'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും; വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും; കേസില്‍ പ്രതികരണവുമായി മുകേഷ് എം എല്‍ എ

നിയമ പോരാട്ടം തുടരും

Update: 2024-09-05 17:42 GMT

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കൊല്ലം എംഎല്‍എ മുകേഷ്.

'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യുമെന്നും നിയമ പോരാട്ടം തുടരു'മെന്നും മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ലൈംഗിക പീഡന കേസില്‍, നടന്‍ ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയുള്ള ഹര്‍ജികളില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടിരുന്നു. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറത്തുവന്നത്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം. അറസ്റ്റ് ചെയ്യരുതെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.

മരടിലെ വില്ലയില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് നടിയുടെ ആരോപണം. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്തു കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകള്‍ക്കാണ് കേസെടുത്തത്. 10 വര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ശിക്ഷ ജീവപര്യന്തം വരെയാകാം.

ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിന്റെ വാദം. 15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. ഇതിനിടെ ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. വിശദവാദത്തിനൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്. നടന്‍ ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.

2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.

അതേസമയം ചലച്ചിത്ര നയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയില്‍നിന്ന് നടനും കൊല്ലം എം.എല്‍.എയുമായ എം. മുകേഷിനെ ഒഴിവാക്കി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മുകേഷിനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം. നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റം.

Tags:    

Similar News