വന്ദേഭാരത് മെട്രോ ട്രെയിനുകളില്‍ ഒന്ന് കേരളത്തിന് അനുവദിക്കാന്‍ സാദ്ധ്യത; പ്രധാനമായും പരിഗണിക്കുന്നത് തിരുവനന്തപുരം-കൊച്ചി റൂട്ട്: സര്‍വീസ് നടത്തുക കോട്ടയം വഴി
വന്ദേഭാരത് മെട്രോ ട്രെയിനുകളില്‍ ഒന്ന് കേരളത്തിന് അനുവദിക്കാന്‍ സാദ്ധ്യത
തിരുവനന്തപുരം: വന്ദേ ഭാരത് മെട്രോ ട്രെയിന്‍ അനുവദിക്കുന്നതില്‍ കേരളവും പരിഗണനയില്‍. ദക്ഷിണ റെയില്‍വേക്ക് അനുവദിക്കുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളില്‍ ഒന്ന് കേരളത്തിന് അനുവദിക്കാന്‍ സാദ്ധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം - കൊച്ചി റൂട്ടിലായിരിക്കും വന്ദേ മെട്രോ സര്‍വീസ് നടത്തുകയെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് കിട്ടുന്ന ആദ്യ വന്ദേമെട്രോ ഓടിക്കുന്നതിനായി പ്രധാനമായും പരിഗണിക്കുക ഈ റൂട്ടിനെ തന്നെ ആയിരിക്കും. തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിലെ തിരക്ക് ഏറിവരുന്നതാണ് ഈ റൂട്ടിനെ പ്രധാനമായും പരിഗണിക്കാനുള്ള കാരണം.
സംസ്ഥാനത്ത് ഏറ്റവും അധികം യാത്രക്കാരുള്ള റെയില്‍വേ റൂട്ടുകളില്‍ ഒന്നാണെന്നതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നതും ഈ റൂട്ട് പരിഗണിക്കുന്നതിന് കാരണങ്ങളാണ്. കോട്ടയത്തിനും എറണാകുളത്തിനും ഇടയിലുള്ള യാത്രാക്ലേശം രൂക്ഷമാണെന്നതാണ് ഇതുവഴി സര്‍വീസ് പരിഗണിക്കുന്നതിലെ പ്രധാന കാരണം. ചെങ്ങന്നൂര്‍ മുതല്‍ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാല്‍ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്‌സ്പ്രസ്. കഴിഞ്ഞ ദിവസം വേണാട് എക്സ്പ്രസിലെ തിരക്ക് കാരണം തിങ്ങി ഞെരുങ്ങി രണ്ട് സ്ത്രീകള്‍ കുഴഞ്ഞ് വീണിരുന്നു. എറണാകുളം കോട്ടയം തിരുവനന്തപുരം റൂട്ടില്‍ യാത്ര വളരെ ദുരിത പൂര്‍ണമാണ്. റോഡ് പണി നടക്കുന്നതും ട്രെയിനിലെ തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. പാലരുവിയിലെ കോച്ചു വര്‍ദ്ധന അല്പം ആശ്വാസം പകര്‍ന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങള്‍ക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനില്‍ കയറാന്‍ പറ്റാതെ ആളുകള്‍ ബുദ്ധിമുട്ടുന്നതിനാല്‍ സിഗ്‌നല്‍ ലഭിച്ചാലും ഗാര്‍ഡിന് ക്ലിയറന്‍സ് കൊടുക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.
തെക്കന്‍ ജില്ലകളില്‍ നിന്ന് മെമു, പാലരുവി, വേണാട് എക്‌സ്പ്രസുകളില്‍ മാത്രം ജോലി ആവശ്യങ്ങള്‍ക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇന്‍ഫോപാര്‍ക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. അതേസമയം വന്ദേഭാരതിനായി ട്രെയിനുകള്‍ പിടിച്ചിടുന്നതും കോച്ചുകള്‍ കുറച്ചതുമാണ് യാത്രാദുരിതത്തിന് കാരണമെന്ന ആക്ഷേപം അധികൃതര്‍ നിഷേധിച്ചു.രാവിലെ കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വേണാട് പാലരുവി ട്രെയിനുകളില്‍ സമാന്യം തിരക്കുണ്ട്. റോഡ് പണി നടക്കുന്നതിനാല്‍ തിരക്ക് കൂടി.
തിങ്കളാഴ്ചകളിലും അവധി തീരുന്ന ദിവസങ്ങളിലുമാണ് കൂടുതല്‍ തിരക്ക്.അതിന് വേണ്ടി പ്രത്യേക സര്‍വീസ് നടത്താന്‍ കഴിയില്ല. വേണാടില്‍ ഐ.സി.എഫ്. കോച്ചുകള്‍ മാറ്റി എല്‍.എച്ച്.ബി ആക്കിയിട്ടുണ്ട്. ഇതോടെ സീറ്റിംഗ് കപ്പാസിറ്റി 98ല്‍ നിന്ന് 104 ആയി. വേണാടിലെ തിരക്ക് പരിഗണിച്ച് പാന്‍ട്രികാര്‍ ഒഴിവാക്കി പാസഞ്ചര്‍ കോച്ച് ഉള്‍പ്പെടുത്തി. ഇതോടെ കോച്ചുകളുടെ എണ്ണം 22ആയി. ഇനിയും കോച്ചുകള്‍ ചേര്‍ത്താല്‍ ട്രെയിന്‍ എന്‍ജിന്‍ വലിക്കില്ല. വേണാടിനും പാലരുവിക്കും ഇടയില്‍ മെമു സര്‍വീസ് പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് സൗകര്യമില്ലാത്തതാണ് തടസം.