പാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കെ പി സി സി തീരുമാനം
തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കാന്‍ കെ പി സി സി തീരുമാനം. ഏറ്റവുമൊടുവില്‍ വയനാട് നടന്ന സംഭവത്തിന്റെ പേരില്‍ ചാനല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്നാണ് ആക്ഷേപം.
തെറ്റായ വാര്‍ത്തകളില്‍ ഖേദം പ്രകടിപ്പിക്കുകയോ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ സൃഷ്ടിച്ച കേസുകളില്‍ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തില്‍, റിപ്പോര്‍ട്ടര്‍ ചാനലുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഔദ്യോഗികമായി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ.എം ലിജു പ്രസ്താവനയില്‍ അറിയിച്ചു.
തെറ്റായ പരാമര്‍ശങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന റിപ്പോര്‍ട്ടര്‍ ചാനലിനോട് വാക്കാല്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെയും വാര്‍ത്തകള്‍ പിന്‍വലിക്കാതെ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സമീപനമാണ് ചാനല്‍ സ്വീകരിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെങ്കിലും, നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള ചാനലിന്റെ ശ്രമം നിസ്സാരമായും നിഷ്‌ക്കളങ്കമായും കരുതുക വയ്യെന്ന് ലിജുവിന്റെ കുറിപ്പില്‍ പറയുന്നു.
ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ തന്നെ സ്വാധീനിച്ച്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനാല്‍ ജനാധിപത്യം തന്നെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന വസ്തുത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്‌സണല്‍ സ്റ്റാഫംഗം രതീഷ് കുമാര്‍, രാഹുല്‍ ഗാന്ധി എം പിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ എ എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരണത്തിന് കോണ്‍ഗ്രസിനെ ഒടുവിലായി പ്രേരിപ്പിച്ചതെന്നാണ് സൂചന.
നേരത്തെ, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍, യുഡിഎഫിനുണ്ടായ മികച്ച വിജയത്തിന്റെ ശോഭ കെടുത്തുന്ന വിധം യുഡിഎഫിനെ വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടിക്കെട്ടി എന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ സമീപനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെയും ബി.ജെ.പിയെയും നേരിടുന്നതിനൊപ്പം തങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍ ടി.വിയെയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നവംബര്‍ 24 ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞത് വാര്‍ത്തയായിരുന്നു. ഉപ തെരഞ്ഞെടുപ്പില്‍ തങ്ങളെ ഒരു കാരണവുമില്ലാതെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് റിപ്പോര്‍ട്ടര്‍ ചാനലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫലം വന്നതിന് ശേഷവും ചാനല്‍ ഈ നിലപാട് തന്നെയാണ് തുടരുന്നതെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചിരുന്നു. ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ടി.വിയെ തങ്ങള്‍ ബഹിഷ്‌കരിച്ചതാണെന്നും അന്ന് സ്മൃതി പരുത്തിക്കാട് കത്ത് തന്നതിന്റെ അടിസ്ഥാനത്തിലാണ് തിരികെ വന്നതെന്നും പറഞ്ഞ ജ്യോതികുമാര്‍ ഈ നിലപാടുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ഇനിയും ബഹിഷ്‌കരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു,
എന്നാല്‍ ചാനലിന് കോണ്‍ഗ്രസിന് എതിരായ ഒരു നിലപാടില്ലെന്നും ചര്‍ച്ചയില്‍ അവതാരക കൂടിയായ സ്മൃതി പരുത്തിക്കാട് പറഞ്ഞിരുന്നു. ഫലം വന്നതിന് ശേഷം റിപ്പോര്‍ട്ടര്‍ ടി.വി. പ്രതിനിധി ആര്‍. റോഷിപാല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലക്കാട് യു.ഡി.എഫിന് പച്ച തൊടണമെങ്കില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടിയിരുന്നു എന്ന് പരാമര്‍ശിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് എതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് അണികള്‍ക്ക് എതിരെ വ്യാജ പരാതി നല്‍കി കേസെടുപ്പിച്ചത് നീതീകരിക്കാനാവാത്ത പ്രവൃത്തിയാണെന്നും കെ പി സി സിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.