സുഖമില്ലാത്ത ആളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സിന് പോലും എത്താന്‍ പറ്റാത്ത അവസ്ഥ; ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വന്ന് നോക്കിയെങ്കിലും വെള്ളം പമ്പ് ചെയ്തു കളയുവാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ തിരികെ പോയി; ഇത് കിടങ്ങാംപറമ്പിലെ ദയനീയാവസ്ഥ; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും മുക്കുന്നുവോ? കൈയ്യറ്റത്തെ സഹായിക്കുന്ന എംഎല്‍എ ആര്?
ആലപ്പുഴ:കിടങ്ങാംപറമ്പ് വാര്‍ഡിലെ (പഴയ സനാതനം വാര്‍ഡ്) കയര്‍ മെഷീന് ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റം മഴയോടെ വെള്ളക്കെട്ടിലായി. സുഖമില്ലാത്ത ആളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സിന് പോലും എത്താന്‍ പറ്റാത്ത അവസ്ഥയാണ്. മഴവെള്ളം ഒഴുകിപ്പോകാത്തതിനാല്‍ ഈ ഭാഗത്തുള്ള വീടുകളുടെ മുറ്റത്ത് വലിയ വെള്ളകെട്ടായി മാറുകയാണ്. കഴിഞ്ഞ ദിവസം ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വന്ന് നോക്കിയെങ്കിലും വെള്ളം പമ്പ് ചെയ്തു കളയുവാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ അവര്‍ തിരികെ പോയി. ഈ വിവരം അവര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റിനെ അറിയിക്കുമെന്നും പറഞ്ഞു.
ഇനിയും മഴ കനക്കുമ്പോള്‍ വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കേറും. 2024 നവംബര്‍ മാസം തന്നെ ഈ കൈയ്യേറ്റം ഒഴിപ്പിച്ച് നഗരസഭ നീര്ച്ചാല് പുനസ്ഥാപിക്കേണ്ടതായിരുന്നു. ഈ നീര്ച്ചാല് വിഷയത്തില്‍ 2024 ഡിസംബര്‍ 10 നും, 2025 ജനുവരി 27 നും രണ്ട് പരാതികള്‍ നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫയലുകള്‍ ആലപ്പുഴ കളക്ടറേറ്റിലേക്ക് വന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല, ഫയല്‍ മുക്കി. എന്നാല്‍ ഇതിനു മുന്‍പും സനാതനം വാര്‍ഡിലുള്ളവര്‍ ആലപ്പുഴ നഗരസഭയിലോ മറ്റു ഡിപ്പാര്‍ട്ട്മെന്റിലോ പറഞ്ഞിട്ട് നടക്കാത്ത ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത ഉടനെ തന്നെ നടന്നിട്ടുണ്ട്. ഇവിടെ ഇടപെടലൊന്നും നടക്കാത്തതാണ് നാട്ടുകാരേയും അമ്പരപ്പിക്കുന്നത്.
സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചാലുടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിളിക്കും, അതിന്റെ പേപ്പറുകളും തപാലില്‍ കിട്ടും, ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ കാര്യങ്ങളും ചെയ്തുകിട്ടും. എന്നാല്‍ കിടങ്ങാംപറമ്പ് വാര്‍ഡിലെ നീര്ച്ചാല് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആലപ്പുഴയ്ക്ക് വന്ന ഫയലുകളില്‍ അഞ്ചര മാസത്തിനു മേലായി നടപടി ഉണ്ടായില്ല. ആ ഫയലുകള്‍ മുക്കി എന്ന് വ്യക്തം. കൈയ്യേറ്റക്കാര്‍ സമ്പന്നരായതുകൊണ്ട് കൊണ്ട് മാത്രം നടപടിയുണ്ടായില്ല. കൈയ്യേറ്റത്തിനെതിരെ നാട്ടുകാര്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസിന് ഇതുവരെ കൗണ്ടര്‍ പോലും ഈ കൈയ്യേറ്റക്കാര്‍ ഫയല്‍ ചെയ്തിട്ടില്ല. ഇതില്‍ നിന്നും 2024 നവംബര്‍ മാസം ഒഴിപ്പിക്കേണ്ട ഈ കൈയ്യേറ്റം മനഃപൂര്‍വം ഒഴിപ്പിക്കാഞ്ഞതാണെന്ന് ഉറപ്പിക്കാം.
ഇതിനിടയില്‍ ആരോ ചിലര്‍ വേറൊരു വല്ല്യ നാടകവും നടത്താന്‍ നോക്കി. നീര്ച്ചാല് പുനസ്ഥാപിക്കാന്‍ 'ശാസ്ത്ര സാഹിത്യ പരിഷത്ത്കാരുടെ ധര്‍ണ', എന്തോ നല്ല കാലാവസ്ഥ ആയിരുന്നെങ്കിലും ധര്‍ണ മാറ്റിവെച്ചു. മാറ്റിവച്ചത് എന്തുകൊണ്ടെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് അറിയില്ല.ഈ മഴക്കാലത്തും കൈയ്യേറ്റക്കാരില്‍ ഒരാളായ എസ് എം സില്‍ക്സ് ഉടമസ്ഥന് ആല്‍ഫ കോളേജിന്റെ പടിഞ്ഞാറ് ഒരു മതില് നല്ല പൊക്കത്തില്‍ കെട്ടി പൊക്കി. ഈ വിവരം നഗരസഭയെ അറിയിച്ചിട്ട് ഒരു കാര്യവുമില്ല എന്നറിയാമെങ്കിലും നാട്ടുകാര്‍ നഗരസഭയെ അറിയിച്ചിട്ടുണ്ടെന്നും പ്രദേശ വാസി പറയുന്നു.
റവന്യൂ, നഗരസഭ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്ക് ആദ്യം മുതല്‍ ഈ വാര്‍ഡിലെ പ്രശ്നങ്ങളെ കുറിച്ച് അയച്ച പരാതികളുടെ കോപ്പിയും, 2024 ല്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് പരാതിയും ആലപ്പുഴയില്‍ വന്നപ്പോള്‍ നടപടി എടുപ്പിക്കാതെ പരാതികള്‍ മുക്കിയവരെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും വിശദമായ ഒരു പരാതി കൂടി മുഖ്യമന്ത്രിക്ക് നല്‍കുകയാണ് നാട്ടുകാര്‍. കൈയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ തരികിട കാണിക്കാതെ കറക്റ്റ് അളവില്‍ തന്നെ ഒഴിപ്പിക്കണം എന്നും നാട്ടുകാര്‍ പറയുന്നു.
കൈയ്യേറ്റക്കാര്‍ക്ക് ഒരു എം എല്‍ എ യുടെ സഹായം കിട്ടുന്നുണ്ട്. പിന്നെ വാര്‍ഡ് കൗണ്‍സിലര്‍ ആര് ചോദിച്ചാലും പിച്ചും പേയും പറയുന്ന പോലെ 'പറയുന്നുണ്ട് 'രണ്ടായിരം മുതല്‍ റവന്യൂ മാപ്പില്‍ ഇവിടെ തൊടുണ്ട്, അത് വെട്ടിയാലേ പടിഞ്ഞാറോട്ട് വെള്ളം ഒഴുകിപ്പോകുകയുള്ളു എന്നൊക്കെ '. എന്നാല്‍ കൗണ്‍സിലര്‍ ഓര്‍ക്കേണ്ടത് ഇത് 2025 ആണ്, 2024 ല്‍ നീര്ച്ചാല് പുനസ്ഥാപിക്കുന്നതിനാണ് നഗരസഭ കൈയ്യേറ്റക്കാര്‍ക്ക് ഒഴിയാന്‍ നോട്ടീസ് കൊടുത്തത്. കൗണ്‍സിലര്‍ അതിനായി എന്തെങ്കിലും ചെയ്തോ എന്നാണെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു.