ഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; 'കേരള യുദ്ധം' തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്‍ത്ഥികള്‍

Update: 2025-07-14 03:48 GMT

തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാലയില്‍ പ്രതിസന്ധി അതിരൂക്ഷം. താല്‍കാലിക വൈസ് ചാന്‍സലറയാ ഡോ മോഹന്‍ കുന്നുമ്മലിന് സര്‍വ്വകലാശാലയില്‍ പ്രവേശിക്കാന്‍ പോലും കഴിയുന്നില്ല. ഇതോടെ സര്‍ട്ടിഫക്കറ്റുകളുടെ ഒപ്പിടല്‍ പോലും അനിശ്ചിതത്വത്തിലായി. അതിനിടെ കേരള സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പ്രവേശന നടപടികളിലേക്ക് കടക്കാതെ മനപ്പൂര്‍വ്വം ഫയലുകള്‍ വൈകിച്ച് താല്‍ക്കാലിക വൈസ്ചാന്‍സലര്‍ എല്ലാം അട്ടിമറിക്കുന്നുവെന്നും ആരോപണമുണ്ട്. നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ സര്‍വകലാശാല/കോളേജ് മാറ്റങ്ങളും നടക്കുന്ന സെമസ്റ്ററില്‍ ഇതെല്ലാം തടസ്സപ്പെടുത്തി ഓണ്‍ലൈന്‍ സര്‍വീസ് പ്രൊവൈഡറെയടക്കം മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.

പൂര്‍ണമായും ഓണ്‍ലൈന്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേരള സര്‍വകലാശാലയില്‍ സര്‍വീസ് പ്രൊവൈഡറെ മാറ്റാനുള്ള നീക്കം അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് ഇടതുപക്ഷം പറയുന്നു. സിന്‍ഡിക്കറ്റിന്റെ തീരുമാനങ്ങളെ എതിര്‍ത്താണ് വിസിമാരുടെ സ്വേഛാധിപത്യ നിലപാടെന്നാണ് ഇടതുപക്ഷ നിലപാട്. കേരള സര്‍വകലാശാലയില്‍ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നെന്ന് വാര്‍ത്ത സൃഷ്ടിക്കാനാണ് താല്‍ക്കാലിക വിസി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ ശ്രമം. റഷ്യന്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തി അഞ്ച് ദിവസമായിട്ടും സര്‍വകലാശാലയിലേക്ക് വരാന്‍ വിസി കൂട്ടാക്കത്തതും ഇതിന്റെ ഭാഗമായാണെന്നാണ് ആരോപണം. എന്നാല്‍ വിസി എത്തിയാല്‍ തടയുമെന്നാണ് എസ് എഫ് ഐയുടെ പ്രഖ്യാപനം. ഇത് സംഘര്‍ഷമാകും. ഇതിനെ മറികടക്കാനാണ് വിസി സര്‍വ്വകലാശാലയിലേക്ക് വരാത്തത്.

രണ്ടുവര്‍ഷമായി കേരളയുടെ താല്‍ക്കാലിക ചുമതലയിലുള്ള മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയില്‍ നൂറുദിവസംപോലും എത്തിയിട്ടില്ല. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം തുടര്‍ച്ചയായി സര്‍വകലാശാലയില്‍ എത്തിയിട്ടില്ല. അഞ്ച് ദിവസത്തേക്ക് അവധി അപേക്ഷ നല്‍കി, ഡോ. സിസ തോമസിന് കേരളയില്‍ അവസരമൊരുക്കിയതും മോഹനനാണെന്നാണ് സിപിഎം ആരോപണം.

ചട്ടവിരുദ്ധമായി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യല്‍, സ്ഥാനമാറ്റം തുടങ്ങിയ നിരവധി നിയമവരുദ്ധപ്രവര്‍ത്തനങ്ങളാണ് ഇരുവരും രണ്ടാഴ്ചകൊണ്ട് നടത്തിയത്. ഇതിനെതിരെയാണ് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധമെന്ന് സിപിഎമ്മും വിശദീകരിക്കുന്നു.

നേരത്തെ കേരള സര്‍വകലാശാലയില്‍ പകരം രജിസ്ട്രാറായി ചുമതലനല്‍കിയ മിനി കാപ്പനോട് ചുമതലയേറ്റെടുക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചിരുന്നു. വിസി സസ്‌പെന്‍ഡ് ചെയ്യുകയും സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്ത രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയില്‍ ജോലിക്കെത്തുന്നുണ്ട്. അത് വിസി അംഗീകരിക്കുന്നില്ല. എന്നാല്‍, വിവാദങ്ങളുടെ സാഹചര്യത്തില്‍ ചുമതല ഏല്‍ക്കുന്നില്ലെന്ന് മിനി, വിസിയെ അറിയിച്ചിരുന്നു. ഇത് നിരാകരിച്ചാണ് ചുമതല ഏറ്റെടുക്കാന്‍ വിസി നിര്‍ദേശം നല്‍കിയത്.

മിനി കാപ്പന്‍ വഴി വരുന്ന ഫയലുകള്‍ മാത്രമേ പരിഗണിക്കൂവെന്നാണ് വിസി അറിയിച്ചിരിക്കുന്നത്. അനില്‍കുമാറിന്റെ രജിസ്ട്രാര്‍ ഐഡി വിച്ഛേദിച്ച് മിനി കാപ്പന് മാറ്റിനല്‍കിയെങ്കിലും അതനുസരിച്ച് ഈ ഫയല്‍ സിസ്റ്റത്തില്‍ മാറ്റംവരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറായിട്ടില്ല. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് ഏജന്‍സി വഴങ്ങിയാണ് ഇതെന്നാണ് സൂചന. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം സര്‍വകലാശാല ചുമതലപ്പെടുത്തിയിട്ടുള്ള നോഡല്‍ ഓഫീസര്‍ അനില്‍കുമാറിന് ഫയലുകള്‍ ലഭിക്കത്തക്കരീതിയില്‍ അയക്കാന്‍ സിസ്റ്റത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്.

കെല്‍ട്രോണ്‍ നിര്‍ദേശം നല്‍കിയാല്‍മാത്രമേ വിസിയുടെ ഉത്തരവ് നടപ്പാക്കാനാകൂവെന്ന നിലപാടിലാണ് സ്വകാര്യകമ്പനി. ഈ സാഹചര്യത്തിലാണ് സര്‍വ്വീസ് പ്രൊവൈഡറെ മാറ്റാനുള്ള വിസിയുടെ ശ്രമം. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ സര്‍വകലാശാല പോകുമ്പോഴും ആഴ്ചകളായി വി സി ഓഫീസില്‍ എത്തിയിട്ടില്ല. സുരക്ഷ ഉറപ്പാക്കാതെ എത്താന്‍ ആകില്ലെന്ന് നിലപാടിലാണ് വിസി. ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും വിജയിച്ചിട്ടില്ല. നിലവില്‍ നല്‍കിയ കരാര്‍ മറികടന്ന് പുതിയ സോഫ്റ്റ് വെയര്‍ തയ്യാറാക്കല്‍ പ്രായോഗികമല്ല എന്നാണ് വിലയിരുത്തല്‍. മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് എസ്എഫ്ഐയുടെ തീരുമാനം.

Tags:    

Similar News