സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡിക്ക് ശുപാര്‍ശ; എസ്എഫ്‌ഐ നേതാവിന്റെ ശുപാര്‍ശ റദ്ദാക്കണമെന്ന് വിസിക്ക് പരാതി; ഓപ്പണ്‍ ഡിഫന്‍സില്‍ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടിയില്ലെന്ന് വകുപ്പ് മേധാവി; കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ വിവാദം
സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡിക്ക് ശുപാര്‍ശ
തിരുവനന്തപുരം: സംസ്‌കൃതം അറിയാത്ത വിദ്യാര്‍ത്ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ ശുപാര്‍ശ ചെയ്ത എസ്.എഫ്.ഐ നേതാവ് വിപിന്‍ വിജയന് എതിരെ പരാതി ഉയര്‍ന്നതോടെ വിവാദം. മൂല്യനിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്റെ ശുപാര്‍ശ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വകുപ്പ് മേധാവി വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍, 'സദ്ഗുരു സര്‍വസ്വം, ഒരു പഠനം' എന്ന പേരില്‍ ചട്ടമ്പിസ്വാമികളെക്കുറിച്ചുള്ള വിഷയത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡി നല്‍കാനുള്ള ശുപാര്‍ശയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പരാതിയില്‍ പറയുന്നതനുസരിച്ച്, ഓപ്പണ്‍ ഡിഫന്‍സില്‍ വിദ്യാര്‍ത്ഥിക്ക് ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, വിദ്യാര്‍ത്ഥിക്ക് സംസ്‌കൃതത്തില്‍ അറിവില്ലെന്നും വകുപ്പ് മേധാവി വ്യക്തമാക്കുന്നു.
ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. വിഷയത്തില്‍ രജിസ്ട്രാര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നിവര്‍ക്ക് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിയില്‍ പ്രതികരണവുമായി വിപിന്‍ വിജയനും രംഗത്തെത്തി. പരാതിക്ക് പിന്നില്‍ ഒരു അധ്യാപികയുടെ വ്യക്തിവിരോധമാണെന്ന് അദ്ദേഹം ആരോപിച്ചു. കാര്യവട്ടം ക്യാമ്പസിലെ ഗവേഷക യൂണിയന്‍ ഭാരവാഹിയാണ് വിപിന്‍ വിജയന്‍. എന്നാല്‍, വിപിന്‍ വിജയന്‍ നിലവില്‍ എസ്.എഫ്.ഐയുമായി ബന്ധമില്ലെന്നും, ആറുവര്‍ഷം മുന്‍പ് റിസര്‍ച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നുവെന്നും ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി.
കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വകുപ്പ് മേധാവിയായ ഡോ. സി.എന്‍. വിജയകുമാരിയാണ് വൈസ് ചാന്‍സലര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കിയത്.