ്റെന്തെങ്കിലും താത്പര്യമുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോപ്പി ടു വി.ഡി. സതീശന്‍ എന്ന് എഴുതിയത് എം.എന്‍. വിജയനല്ല. അത് വേറൊരു മഷിയിലാണ് എഴുതിയത്. അത് പിന്നീട് ആരെങ്കിലും എഴുതിച്ചേര്‍ത്തതാവാം. അദ്ദേഹം തന്നെ എഴുതിയതാവാം. കത്തിലെ ചില കാര്യങ്ങളില്‍ ക്ലാരിറ്റിയില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.

കെ സുധാകരനെ കത്ത് വായിച്ച് കേള്‍പ്പിച്ചു.. ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തുകളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പേരുകള്‍ പരാമര്‍ശിച്ച കത്ത് കണ്ടതിന് ശേഷം രണ്ട് പേരുടെയും സമീപനം മാറി. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി നടന്നിട്ട് അനുശോചനം രേഖപ്പെടുത്താന്‍ പോലും നേതാക്കള്‍ വിളിച്ചില്ലെന്നും കുടുംബം പറയുന്നു.

ഐസി ബാലകൃഷ്ണനും ഇപ്പോഴത്തെ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഡിപി രാജശേഖരനും കേസ് വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെന്നും എന്‍ എം വിജയന്റെ കുടുംബം ആരോപിക്കുന്നു. കുടുംബത്തിനെതിരെ കുപ്രചാരണം ഉണ്ടായി. എന്‍ എം വിജയന്‍ കടക്കാരന്‍ ആയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. പാര്‍ട്ടിക്കാര്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. ആത്മഹത്യാക്കുറിപ്പ് ഉണ്ടെങ്കില്‍ കൈമാറണമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.

Tags:    

Similar News