കെ.എസ്.ആര്‍.ടി.സിയിലെ സാലറി ചലഞ്ച്; ഉത്തരവിന് പിന്നാലെ അഡ്മിന്‍ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറെ മാറ്റി; ഷറഫ് മുഹമ്മദിനെ നീക്കി ഓപറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് അധിക ചുമതല നല്‍കി
സി.എം.ഡി പ്രമോജ് ശങ്കര്‍ ഉത്തരവിറക്കി. ഷറഫ് മുഹമ്മദിന് പകരം ചുമതല നല്‍കിയിട്ടുമില്ല.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ വിവാദ സാലറി ചലഞ്ച് ഉത്തരവിന് പിന്നാലെ അഡ്മിന്‍ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദിനെ മാറ്റി. ഓപറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജി.പി. പ്രദീപ്കുമാറിന് അഡ്മിന്‍ ചുമതല കൂടി നല്‍കി സി.എം.ഡി പ്രമോജ് ശങ്കര്‍ ഉത്തരവിറക്കി. ഷറഫ് മുഹമ്മദിന് പകരം ചുമതല നല്‍കിയിട്ടുമില്ല. മാറ്റത്തിന് കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. വിവാദ ഉത്തരവില്‍ മന്ത്രി ഗണേഷ് കുമാര്‍ കടുത്ത അതൃപ്തനായിരുന്നു.
ഒറ്റ ഗഡുവായി ശമ്പളം നല്‍കിയതിന് തൊട്ടുടനെ അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നവശ്യപ്പെട്ട് സര്‍ക്കുലിറക്കിയത് കെ.എസ്.ആര്‍.ടി.സിയിയില്‍ പ്രതിഷേധത്തിന് ഇടയാക്കിരുന്നു. തീരുമാനം വിവാദമായതോടെ മന്ത്രി ഗണേഷ്‌കുമാര്‍ ഇടപെട്ട് ഉത്തരവ് പിന്‍വിലിപ്പിച്ചു. ഉത്തരവിറക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം.
ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സി.എം.ഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി തലത്തില്‍ പുനഃക്രമീകരണം. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിധേയമായി മറ്റ് സ്ഥാപനങ്ങളില്‍ ശമ്പളം വിതരണം നടക്കുന്ന സമയത്താണ് സാലറി ചലഞ്ച് സര്‍ക്കുലറുകളുണ്ടായത്. സമാനരീതിയില്‍ ശമ്പളം കൊടുത്ത സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയിലും സര്‍ക്കുലറിറങ്ങിയത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായിരുന്നു നിര്‍ദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് നിര്‍ബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറങ്ങിയ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരില്‍ നിന്നും സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവര്‍ക്ക് 3 ഗഡുക്കളായി തുക നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്ന തുക സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യും. ജീവനക്കാര്‍ക്ക് പിഎഫില്‍ നിന്നും തുക അടയ്ക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു. സെപ്റ്റംബറിലെ ശമ്പളം അടുത്തമാസമാണ് ലഭിക്കുക. ഈ ശമ്പളത്തില്‍ നിന്നാണ് പണം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതാണ് വിവാദത്തിന് ഇടയാക്കിയത്. മറ്റ് സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്തവബത്തയുമൊക്കെ ലഭിച്ചപ്പോഴും ശമ്പളമെങ്കിലും ലഭിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പോക്കറ്റടിക്കുന്ന തീരുമാനം എത്തിയത്.
സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ശമ്പളം പിടിക്കുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് പറഞ്ഞ മറ്റ് സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനൗദ്യോഗിക നിര്‍ബന്ധിത പിരിവാണ് ഫലത്തില്‍ വന്നത്. ഇത്തവണ ഒന്നിച്ച് ശമ്പളം നല്‍കാന്‍ പാടുപെട്ടാണ് കെ.എസ്.ആര്‍.ടി.സി പണം കണ്ടെത്തിയത്. ഓവര്‍ ഡ്രാഫ്റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികള്‍ക്ക് നല്‍കാതെ മാറ്റിവെച്ച തുകയും ചേര്‍ത്താണ് ഇത്തവണ ശമ്പളം ഒറ്റത്തവണയായി നല്‍കിയത്. 74.8 കോടി രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്.
ഓണത്തിന് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന ഉറപ്പ് പാലിക്കാനാണ് മാനേജ്മെന്റ് ഈ കടുംകൈ ചെയ്തത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും ലഭിക്കുന്നത്. 2023 ഫെബ്രുവരി മുതല്‍ രണ്ടു ഗഡുക്കളായാണ് ശമ്പളം നല്‍കുന്നത്. ഇതുപോലും മുടക്കമില്ലാതെ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിച്ചിരുന്നില്ല.
തിരുവോണം പ്രമാണിച്ച് നാളെ ( 15.09.2024)ഓഫീസിന് അവധി ആയതിനാല്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല- എഡിറ്റര്‍.