റെറ രജിസ്‌ട്രേഷനില്ലാതെ പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ടൗണ്‍ഷിപ്പ് വികസനം; റിയലൈന്‍ പ്രോപര്‍ട്ടീസിന് ഒരു കോടി രൂപ പിഴ; സ്റ്റോപ്പ് മെമ്മോ നല്‍കാനും റെഗുലേറ്ററി അതോറിറ്റിയില്‍ തീരുമാനം

'ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി' പ്രതിസന്ധിയില്‍

Update: 2024-09-07 11:09 GMT

തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ 22 ഏക്കറോളം ഭൂമിയില്‍ ടൗണ്‍ഷിപ്പ് വികസിപ്പിച്ച് വില്ല, അപാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍ വില്ക്കുന്ന 'റിയലൈന്‍ പ്രോപര്‍ട്ടീസ്' എന്ന പ്രൊമോട്ടര്‍ക്ക് അതോറിറ്റി ഒരു കോടി രൂപ പിഴ വിധിച്ചു.

കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി എന്ന പേരില്‍ വില്ല, അപാര്‍ട്ട്‌മെന്റ് പദ്ധതികള്‍ സമൂഹമാധ്യമങ്ങളിലും പ്രൊമോട്ടറുടെ വെബ്‌സൈറ്റിലും വില്പനയ്ക്കായി പരസ്യപ്പെടുത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈയില്‍ പ്രൊമോട്ടര്‍ക്ക് കെ-റെറ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആഗസ്റ്റ് 16ന് നടന്ന വാദങ്ങള്‍ക്കു ശേഷമാണ് പിഴ വിധിച്ചത്.

ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനകം പദ്ധതി റെറയില്‍ രജിസ്റ്റര്‍ ചെയ്യാനും അതോറിറ്റി വിധിച്ചു. റെറ നിയമം ലംഘിച്ച് വികസന പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ നടക്കുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നല്‍കാനും കോഴിക്കോട് ജില്ല രജിസ്ട്രാറോട് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കരാര്‍, ആധാര രജിസ്‌ട്രേഷനുകള്‍ നിര്‍ത്തി വയ്ക്കാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.

കോഴിക്കോട് പന്തീരാങ്കാവില്‍ പതിനെട്ടോളം ഏക്കറില്‍ 'ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി' എന്ന പേരില്‍ വികസിപ്പിക്കുന്ന വില്ല പദ്ധതിയും അപാര്‍ട്ട്മെന്റ് പദ്ധതിയും റിയലൈന്‍ പ്രോപര്‍ട്ടീസ് ഫെയ്സ്ബുക്കില്‍ പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടികല്‍ തുടങ്ങിയത്. റെറയില്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്നുള്ള യൂണിറ്റുകള്‍ വില്പനയ്ക്കായി പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. റെറ നിയമം സെക്ഷന്‍ 59(1) പ്രകാരം പിഴയീടാക്കാതിരിക്കാനായി കെ-റെറ മുമ്പാകെ മതിയായ കാരണം ബോധിപ്പിക്കാന്‍ അറിയിച്ചു കൊണ്ട് ആദ്യം നോട്ടീസ് നല്‍കി.

കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം പദ്ധതികളില്‍ നിന്ന് പ്ലോട്ടോ വില്ലയോ അപാര്‍ട്ട്മെന്റോ വാങ്ങിയാല്‍ ഭാവിയില്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കെ-റെറ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News