2015ല്‍ കേരളത്തില്‍ ദേശീയ ഗെയിംസിന് പൊടിച്ചത് ശതകോടികള്‍; കേരളത്തിന്റെ അത്ലറ്റിക്സ് അതോടെ തകര്‍ന്നെങ്കിലും ശിവശങ്കര്‍ താരമായി; ഇപ്പോഴിതാ കേരളത്തിന്റെ ദേശീയ ഗെയിസ് താരങ്ങള്‍ക്ക് വണ്ടിക്കൂലി പോലും ഇല്ലാത്ത അവസ്ഥ; അര്‍ജന്റീനയെ എത്തിച്ച് 'രാഷ്ട്രീയ ഹാട്രിക്കിന്' ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ കണ്ണു തുറന്നേ മതിയാകൂ; മെസിയെ കൊണ്ടു വരുന്നവര്‍ ഇവര്‍ക്കും മാന്യമായ യാത്രയൊരുക്കണം

Update: 2025-01-12 05:17 GMT

തിരുവനന്തപുരം: 2015ല്‍ ശതകോടികള്‍ മുടക്കിയാണ് തിരുവനന്തപുരത്ത് ദേശീയ ഗെയിംസ് സംഘടിപ്പിച്ചത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പണം ചെലവാക്കല്‍ പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. ഈ ദേശീയ ഗെയിംസോടെ അത്ലറ്റിക്സില്‍ മലയാളി ഒളിമ്പിക്സ് മെഡല്‍ നേടുമെന്ന് പ്രചരിപ്പിച്ചു. പക്ഷേ ആ ഗെയിംസിന് ശേഷം കേരളത്തിന്റെ അത്ലറ്റിക് ശോഷിച്ചു. മലയാളി വനിതാ അത്ലറ്റുകളില്ലാത്ത ഒളിമ്പിക്സുകളുണ്ടായി. പിടി ഉഷയിലും ഷൈനി വില്‍സണിലും അഞ്ജു ബോബി ജോര്‍ജിനും ബോബി അലോഷ്യസിനും കെ എം ബീനാ മോളിനും അപ്പുറത്തേക്ക് മറ്റൊരു കായിക താരം പോലും കഴിഞ്ഞ ആറു കൊല്ലത്തിനിടെ അന്തര്‍ദേശീയ തലത്തില്‍ മലയാളിയുടെ അഭിമാനമായില്ല.

2015ലെ ദേശീയ ഗെയിംസ് കൊണ്ട് വളര്‍ച്ചയുണ്ടായത് ചിലര്‍ക്ക് മാത്രം. സ്വര്‍ണ്ണ കടത്തില്‍ അഴിക്കുള്ളില്‍ കിടന്ന എം ശിവശങ്കരനായിരുന്നു അത് നയിച്ചത്. ശിവശങ്കര്‍ അതിലൂടെ സ്റ്റാറായി. അതിന് പിന്നിലുള്ള പലരും കോടീശ്വരന്മാരായി. പക്ഷേ സ്പോര്‍ട്സ് തളര്‍ന്നു. ഇപ്പോഴിതാ കേരളാ ടീമിന് ദേശീയ ഗെയിംസില്‍ പോകാന്‍ ഫണ്ടു പോലുമില്ല. ലെയണല്‍ മെസിയെ കേരളത്തിലെത്തിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ തൂത്തുവാരന്‍ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കുന്ന കേരളത്തിന്റെ കായിക മന്ത്രി അടിയന്തരമായി ഇടപെടേണ്ടത് ഈ വിഷയമാണ്. മെസി വരുമ്പോള്‍ ആഹ്ലാദിക്കുന്നത് ആരാധകര്‍ മാത്രമാണ്. അതുകൊണ്ട് കേരളത്തിലെ സ്പോര്‍ട്സ് വളരില്ല. മെസിയെ കൊണ്ടുവരുന്നവര്‍ ദേശീയ ഗെയിംസ് എന്ന സ്വപ്‌നം കണ്ട് നടന്ന യുവതാരങ്ങള്‍ക്കും യാത്രയ്ക്ക് സൗകര്യം ഒരുക്കണം.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ 28നാണ് ദേശീയ ഗെയിംസ് ആരംഭിക്കുന്നത്. അറുനൂറോളം ടീം അംഗങ്ങളുടെ യാത്രയാണ് പണം ഇല്ലാത്തിന്റെ പേരില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യമായ മത്സര ഉപകരണങ്ങള്‍ പോലും വാങ്ങാന്‍ ഉതുവരെ കഴിഞ്ഞിട്ടില്ല. ട്രെയിനിന് ടിക്കറ്റ് ഇല്ല. ഫൈ്ളറ്റ് നോക്കുകയാണെങ്കില്‍ 1.35 കോടി രൂപ വേണം. തൊഴില്‍ വകുപ്പിനു കീഴിലുള്ള ഏജന്‍സിയായ ഒഡേപകിനെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സമീപിച്ചെങ്കിലും മുന്‍കൂര്‍ പണം നല്‍കണമെന്നായിരുന്നു മറുപടി.

പരിശീലനത്തിനായി ക്യംപുകള്‍ സംഘടിപ്പിക്കേണ്ട കായിക അസോസിയേഷന്‍ പണമില്ലാതെ വലയുകയാണ്. നിലവില്‍ 6 ഇനങ്ങള്‍ക്ക് മാത്രമാണ് ക്യാംപുകള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭിക്കാത്തതിനാല്‍ സ്പോര്‍ട്സ് കൗണ്‍സിലും കൈമലര്‍ത്തി. പണം കിട്ടാതെ ക്യാംപ് നടത്താനാകില്ലെന്ന നിലപാടിലാണ് പല അസോസിയേഷനുകളും. പരിശീലന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി അതാത് അസോസലിയേഷനെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ മുടക്കുന്ന പണം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. 3 കോടിയോളം രൂപയാണ് ഉപകരണങ്ങള്‍ വാങ്ങാനായി മാത്രം വേണ്ടത്. ഓരോ താരത്തിനുമുള്ള സ്പോര്‍ട്സ് കിറ്റിനും ശരാശരി 20,000 രൂപ വേണം.

പരിശീലന ക്യാംപുകള്‍ക്കും കിറ്റും ഉപകരണങ്ങളും വാങ്ങാനും യാത്രയ്ക്കും അലവന്‍സിനുമായി 9.9 കോടി രൂപയാണു കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഗെയിംസിന് രണ്ടര ആഴ്ച മാത്രം ശേഷിക്കെ ധനവകുപ്പ് കനിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ 10 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 5 കോടിയാണ് അനുവദിച്ചത്. മൂന്നാഴ്ചത്തെയെങ്കിലും പരിശീലന ക്യാംപ് നടത്തിയാലേ ഗുണമുണ്ടാകൂവെന്നു അസോസിയേഷനുകള്‍ പറയുന്നു. ക്യാംപില്‍ ഒരു താരത്തിന് പ്രതിദിന ഭക്ഷണ താമസ അലവന്‍സായി 800 രൂപയാണ് അനുവദിക്കുക. ഇതില്‍ 500 രൂപ ഭക്ഷണത്തിനാണ്. കഴിഞ്ഞ തവണ ക്യാംപുകള്‍ക്കായി 60% തുക മുന്‍കൂറായി നല്‍കിയിരുന്നു.

അതേസമയം, ക്യാംപുകള്‍ തുടങ്ങാനും ഉപകരണങ്ങള്‍ വാങ്ങാനും അസോസിയേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു. കുറച്ച് തുക അഡ്വാന്‍സായി നല്‍കി ഒഡേപക് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രമിക്കുന്നുണ്ട്. പണം അനുവദിച്ചു കിട്ടാന്‍ കാത്തിരിക്കുകയാണെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു.

Tags:    

Similar News