ആ നൂറ് ഏക്കര്‍ ഇങ്ങ് തന്നേക്ക്..! എന്നിട്ടു പോരേ സ്മാര്‍ട്ടാകല്‍? സ്മാര്‍ട്ട് സിറ്റിക്കായി പാട്ടത്തിന് നല്‍കിയ 100 ഏക്കര്‍ തിരിച്ചെടുക്കാന്‍ കെഎസ്ഇബി; ടീക്കോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം സങ്കീര്‍ണം; പണം കൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടസ്ഥാവകാശം തങ്ങള്‍ക്കെന്ന് വൈദ്യുതി ബോര്‍ഡ്

ആ നൂറ് ഏക്കര്‍ ഇങ്ങ് തന്നേക്ക്..! എന്നിട്ടു പോരേ സ്മാര്‍ട്ടാകല്‍?

Update: 2024-12-10 02:11 GMT

തിരുവനന്തപുരം: ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റി പദ്ധതി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നത്. പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെ ടീകോമിന്റെ പിന്‍മാറ്റം പൂര്‍ത്തിയായാല്‍ അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കണക്കുകൂട്ടുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. കാരണം സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി വിട്ടു നല്‍കിയ 100 ഏക്കര്‍ ഭൂമി കെഎസ്ഇബിയുടേതാണ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും ഇവര്‍ക്കാണ്. അതുകൊണ്ട് തന്നെ ആ 100 ഏക്കര്‍ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നത്.

കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 246 ഏക്കറില്‍ 100 ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബിക്ക് അവകാശപ്പെട്ടത്. ഈ ഭുമി തിരിച്ചുപിടിക്കാന്‍ വൈദ്യുതി വകുപ്പും കെഎസ്ഇബിയും നടപടി തുടങ്ങിയതോടെ ടീകോമിനെ ഒഴിവാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമം അതീവ സങ്കീര്‍ണമായി. ടീകോമിനെ ഒഴിവാക്കിയശേഷം 246 ഏക്കറും പ്രയോജനപ്പെടുത്തുമെന്നു വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ ഭൂമി തിരികെ ചോദിക്കാനാണ് വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്.

കെഎസ്ഇബിയുടെ നീക്കംത്തിന് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെയും പിന്തുണയുണ്ട്. ബ്രഹ്‌മപുരം പദ്ധതിയുടെ വികസനത്തിനായി കെഎസ്ഇബി നീക്കിവച്ച 206 ഏക്കറില്‍ 100 ഏക്കര്‍ 2007ല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മുന്‍കയ്യെടുത്ത് സൗജന്യമായി സ്മാര്‍ട് സിറ്റിക്കു കൈമാറുകയായിരുന്നു. അന്ന് ഭൂമി വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പും ഉയര്‍ന്നിരുന്നു. കെഎസ്ഇബി പണം നല്‍കി വാങ്ങിയ ഭൂമിയായതിനാല്‍ വിപണിവില ഈടാക്കണമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ.ബാലന്‍ ഫയലില്‍ എഴുതിയിരുന്നു. സെന്റിന് 55,000 രൂപ വച്ച് 55 കോടി ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് സൗജന്യമായി വിട്ടുകൊടുക്കാന്‍ വി.എസ് തീരുമാനമെടുത്തു.

എന്നാല്‍, സ്ഥലം റജിസ്റ്റര്‍ ചെയ്ത് കൈമാറിയിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ഉടമസ്ഥാവകാശം വൈദ്യുതി ബോര്‍ഡിനാണ്. അതുകൊണ്ട് ടീകോം പിന്‍മാറുന്ന പശ്ചാത്തലത്തില്‍ ഭൂമി തങ്ങള്‍ക്ക് തിരികേ വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാരിനു കത്തു നല്‍കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വികസനപദ്ധതികള്‍ക്കു തടയിട്ട് 17 വര്‍ഷത്തിലധികം ഭൂമി കൈവശം വച്ച ടീകോമില്‍നിന്നു നഷ്ടപരിഹാരം വാങ്ങണമെന്ന വിലയിരുത്തലും ബോര്‍ഡ് അധികൃതര്‍ക്കുണ്ട്.

അതേസമയം സ്മാര്‍ട് സിറ്റി പദ്ധതിക്കു പകരമുള്ള പദ്ധതി പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥാവകാശത്തില്‍ ആയിരിക്കുമെന്നും സ്വകാര്യ പങ്കാളികള്‍ ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചത്. ടീകോമിന്റെ സ്ഥാനത്തു പകരം ആരും വരില്ല. ആര്‍ക്കും ഭൂമി പതിച്ചുകൊടുക്കുകയുമില്ല. പദ്ധതിയില്‍നിന്നു പിന്മാറാന്‍ ടീകോമിനു നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും മൂല്യം കണക്കാക്കി ഓഹരിവില തിരിച്ചുനല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'സംസ്ഥാന സര്‍ക്കാരിന്റെയും യുഎഇ സര്‍ക്കാരിനു പങ്കാളിത്തമുള്ള കമ്പനിയുടെയും സംയുക്ത സംരംഭമായാണു പദ്ധതി തുടങ്ങിയത്. മലയാളികള്‍ ഏറ്റവുമധികം ജീവിക്കുന്നതും കേരളവുമായി നല്ല ബന്ധമുള്ളതുമായ ഭൂപ്രദേശമാണ് യുഎഇ. നിയമനടപടി ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങളിലേക്കു നീങ്ങിയാല്‍ പദ്ധതിപ്രദേശത്തു വര്‍ഷങ്ങളോളം ഒന്നും ചെയ്യാന്‍ കഴിയില്ല.

ഇന്‍ഫോപാര്‍ക്കില്‍ കമ്പനികള്‍ക്കു നല്‍കാന്‍ സ്ഥലമില്ല. ഒട്ടേറെ കമ്പനികള്‍ കാത്തുനില്‍ക്കുന്നു. ആ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിതല കമ്മിറ്റിയുടെ റിപ്പോര്‍ട്ടും അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശയും കണക്കിലെടുത്താണ് ഓഹരിവില കൊടുത്തു ടീകോമിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എത്ര രൂപ കൊടുക്കേണ്ടിവരുമെന്ന് സ്വതന്ത്ര ഇവാല്യുവേറ്റര്‍ നിര്‍ണയിക്കും. അതു നഷ്ടപരിഹാരമല്ല. ആ വാക്ക് എവിടെയും ഉപയോഗിക്കേണ്ടതില്ല.

ടീകോം വീഴ്ച വരുത്തിയാല്‍ കരാറിലെ 7.2.1 വ്യവസ്ഥപ്രകാരം നോട്ടിസ് അയയ്ക്കാമായിരുന്നു. എന്നാല്‍, നോട്ടിസിനു പകരം ചര്‍ച്ചയിലൂടെ പിന്മാറ്റനയം രൂപീകരിക്കാമെന്നും വ്യവസ്ഥ 7.2.2 പ്രകാരം സ്വതന്ത്ര ഇവാല്യുവേറ്ററെ വച്ച് ടീകോമിന്റെ ഓഹരിമൂല്യനിര്‍ണയം നടത്തി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള നിയമോപദേശമാണ് എജി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News