ഓസീസ് വനിതാ താരങ്ങളെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളി; മോഷണവും പിടിച്ചുപറിയും അടക്കം പത്ത് കേസുകളിലെ പ്രതി; അഖീല്‍ ഖാന്‍ ജയില്‍ മോചിതനായത് അടുത്തിടെ; വനിതാ ക്രിക്കറ്റര്‍മാരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ബിസിസിഐ
ഓസീസ് വനിതാ താരങ്ങളെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ലോകകപ്പിനെത്തിയ ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയായ 29-കാരന്‍ അഖീല്‍ ഖാനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ക്കെതിരേ മുമ്പും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അതിക്രമത്തിന് ഇരയായ രണ്ട് ഓസീസ് താരങ്ങളെ സന്ദര്‍ശിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഹിമാനി മിശ്ര പറഞ്ഞു. ഇന്‍ഡോറിലെ ഖജരാന സ്വദേശിയാണ് പ്രതി. എന്നാല്‍ ഇപ്പോള്‍ ആസാദ് നഗറിലാണ് ഇയാള്‍ താമസിക്കുന്നത്. അഖീലിനെതിരേ ലൈംഗിക പീഡനം, കവര്‍ച്ച, ആക്രമണം, കൊലപാതകശ്രമം എന്നിവയുള്‍പ്പെടെ കുറഞ്ഞത് 10 ക്രിമിനല്‍ കേസുകളെങ്കിലും ഉണ്ടെന്ന് അഡീഷണല്‍ ഡിസിപി ക്രൈം ബ്രാഞ്ച് രാജേഷ് ദണ്ഡോതിയ പറഞ്ഞു.
10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് ഇയാള്‍ ഭൈരവ്ഗഡ് ജയിലില്‍ നിന്ന് മോചിതനായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമേ, ആയുധ നിയമവും മയക്കുമരുന്ന് വിരുദ്ധ നിയമവും, നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്റ്റും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ രണ്ട് ഓസീസ് വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്ദോര്‍ ഖജരാന റോഡിന് സമീപമായിരുന്നു സംഭവം. ഓസീസ് ടീം ഇന്ദോറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് രാവിലെ അടുത്തുള്ള കഫേയിലേക്കിറങ്ങിയതായിരുന്നു താരങ്ങള്‍. പ്രതി അഖീല്‍ ഇവരെ ഇരുചക്ര വാഹനത്തില്‍ പിന്തുടരുകയും താരങ്ങളില്‍ ഒരാളെ അനുചിതമായി സ്പര്‍ശിക്കുകയുമായിരുന്നു.
താരങ്ങള്‍ ഉടന്‍ തന്നെ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മണ്‍സിനെ അറിയിച്ചു. അദ്ദേഹം പ്രാദേശിക സുരക്ഷാ ലെയ്സണ്‍ ഓഫീസര്‍മാരെ ബന്ധപ്പെടുകയും എംഐജി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം കണ്ട ഒരു ദൃക്സാക്ഷി മോട്ടോര്‍ സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതിയെടുത്തത് നിര്‍ണായകമായി. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ഹിമാനി മിശ്ര പിന്നീട് രണ്ട് കളിക്കാരെയും കാണുകയും അവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
അതേസമയം ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അതിക്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ചു ബിസിസിഐ രംഗത്തുവന്നിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇത്തരം അതിക്രമങ്ങള്‍ നേരിടാന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നടപടിയെടുക്കാന്‍ നീക്കം നടത്തുമെന്നും ബിസിസിഐ അറിയിച്ചു.
'ഇതൊരു അപലപനീയമായ സംഭവമാണ്, പക്ഷേ ഒറ്റപ്പെട്ടതാണ്. ഇന്ത്യ ആതിഥ്യമര്യാദയ്ക്കും കരുതലിനും പേരുകേട്ടതാണ്. ഇത്തരം സംഭവങ്ങളോട് ഞങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റവാളിയെ പിടികൂടാന്‍ പെട്ടെന്ന് നടപടിയെടുത്ത മധ്യപ്രദേശ് പോലീസിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു ' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്താവനയില്‍ പറഞ്ഞു.
