ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എല്‍ദോസിനോട് ചെയ്തു; ഛിന്നഭിന്നമാക്കിയ എല്‍ദോസിന്റെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നാട്ടുകാരുടെ ചോദ്യം; 'ആ ബോഡി ഒന്ന് എടുക്കാന്‍ നിങ്ങള്‍ അനുവദിക്കണം' എന്ന് അഭ്യര്‍ഥിച്ച് കൈകൂപ്പി കലക്ടറും; കുട്ടമ്പുഴയിലെ പ്രതിഷേധം അടങ്ങിയ വിധം

ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ?

Update: 2024-12-17 03:21 GMT

കോതമംഗലം: കാട്ടാന ആക്രമണം പതിവായതോടെയാണ് കുട്ടമ്പുഴയിലെ നാട്ടുകാരുടെ രോഷം അണപൊട്ടിയത്. ഇന്നലെ രാത്രി വൈകിയും വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും തങ്ങളുടെ ദുരനുഭവങ്ങളാണ്. നെഞ്ചുപൊട്ടിക്കൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതികരണങ്ങള്‍. 'ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടും' എല്‍ദോസ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരില്‍ പലരും വൈകാരികമായി പറഞ്ഞത് ഇങ്ങനെയാണ്.

അധികാര കേന്ദ്രങ്ങളില്‍ പലയാവര്‍ത്തി ചോദിച്ച ചോദ്യമാണ് അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ വച്ചാണ് എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. പഞ്ചായത്തുറോഡാണ്. ഇവിടെ വഴിവിളക്കുകളില്ല. അറുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഒരു മനുഷ്യശരീരത്തോട് ചെയ്യാനാകുന്നതെല്ലാം ആന എല്‍ദോസിന്റെ ശരീരത്തോട് ചെയ്തുകഴിഞ്ഞുവെന്ന് നെഞ്ചുപൊട്ടി പറയുന്ന നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്തുനിന്നെടുക്കാന്‍ പോലും അനുവദിക്കാതെ പ്രതിഷേധിക്കുന്നതും അതുകൊണ്ടാണ്. ഞങ്ങള്‍ക്കിതിന് പരിഹാരം വേണമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

നാട്ടുകാര്‍ക്ക് മുന്നില്‍ കൈകൂപ്പി പറയേണ്ട അവസ്ഥയിലായിരന്നു കലക്ടറും. 'പ്രിയപ്പെട്ട എല്‍ദോ അവര്‍കള്‍ ഇവിടെ മരിച്ചു കിടക്കുകയാണ്. അവരുടെ സഹോദരി നമ്മോട് ചോദിക്കുന്നു ബോഡി വെച്ച് കൊണ്ടാണോ നിങ്ങള്‍ ചര്‍ച്ച നടത്തുന്നത് എന്ന്. ഭയങ്കര വിഷമമുണ്ട്. ഞാന്‍ കൈകൂപ്പി നിങ്ങളോട് ചേദിക്കുന്നു: ആ ബോഡി ഒന്ന് എടുക്കാന്‍ അനുവാദം ഒന്ന് നിങ്ങള്‍ തരണം... ഞാന്‍ നല്‍കിയ വാഗ്ദാനം എല്ലാം പാലിക്കുമെന്ന ഉറപ്പ് ഞാന്‍ തരുന്നു' - കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന ചവിട്ടിക്കൊന്ന എല്‍ദോയുടെ മൃതദേഹത്തിന് മുന്നില്‍നിന്ന് ഇന്നലെ അര്‍ധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കൈകൂപ്പി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

രാത്രി ആറുമണിക്കൂറോളം പ്രതിഷേധച്ചൂടില്‍ തിളച്ചുനിന്ന മനുഷ്യര്‍ അതോടെ അയഞ്ഞു. തുടര്‍ന്ന് ജില്ല കലക്ടര്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ എല്‍ദോസിന്റെ മൃതദേഹം രാത്രി രണ്ടുമണിയോടെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. കാതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും കുരങ്ങുമെല്ലാം കാര്‍ഷികവിളകള്‍ പാടെ നശിപ്പിക്കും. ഈ പഞ്ചായത്തുകളിലെ റോഡുകളിലെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരുന്നു. രാത്രി വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജീവനോപാധികള്‍ അടഞ്ഞ മലയോര ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്.

കുട്ടമ്പുഴ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വന്യമൃഗശല്യം രൂക്ഷമാണെന്ന് പഞ്ചായത്തംഗം പി.സി. ജോഷി പറയുന്നു. 'ഇക്കാര്യം പലതവണയായി വനംവകുപ്പിനെ അറിയിച്ചതാണ്. എല്ലാ വാര്‍ഡുകളിലും ജനങ്ങള്‍ ഭയന്നാണ് ജീവിക്കുന്നത്. ഇതിനുമുന്‍പും ആളുകള്‍ വന്യമൃഗ ആക്രമണത്തില്‍ മരിച്ചിരുന്നു. പഞ്ചായത്തിന് പരിമിതികളുണ്ട്. കിടങ്ങെങ്കിലും ഉണ്ടാക്കി തരണം. ക്ണാച്ചേരി പട്ടയമുള്ള സ്ഥലമാണ്. ഇവിടെ പോലും ജനങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഓര്‍ക്കണം. ഫെന്‍സിങ് കാടുപിടിച്ച നിലയിലാണ്'' ജോഷി പറയുന്നു.

അതേസമയം, സംഭവത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയം ഗൗരവത്തിലെടുക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, നാട്ടുകാരുടെ പ്രതിഷേധം ന്യായമാണെന്നും കൂട്ടിച്ചേര്‍ത്തു. ഫെന്‍സിങ് ഉള്‍പ്പെടെ എന്തുകൊണ്ട് വൈകിയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യജീവന് വിലകല്‍പിക്കാത്ത നടപടിയാണ് വനംവകുപ്പിന്റേതെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു.

ജില്ലാ കലക്ടര്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍, എല്‍ദോസിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. മൃതദേഹത്തിന് മുന്നില്‍നിന്ന് ഇന്നലെ അര്‍ധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കൈകൂപ്പി ജനങ്ങളോട് അഭ്യര്‍ഥിച്ചതോടെയാണ് ആറുമണിക്കൂറോളം പ്രതിഷേധച്ചൂടില്‍ തിളച്ചുനിന്ന മനുഷ്യര്‍ അയഞ്ഞത്.

മരിച്ച എല്‍ദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി രാത്രി തന്നെ 10 ലക്ഷം രൂപയുടെ ചെക്ക് കലക്ടര്‍ കൈമാറി. പ്രദേശത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ അഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ഇന്ന് തന്നെ ആനമതില്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികളുടെ അവലോകന യോഗം 27ന് കലക്ടറുടെ നേതൃത്വത്തില്‍ നടക്കും.

അതേസമയം യുവാവിനെ കാട്ടാന കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്നു യുഡിഎഫ് ഹര്‍ത്താസലാണ് കവന്യമൃഗ ശല്യം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡിഎഫ്ഒ ഓഫിസിലേക്കു പ്രതിഷേധ റാലിയും നടക്കും.

Tags:    

Similar News