ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി; പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ; അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? ഷൈന്‍ ടോം വിഷയത്തിലെ നിലപാടിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മാലാ പാര്‍വതി
വിവാദ പരാമര്‍ശവുമായി മാലാ പാര്‍വതി
കോഴിക്കോട്: സിനിമാ ഷൂട്ടിംഗ് സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന മോശം പെരുമാറ്റങ്ങളെ നിസാരവത്കരിച്ച് നടി മാലാ പാര്‍വതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങള്‍ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നാണ് നടിയുടെ ഉപദേശം. കമന്റുകള്‍ അടക്കമുള്ള പരാമര്‍ശങ്ങള്‍ കാര്യമാക്കി എടുക്കേണ്ടതില്ലെന്നും മാലാ പാര്‍വതി പറഞ്ഞു.
നടി വിന്‍സി അലോഷ്യസ് സിനിമാ സെറ്റില്‍ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ അധികരിച്ചായിരുന്നു മാലാ പാര്‍വതിയുടെ പരാമര്‍ശം. സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവര്‍ക്കെതിരെയാണ് നടിയുടെ വാക്കുകള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വിവാദ പരാമര്‍ശങ്ങള്‍.
പലരും കളിതമാശ പോലും മനസിലാകാത്തവരാണെന്ന് അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാര്‍വതി ഇതൊക്കെ മാനേജ് ചെയ്യാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും പറഞ്ഞു.
'സിനിമയില് നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല.' -മാലാ പാര്‍വതി പറഞ്ഞു.
'നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക? സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.' -മാലാ പാര്‍വതി തുടര്‍ന്നു.
ലൈംഗികാതിക്രമങ്ങളോട് വഴക്കല്ലാതെ, കളിതമാശയായി പ്രതികരിക്കാമെന്നും മാലാ പാര്‍വതി പറഞ്ഞു. എങ്ങനെയാണോ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അതൊന്നും തട്ടാതെ അപ്പുറമെത്തുന്നത് പോലെ ഇതിനെല്ലാമിടയിലൂടെ പോകാന്‍ പറ്റും. അതിനെ വലിയൊരു വിഷയമാക്കി കഴിഞ്ഞാല്‍ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേക്ക് പോകുമെന്നും മാലാ പാര്‍വതി പറഞ്ഞു.
നടിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇതിനകം വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. മാലാ പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.