'മെമ്മറി കാര്‍ഡിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാന്‍ ശ്രമം'; കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു; ഡിജിപിക്ക് പരാതി നല്‍കി നടി കുക്കു പരമേശ്വരന്‍; പരാതി പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ; മെമ്മറി കാര്‍ഡ് വിവാദത്തില്‍ സംഘടനയ്ക്ക് പരാതി നല്‍കാന്‍ മറുപക്ഷവും
'മെമ്മറി കാര്‍ഡിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാന്‍ ശ്രമം'
കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും കത്തുന്നു. ശ്വേതാ മേനോനെയും കുക്കു പരമേശ്വരനെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ സജീവമായത് കോടതിലും കേസുമായി നില്‍ക്കുകയാണ്. ഇതിനിടെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍. മെമ്മറി കാര്‍ഡുമായി എനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നു, കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയുമാണ് പരാതി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമം എന്നും കുക്കു ആരോപിക്കുന്നത്. പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങള്‍ക്കെതിരെയാണ് പരാതി. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന്‍ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്.
അതേസമയം മെമ്മറി കാര്‍ഡ് വിഷയത്തില്‍ ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മി പ്രിയ തുടങ്ങിയവര്‍ അമ്മക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയെന്നറിയണം, കുക്കു പരമേശ്വരന്‍ മറുപടി നല്‍കണം എന്നാണ് ഇവരുടെ ആവശ്യം. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത് എന്ന് വ്യക്തമാക്കണമെന്നും നടിമാര്‍ ആവശ്യപ്പെടും.
മീ ടൂ ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനായി ഒരു യോഗം വിളിച്ചത്. ആ പരിപാടിയില്‍ അംഗങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമുണ്ടായി എന്നാണ് പറയുന്നത്. കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്ത്. എന്നാല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍ മത്സരിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.
യോഗത്തിന്റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേര്‍ന്നാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോള്‍ മെമ്മറി കാര്‍ഡ് തങ്ങളുടെ കൈവശം ഇല്ല എന്ന് ഇവര്‍ പറയുന്നു. മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായി വന്നാല്‍ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട്. മെമ്മറി കാര്‍ഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.