ലേണേഴ്സ് ലൈസന്‍സ് പരീക്ഷ കൂടുതല്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്; ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ 30 ആക്കി വര്‍ധിപ്പിക്കും; 18 ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നേടുന്നവര്‍ ടെസ്റ്റ് പാസാകും; ഓരോ ചോദ്യത്തിനുള്ള സമയം 30 സെക്കന്‍ഡാക്കി വര്‍ദ്ധിപ്പിക്കും

Update: 2025-09-14 00:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ലേണേഴ്സ് ലൈസന്‍സ് പരീക്ഷ കൂടുതല്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ സംവിധാനം പ്രകാരം നിലവിലുള്ള 20 ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ 30 ആക്കി വര്‍ധിപ്പിക്കും. 30 ചോദ്യങ്ങളില്‍ 18 ശരിയുത്തരങ്ങള്‍ നേടുന്നവര്‍ക്കുമാത്രമേ ലേണേഴ്സ് ലൈസന്‍സ് ലഭിക്കൂ. ഓരോ ചോദ്യത്തിനുമുള്ള മറുപടി സമയം 15 സെക്കന്‍ഡില്‍ നിന്ന് 30 സെക്കന്‍ഡായി ഇരട്ടിയാക്കുകയും ചെയ്തു.

ലേണേഴ്സ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് സഹായകമാകുന്ന 'എംവിഡി ലീഡ്സ്' എന്ന ആപ്പ് ഗതാഗത കമ്മിഷണറേറ്റ് പുറത്തിറക്കി. സിലബസ്, മോക്ക് ടെസ്റ്റ്, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ എന്നിവ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോക്ക് ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റിന് മുന്‍പുള്ള നിര്‍ബന്ധിത റോഡ് സേഫ്റ്റി ക്ലാസുകളില്‍ നിന്ന് ഒഴിവാകും.

ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ലീഡ്സ് ആപ്പ് വഴിയാണ് ഇന്‍സ്ട്രക്ടര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നേടേണ്ടത്.

ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യാത്രാ ഇളവുകള്‍ ലഭ്യമാക്കുന്ന സംവിധാനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News