'പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫി പറമ്പില്‍ എം.പിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടന്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്'; വടകര എംപിക്ക് മര്‍ദ്ദനമേറ്റതില്‍ വിവാദം കൊഴുക്കവേ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു

'പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു

Update: 2025-10-12 12:29 GMT

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ പോലീസിലെ തന്നെ ചിലര്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തില്‍ പ്രതികരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു. പോലീസില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് എസ് പി പ്രതികിരച്ചു. ഷാഫി പറമ്പിലിനെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയില്‍ നടന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുപോയത്.

'ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല. ലാത്തി ചാര്‍ജ് കണ്ടുകാണും, കമാന്‍ഡ് ചെയ്യും വിസില്‍ അടിക്കും അടിച്ചോടിക്കും. അങ്ങനെ ഒരു ആക്ഷന്‍ നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലെ ചില ആളുകള്‍ മനഃപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പിന്നീട് മനസിലാക്കിയിട്ടുണ്ട്. എ.ഐ ടൂള്‍ ഉപയോഗിച്ച് ആരാണ് എന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എം.പിയെ പുറകില്‍ നിന്ന് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യമുണ്ട്. അതിന് മുന്‍പ് എല്ലാ വിഷ്വല്‍സും നോക്കിയിട്ട് തന്നെയാണ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല എന്ന് പറഞ്ഞത്.'- കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ.ബൈജു പറഞ്ഞു.

അതേസമയം, ഷാഫി പറമ്പില്‍ എം.പിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി ലഭിച്ചിട്ടുണ്ട്. രണ്ട് ഡി.വൈ.എസ്.പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ്.പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.

സംഭവത്തില്‍ പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പില്‍ ഉടന്‍ പരാതി നല്‍കും. അതേസമയം, ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.

അതേസമയം, പൊലീസ് നടപടിയെ ന്യായീകരിച്ച് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫ്. ഷാഫിക്ക് പൊലീസ് മര്‍ദനത്തിലല്ല പരിക്കേറ്റതെന്ന എസ്.പിയുടെ വാദം സി.പി.എം ഏറ്റെടുത്തിരുന്നെങ്കിലും ലാത്തിയടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതും തിരിച്ചടിയായി. ഇത് മറികടക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ജനങ്ങളിലേക്കിറങ്ങാനാണ് സി.പി.എം തീരുമാനം.

പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോള്‍ പൊലീസുകാര്‍ നിലയുറപ്പിച്ചിരുന്നു. പൊലീസ് ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേല്‍ക്കുകയും മൂക്കിന്റെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തത്.

നേരത്തെ, സി.പി.എം. നേതാക്കളും റൂറല്‍ എസ്.പി.യടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് 'ഷോ' ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍, ലാത്തിച്ചാര്‍ജിലാണ് പരുക്കേറ്റതെന്ന കോണ്‍ഗ്രസ് വാദത്തിന് ഈ ദൃശ്യങ്ങള്‍ തെളിവായി. മൂക്കിന് പരുക്കേറ്റ ഷാഫി പറമ്പില്‍ എം.പി. ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നാലെയാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

അതേസമയം പേരാമ്പ്രയിലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടെ ഷാഫിക്കെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി മെഹബൂബ് രംഗത്തുവന്നത്. 'എല്‍ഡിഎഫ് പ്രകടനം നടത്തുന്ന സമയത്ത് യുഡിഎഫിന്റെ പ്രതികരണം ഉണ്ടായിരുന്നില്ല. തമ്പടിച്ച് നിന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യില്‍ കല്ലും വടികളുമുണ്ടായിരുന്നു. ഷാഫി പറമ്പിലിനെ കാത്ത് ഒന്നര മണിക്കൂറാണ് പ്രവര്‍ത്തകര്‍ നിന്നത്. ഷാഫി പൊലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു.' മെഹബൂബ് പറഞ്ഞു.

യുഡിഎഫിനെ മാത്രമല്ല വടകരയിലെ ജനനങ്ങളെ കൂടി പ്രതിനിധാനം ചെയ്യുന്ന ആളാണ് ഷാഫി പറമ്പില്‍. അങ്ങനെയായിരുന്നിട്ട് കൂടി ഷാഫി പൊലീസിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു പേരാമ്പ്രയിലെ സംഭവം. പ്രതിപക്ഷ നേതാവ് തന്നെ സമനില തെറ്റിയ നിലയിലാണ് സംസാരിക്കുന്നത്. ഷാഫി പറമ്പില്‍ എംപിയും ആ രീതിയില്‍ പ്രവര്‍ത്തിച്ചു. മാങ്കൂട്ടം വിഷയത്തില്‍ എംപിയാണ് പ്രതി. അത് മറച്ചുവെക്കാന്‍ നടത്തിയ ശ്രമമാണ് ഇന്നലെയുണ്ടായത്. ഇത് ജനാധിപത്യ വിരുദ്ധപ്രക്രിയയാണെന്നും മെഹബൂബ് വ്യക്തമാക്കി.

പ്രകടനം നടക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പൊലീസ് ധാരണ ഉണ്ടാക്കിയിരുന്നു. അത് ലംഘിച്ചാണ് പ്രതിഷേധം നടന്നത്. പൊലീസിന് അതിനൊന്നും ചെയ്യാനില്ല. ജനങ്ങള്‍ വികാരം കൊള്ളുന്നതില്‍ പ്രശ്നമില്ല. വന്ന ജനപ്രതിനിധി പ്രശ്നമുണ്ടാക്കുകയാണ്. പൊലീസ് നിലയുറപ്പിച്ച സ്ഥലത്ത് നിന്ന് പുറകോട്ട് പോകണം എന്ന് ഷാഫി പറഞ്ഞു. പൊലീസ് അങ്ങോട്ട് ആക്രമിച്ചിട്ടില്ല, പൊലീസിനെ ആക്രമിക്കുകയാണ് ചെയ്തത്. പൊലീസിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് നടന്നത്. എംപിക്കല്ലാതെ വേറെ കോണ്‍ഗ്രസുകാര്‍ക്കൊന്നും പരിക്കില്ല. ഡിവൈഎസ്പി ഉള്‍പ്പെടെ മറ്റ് ഏഴ് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പതിനാലാം തീയതി പേരാമ്പ്ര കേന്ദ്രീകരിച്ച് സിപിഐഎം പൊതുയോഗം നടത്തും. സ്വര്‍ണപ്പാളി മറച്ചു പിടിക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അതിലെ കള്ളന്മാരെല്ലാം പുറത്തുവരുമെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News