'മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു; മരം മുറിച്ച് കടത്തിയവര്‍ക്കും സ്വര്‍ണം കടത്തിയവര്‍ക്കുമെതിരെ നടപടിയില്ല'; ആരോപണ വിധേയരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയാക്കി പൊലീസ് ഗ്രൂപ്പുകള്‍
സര്‍ക്കാരിന്റെ ഇരട്ടനീതി, പൊലീസ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍
കോട്ടയം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെ സര്‍ക്കാര്‍ നിലപാട് അടക്കം ചര്‍ച്ചയാക്കി പൊലീസുകാര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍. 'പച്ചക്കറി മൊത്തവ്യാപാരക്കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവര്‍ക്കും സ്വര്‍ണം കടത്തിയവര്‍ക്കുമെതിരെ നടപടിയില്ല' പൊലീസ് സേനയിലെ ഇരട്ടനീതിയെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിക്കുന്നത്. ഗുരുതര ആരോപണങ്ങളുയര്‍ന്ന എഡിജിപി അജിത് കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരെയാണ് സന്ദേശം. മുന്‍ എസ്പി ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കുന്ന വിഡിയോയും പൊലീസുകാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
'മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു, തേക്കും മഹാഗണിയും വെട്ടിയയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. ഏതാണ് വലിയ കുറ്റം' എന്നായിരുന്നു മുന്‍ എസ്പിയുടെ വിമര്‍ശനം. മരം മുറിച്ചു കടത്തിയെന്ന ആരോപണം നേരിടുന്ന മുന്‍ മലപ്പുറം എസ്പി സുജിത് ദാസിനെതിരായിരുന്നു ആക്ഷേപം. സേനയില്‍ അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ലഭിക്കുന്നതിന് 2023ല്‍ നടന്ന സംഭവമാണ് റിട്ട.എസ്പി ചൂണ്ടിക്കാട്ടിയത്.
പച്ചക്കറി മൊത്തവ്യാപാരക്കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയാണ് 2023ല്‍ പിരിച്ചു വിട്ടത്. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി.ഷിഹാബിനെതിരെയാണു നടപടി എടുത്തത്. 2022 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്കു മുന്നില്‍ വച്ചിരുന്ന പെട്ടിയില്‍നിന്ന് മാങ്ങ മോഷ്ടിച്ചെന്നായിരുന്നു കേസ്. കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് കടയുടമ പരാതി പിന്‍വലിച്ചു. ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ അംഗീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. എന്നാല്‍, പൊലീസിന്റെ സല്‍പേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാന്‍ എസ്പി ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്തു. 2023 ഏപ്രില്‍ 23ന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. പല ഉദ്യോഗസ്ഥര്‍ക്ക് പല നീതിയെന്ന തരത്തിലാണ് പൊലീസുകാര്‍ക്കിടയിലെ ചര്‍ച്ച.
എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് വിവാദമായ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലയുമായി തൃശൂര്‍ വിദ്യാമന്ദിറില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്. രണ്ടാമത്തെ കൂടിക്കാഴ്ച കോവളത്ത് വെച്ച് രാം മാധവുമായിട്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ബിസിനസ് സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
കൂടിക്കാഴ്ചയില്‍ സര്‍വീസ് ചട്ടലംഘനമോ അധികാര ദുര്‍വിനിയോഗമോ ഉണ്ടോ എന്നത് അന്വേഷിക്കുന്നുണ്ട്. കൂടാതെ അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലെ അന്വേഷണം നടക്കും. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കാനുമാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണമടക്കം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്.
പി.വി.അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വര്‍ണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം. ''മുന്‍ മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വര്‍ണത്തിന്റെ നല്ലൊരു ഭാഗം അടിച്ചുമാറ്റി. നേരത്തേ കസ്റ്റംസില്‍ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയതായും പിവി അന്‍വര്‍ ആരോപിച്ചിരുന്നു.