കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെയാകും; ശരീരത്തില്‍ രക്തത്തിന്റെ അളവും കുറയും; കൃഷ്ണമണിയുടെ രൂപത്തില്‍ മാറ്റംവരാം; റേഡിയേഷനും; ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതം; സുനിതയയെും ബുച്ചിനെയും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍
സുനിതയയെും ബുച്ചിനെയും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍
കാലിഫോര്‍ണിയ: അപ്രതീക്ഷിതമായി നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സഹയാത്രികന്‍ ബുച്ച് വില്‍മോറിനൊപ്പം ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ഒരുങ്ങുകയാണ്. മുന്‍ യുഎസ് നാവികസേന ഉദ്യോഗസ്ഥയും പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ പര്യവേഷണത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നാസയിലെ ഏറ്റവും പ്രഗത്ഭരായ ബഹിരാകാശയാത്രികരില്‍ ഒരാളായി സുനിതയുടെ സ്ഥാനം ഉറപ്പിക്കുകയാണ്.
നാലംഗ ബഹിരാകാശയാത്രിക സംഘത്തെ എത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സ്പേസ് എക്സ് ക്രൂ കാപ്സ്യൂള്‍ വിജയകരമായി ഡോക്ക് ചെയ്തതോടെ ബുച്ച് വില്‍മോറിന്റെയും സുനിത വില്യംസിന്റെയും തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ലോകം. മാര്‍ച്ച് 14നാണ് ഫാല്‍ക്കണ്‍ - 9 റോക്കറ്റ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. പുതിയ സംഘം എത്തിയതോടെ ഒമ്പത് മാസത്തിലേറെയായി ഭ്രമണപഥത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 19ന് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.
യുഎസ്, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാലംഗ സംഘം കുറച്ചുദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും. 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും വില്‍മോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ജൂണ്‍ 13ന് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. പേടകത്തിലെ ഹീലിയം ചോര്‍ച്ച മൂലം യാത്ര മുടങ്ങി. പിന്നാലെ സെപ്തംബര്‍ ഏഴിന് സ്റ്റാര്‍ലൈനര്‍ ആളില്ലാതെ തിരിച്ചെത്തി. 2025 ജനുവരി 30ന് സുനിത അഞ്ച് മണിക്കൂറിലേറെ സ്‌പേസ് വാക്ക് നടത്തി. ഇതോടെ കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയായി സുനിത ചരിത്രം കുറിച്ചു. (62 മണിക്കൂര്‍ 6 മിനിറ്റ്).
ഭൂമിയില്‍ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍
ഭൂമിയിലേയ്ക്ക് മടങ്ങിവന്നതിനുശേഷമുള്ള ജീവിതം സുനിതയ്ക്കും ബുച്ചിനും എളുപ്പമായിരിക്കില്ല. ഇരുവര്‍ക്കും 'ബേബി ഫീറ്റ്' എന്ന അവസ്ഥ ഉടലെടുത്തിരിക്കാമെന്നാണ് കരുതപ്പെടുന്നത്. മാസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ ഫലമായി ബഹിരാകാശ യാത്രികരുടെ കാല്‍പാദങ്ങള്‍ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകുന്ന അവസ്ഥയാണിത്.
ഇക്കാരണത്താല്‍ തന്നെ ഭൂമിയിലെത്തിയതിനുശേഷം നടക്കുമ്പോള്‍ അതികഠിനമായ വേദനയായിരിക്കും അനുഭവപ്പെടുക. കാല്‍പ്പാദത്തില്‍ കട്ടിയായ തൊലി രൂപപ്പെടാന്‍ മാസങ്ങള്‍വരെ വേണ്ടിവരാം. ഇക്കാലമത്രയും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം.കാലുകള്‍ കുഞ്ഞുങ്ങളുടേത് പോലെയാകുന്നതിന് പുറമെ മാസങ്ങളായി ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ കഴിഞ്ഞത് അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതിനും കാരണമാവും. ഇത് ചിലപ്പോള്‍ പരിഹരിക്കാനും കഴിയാതെ വരാം.
ബഹിരാകാശത്ത് കഴിയുന്ന ഓരോ മാസവും അസ്ഥികളുടെ സാന്ദ്രത ഒരു ശതമാനം കുറയുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയിലേതുപോലെ ചലനങ്ങളും മറ്റും ഇല്ലാത്തതിനാല്‍ മസിലുകളും ദുര്‍ബലപ്പെടും.ഗുരുത്വാകര്‍ഷണത്തിനെതിരായി ഹൃദയത്തിന് രക്തം പമ്പ് ചെയ്യേണ്ടി വരുന്നില്ല എന്നുള്ളതിനാല്‍ ബഹിരാകാശ യാത്രികരുടെ ശരീരത്തില്‍ രക്തത്തിന്റെ അളവും കുറയും. രക്തത്തിന്റെ ഒഴുക്കിലും മാറ്റങ്ങള്‍ ഉണ്ടാവും. ചില ഭാഗങ്ങളില്‍ രക്തമൊഴുകുന്നതിന്റെ വേഗത കുറയും. ഇത് രക്തം കട്ട പിടിക്കുന്നതിന് കാരണമായേക്കാം.
ദ്രാവകങ്ങളും എളുപ്പത്തില്‍ താഴേക്ക് വരില്ല. ദ്രാവകങ്ങള്‍ കൂടിച്ചേരുന്നത് കൃഷ്ണമണിയുടെ രൂപത്തില്‍ മാറ്റം വരുത്തുകയും കാഴ്ചശക്തി കുറയുന്നതിന് കാരണമാവുകയും ചെയ്യും. ബഹിരാകാശത്ത് ചെലവഴിക്കുന്നതിലെ മറ്റൊരു അപകടകരമായ പ്രത്യാഘാതം റേഡിയേഷന്‍ എക്‌സ്‌പോഷര്‍ ആണ്.
ഭൂമിയുടെ അന്തരീക്ഷവും കാന്തികക്ഷേത്രവും മനുഷ്യരെ ഉയര്‍ന്ന തലങ്ങളിലുള്ള വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമ്പോള്‍, അത്തരം സംരക്ഷണം ബഹിരാകാശയാത്രികര്‍ക്കായി ലഭ്യമല്ല. ബഹിരാകാശയാത്രികര്‍ക്ക് മൂന്ന് തരം വികിരണങ്ങളാണ് പ്രധാനമായും ഏല്‍ക്കുന്നതെന്ന് നാസ പറയുന്നു. ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ കുടുങ്ങിയ കണികകള്‍, സൂര്യനില്‍ നിന്നുള്ള സൗരോര്‍ജ്ജ കാന്തിക കണികകള്‍, ഗാലക്‌സി കോസ്മിക് കിരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തിരികെയുള്ള യാത്ര പോലെ പ്രധാനമാണ്, ദീര്‍ഘകാലം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതിയും. ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും കഠിനമായ വെല്ലുവിളിയെ നേരിടാന്‍ തയ്യാറെടുക്കുകയാണത്രെ സുനിത വില്യംസ്- ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുകയെന്നതാണത്. ഗുരുത്വാകര്‍ഷണം മനുഷ്യശരീരത്തെ ശിക്ഷിക്കുന്ന സന്ദര്‍ഭം. ഈ കാലയളവില്‍ ഒരു പെന്‍സില്‍ ഉയര്‍ത്തുന്നത് പോലും കഠിന വ്യായാമം പോലെ തോന്നുമെന്നും വിദഗ്ദര്‍ പറയുന്നു.
ഭൂമിയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ശക്തിയും അസ്ഥികളുടെ സാന്ദ്രതയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സുനിത വില്യംസും ബുച്ച് വില്‍മോറും കര്‍ശനമായ പരിശീലനങ്ങള്‍ക്ക് വിധേയമാകും. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും ചലനം സുഗമമാക്കുന്നതിനുമായി ഫിസിയോതെറാപ്പി, വ്യായാമങ്ങള്‍, കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങള്‍, കൃത്യമായ ഡയറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
കമാന്‍ഡര്‍ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടുത്തെ കമാന്‍ഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു. നിലയം കമാന്‍ഡര്‍ ആയിരുന്ന റഷ്യന്‍ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.
അഭിമാന നേട്ടം
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂര്‍ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂര്‍ 6 മിനിറ്റെന്ന റെക്കോര്‍ഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിക്കാനും കഴിഞ്ഞു.
സുനിത വില്യംസിന് എത്ര ശമ്പളം കിട്ടും
യുഎസ് സര്‍ക്കാരിന്റെ ശമ്പള സ്‌കെയിലുകള്‍ അനുസരിച്ച്, നാസ ബഹിരാകാശ യാത്രികര്‍ക്ക് എക്‌സ്പീരിയന്‍സിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാസയുടെ കീഴില്‍ ജോലി ചെയ്യുന്ന ബഹിരാകാശ യാത്രികര്‍ക്ക് സാധാരണയായി GS 12 മുതല്‍ GS 15 വരെയുള്ള ഗ്രേഡ് പ്രകാരമാണ് ശമ്പളം ലഭിക്കുന്നത്. ജിഎസ് 12 ഗ്രേഡ് ബഹിരാകാശയാത്രികരുടെ അടിസ്ഥാന ശമ്പളം ഏകദേശം 66,167 ഡോളറാണ്. ഇത് ഏകദേശം പ്രതിവര്‍ഷം 55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. പരിചയസമ്പന്നരായ ബഹിരാകാശയാത്രികര്‍ GS 13 അല്ലെങ്കില്‍ GS 14 വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അവരുടെ ശമ്പളം ഏകദേശം 90,000 ഡോളര്‍ മുതല്‍ 140,000 ഡോളര്‍ വരെയാകാം അതായത് പ്രതിവര്‍ഷം ഏകദേശം 75 ലക്ഷം മുതല്‍ 1.1 കോടി ഇന്ത്യന്‍ രൂപ വരെ.
സുനിത വില്യംസിന്റെ അനുഭവപരിചയവും സ്ഥാനവും പരിഗണിക്കുമ്പോള്‍, അവരുടെ ശമ്പളം GS 14 അല്ലെങ്കില്‍ GS 15 ഗ്രേഡ് പ്രകാരമായിരിക്കുമെന്ന് കണക്കാക്കാം. അവരുടെ വാര്‍ഷിക ശമ്പളം ഏകദേശം 152,258 ഡോളര്‍ (1.26 കോടി രൂപ) ആണെന്ന് നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, അഡ്വാന്‍സ്ഡ് മിഷന്‍ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.
ഫെഡറല്‍ മാര്‍ഷലായ ഭര്‍ത്താവ് മൈക്കല്‍ ജെ വില്യംസിനൊപ്പം ടെക്‌സസിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന സുനിത വില്യംസിന്റെ ആസ്തി ഏകദേശം അഞ്ച് മില്യണ്‍ ഡോളര്‍ ആണെന്ന് മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശത്ത് ദീര്‍ഘകാലം ചെലവഴിച്ചത് ബഹിരാകാശ ഗവേഷണത്തിലുള്ള സുനിതയുടെ അര്‍പ്പണ മനോഭാവത്തെ കുറിക്കുന്നു.