'നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും; എനിക്ക് കുറച്ചു സമയം നല്‍കണം; മുഖ്യമന്ത്രിയായല്ല, സഹോദരിയായാണ് അഭ്യര്‍ഥിക്കുന്നത്'; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് മമത

'മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്'

Update: 2024-09-14 09:35 GMT

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഒരു മാസത്തിലേറെയായി തുടരുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് അനുനയ നീക്കവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ഇടപെടലുകള്‍ നിഷ്ഫലമായ സാഹചര്യത്തിലാണ് പ്രതിഷേധിക്കുന്നവര്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുനയ നീക്കം നടത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ സ്വാസ്ഥ്യ ഭവന് മുമ്പില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് മമതാ ബാനര്‍ജി ശനിയാഴ്ച പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

'എനിക്ക് നിങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങള്‍ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല', മമത പറഞ്ഞു.

'നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും. ഞാന്‍ ഒറ്റയ്ക്കല്ല സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന ഓഫീസര്‍മാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവര്‍ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ല. നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു', മമതാ ബാനര്‍ജി പറഞ്ഞു.

'നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ പരാതികള്‍ പരിശോധിക്കും. കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ് (ഡോക്ടര്‍മാര്‍ സെപ്റ്റംബര്‍ 10 നുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് കോടതി ഉത്തരവ്). അടുത്ത വാദം കേള്‍ക്കല്‍ ചൊവ്വാഴ്ചയാണ്. നിങ്ങള്‍ അനുഭവിക്കുന്നത് കാണാന്‍ വയ്യ. ഞാന്‍ ഒരു സഹോദരിയായാണ്, ഒരു മുഖ്യമന്ത്രി ആയിട്ടല്ല നിങ്ങളോട് വന്നഭ്യര്‍ഥിക്കുന്നത്. നിങ്ങളുടെ പ്രതിഷേധത്തെ ഞാന്‍ പിന്തുണയ്ക്കുന്നു', മമത കൂട്ടിച്ചേര്‍ത്തു

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായി ഡോക്ടര്‍മാരെ നിരന്തരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അവര്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്നാണ് മമത, രാജിക്കും തയ്യാറെന്ന പ്രതികരണവുമായി രംഗത്തെത്തിയത്.

പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി ബലാല്‍സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി നേരത്തെ ബംഗാള്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' സെപ്തംബര്‍ 3 ന് നിയമസഭയില്‍ അവതരിപ്പിച്ച് മമത സര്‍ക്കാര്‍ പാസാക്കിയെടുത്തിരുന്നു.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' പാസാക്കിയത്. ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരമിരിക്കുമെന്നടക്കം മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News