അജ്മല്‍ ശ്രീക്കുട്ടിയെ പരിചയപ്പെട്ടത് നൃത്താധ്യാപകന്‍ എന്നു പറഞ്ഞ്; സൗഹൃദം വളര്‍ന്ന് ഡാന്‍സിനൊപ്പം മദ്യസല്‍ക്കാരവും പതിവായി; ഡോക്ടറെ വഴിതെറ്റിച്ചത് അജ്മലുമായുള്ള സൗഹൃദമോ? പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും
കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തോടെ വനിതാ ഡോക്ടറുടെ കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആകുന്ന അവസ്ഥയാണ
കൊല്ലം: കരുനാഗപ്പള്ളിയിലെ വലിയത്ത് ആശുപത്രിയില്‍ വെച്ചാണ് ഡോ. ശ്രീക്കുട്ടി അജ്മലുമായി പരിചയപ്പെടുന്നത്. നൃത്താധ്യാപകന്‍ എന്ന നിലയിലായിരുന്നു പരിചയം. ഈ പരിചയം അതിവേഗം വളരുകയായിരുന്നു. പ്രതിക്ക് ശ്രീക്കുട്ടി സാമ്പത്തിക സഹായം ചെയ്തിരുന്നതായും സൂചനയുണ്ട്. അതേസമയം അജ്മല്‍ സാമ്പത്തിക താല്‍പ്പര്യം കൊണ്ടാണോ യുവതിയുമായി അടുത്തത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തോടെ വനിതാ ഡോക്ടറുടെ കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആകുന്ന അവസ്ഥയാണ് സംജാതമായത്.
നേരത്തെ വിവാഹിതയായിരുന്ന ശ്രീക്കുട്ടി പിന്നീട് വിവാഹമോചനം നേടിയിരുന്നു. ഇതിനുശേഷമാണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. അജ്മല്‍ താന്‍ നൃത്താധ്യാപകന്‍ ആണെന്ന് പരിചയപ്പെടുത്തിയാണ് ശ്രീക്കുട്ടിയുമായി അടുത്തത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നൃത്തപഠനവും നടത്തിയിരുന്നു.
തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായ സമയത്ത് അജ്മല്‍ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നിരുന്നത്. ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണിവര്‍. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വാഹനമിടിച്ചു തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ മനഃപൂര്‍വം കാര്‍ കയറ്റിയിറക്കി നിര്‍ത്താതെ പോവുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അജ്മല്‍ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.
വാഹനം നിര്‍ത്താതെ ഓടിച്ചുപോവാന്‍ അജ്മലിനോട് പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രേരണാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കൂടാതെ, ഡോക്ടറായിട്ടും അപകടത്തില്‍പെട്ടയാളെ രക്ഷിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാനോ ശ്രമിക്കാതെ കര്‍ത്തവ്യം മറന്ന് മരണത്തിലേക്ക് തള്ളിയിട്ടുവെന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അതേസമയം കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും. ശാസ്താംകോട്ട പൊലീസ് ഇന്നോ നാളെയോ അപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത. പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അപകടസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ മറ്റാരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
അജ്മല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് റൂറല്‍ എസ്പി സ്ഥിരീകരിച്ചു. ഇയാള്‍ ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും എസ്പി അറിയിച്ചു. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ മദ്യലഹരിയിലായിരുന്ന യുവാവ് നാട്ടുകാരുടെ മുന്നറിയിപ്പും നിലവിളികളും അവഗണിച്ച് വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം നടുക്കുന്നതായിരുന്നു.
മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളാണ് (45) ദാരുണമായി മരിച്ചത്.ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അപകടം ഉണ്ടാക്കിയത്. ചന്ദനമരക്കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അജ്മല്‍. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.തിരുവോണ ദിവസം വൈകിട്ട് 5.47ന് മൈനാഗപ്പള്ളി ആനൂര്‍ക്കാവ് ജംഗ്ഷനിലായിരുന്നു അപകടം.
നബിദിനം പ്രമാണിച്ച് ഭര്‍ത്തൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്‌ക്കൊപ്പം ആനൂര്‍ക്കാവിലെ വസ്ത്രശാലയില്‍ നിന്ന് പുതുവസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോള്‍. സ്‌കൂട്ടറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാര്‍ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി.റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോള്‍ ഇടിച്ചിട്ട കാറിന്റെ മുന്‍ ചക്രത്തിനു മുന്നില്‍പ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉച്ചത്തില്‍ ബഹളം വച്ചെങ്കിലും അജ്മല്‍ കാര്‍ പിന്നോട്ടെടുത്തശേഷം അമിത വേഗത്തില്‍ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം നിറുത്താതെ പോവുകയായിരുന്നു.
കാര്‍ ആദ്യം രണ്ടു തവണ മുന്നോട്ടെടുത്തെങ്കിലും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. നിമിഷനേരത്തിനുള്ളില്‍ മൂന്നാമത് വീണ്ടും പിന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ കുഞ്ഞുമോളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.സ്ഥലത്തുണ്ടായിരുന്നവര്‍ പിന്തുടര്‍ന്നതോടെ അജ്മല്‍ കരുനാഗപ്പള്ളി കോടതിക്കു സമീപം കാര്‍ ഉപേക്ഷിച്ച് മതില്‍ചാടിക്കടന്ന് രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ വനിതാഡോക്ടറെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ ശൂരനാട് പതാരത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അജ്മലിനെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ കസ്റ്റഡിയിലായതിന് പിന്നാലെ തന്നെ ശ്രീക്കുട്ടിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.