മണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി; സ്വകാര്യ കമ്പനിയില്‍ നിലനിര്‍ത്താന്‍ ഇടപെടല്‍ തുടങ്ങിയത് രണ്ടുവര്‍ഷം മുമ്പ്; മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്ത് വിശദമായ ചര്‍ച്ചകള്‍; കരാര്‍ നീട്ടുന്നത് ഗുണകരമല്ലെന്ന് ചൂണ്ടിക്കാട്ടിയത് കെഎസ്ഇബി; എതിര്‍പ്പ് തള്ളിയത് വ്യവസായ വകുപ്പ്
മണിയാര്‍ പദ്ധതിയില്‍ കള്ളക്കളി നേരത്തെ തുടങ്ങി
തിരുവനന്തപുരം: ബി.ഒ.ടി കാലാവധി കഴിയുന്ന മുറക്ക് കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട മണിയാര്‍ ജലവൈദ്യുതി പദ്ധതി സ്വകാര്യമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ കള്ളക്കളികള്‍ നേരത്തെ തുടങ്ങി. രണ്ടുവര്‍ഷം മുമ്പേ ഇതിനായി വലിയ ഇടപെടല്‍ നടന്നെന്നാണ് വ്യക്തമാകുന്ന വിവരം. 2022 ഡിസംബറില്‍ നടന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തില്‍ മണിയാര്‍ വിഷയത്തില്‍ വ്യവസായ വകുപ്പ് സ്വീകരിച്ച നിലപാട് കെ.എസ്.ഇ.ബിയെ അറിയിച്ചതായാണ് രേഖകള്‍.
ബി.ഒ.ടി അടിസ്ഥാനത്തില്‍ നടക്കുന്ന ഇത്തരം ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ കരാര്‍ പുതുക്കുന്നതില്‍ വ്യവസായ വകുപ്പിന് ഉചിതമായ തീരുമാനമെടുക്കാനാവുമെന്ന അവകാശവാദവും കെ.എസ്.ഇ.ബിക്ക് മുമ്പാകെ ഉന്നയിച്ചു. കഴിഞ്ഞയാഴ്ച മണിയാര്‍ അടക്കമുള്ളവ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് സമാനമായി 2022ലും യോഗം ചേര്‍ന്നതായാണ് വ്യക്തമാവുന്നത്. 2022 ഡിസംബര്‍ 12നാണ് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മണിയാര്‍ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ചനടന്നത്.
2024ല്‍ അവസാനിക്കുന്ന കരാര്‍ നീട്ടിനല്‍കുന്നതിനെ ആസ്പദമാക്കിയായിരുന്നു ചര്‍ച്ച. കരാര്‍ നീട്ടുന്നത് സംസ്ഥാനത്തെ ഊര്‍ജ മേഖലക്കും ഗുണകരമല്ലാത്തതിനാല്‍ യോഗത്തിന് പിന്നാലെ ഡിസംബര്‍ 20ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തും നല്‍കി.
വര്‍ഷം മുഴുവനും വൈദ്യുതോല്‍പാദനം സാധ്യമാവുന്ന പദ്ധതിയെന്ന പ്രത്യേകത മൂലം മണിയാര്‍ പൊതുമേലഖയില്‍ വരുന്നതിലൂടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള നേട്ടമടക്കം കത്തില്‍ ചൂണ്ടിക്കാട്ടി. അതസമയം മണിയാര്‍ ജലവൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തു നല്‍കി. തിരിച്ചെടുക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും അഴിമതിയുമാണെന്ന് മുഖ്യമന്ത്രിക്കുനല്‍കിയ കത്തില്‍ അദ്ദേഹം പറഞ്ഞു.
യൂണിറ്റിന് വെറും 50 പൈസ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയമാണ്. കെ.എസ്.ഇ.ബി. ചെയര്‍മാനും ചീഫ് എന്‍ജിനിയറും ഊര്‍ജസെക്രട്ടറിക്ക് നല്‍കിയ കത്തില്‍ കരാര്‍ നീട്ടുന്നതിനെ എതിര്‍ത്തിട്ടുണ്ട്. പദ്ധതി കൈമാറിക്കിട്ടിയാല്‍ 10 വര്‍ഷംകൊണ്ട് ഏതാണ്ട് 140 കോടിയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സര്‍ക്കാരിന്റെതെന്നും 12 മെഗാവാട്ട് മണിയാര്‍ ജല വൈദ്യുത പദ്ധതി കരാര്‍ കാര്‍ബോറണ്ടം ഗ്രൂപ്പിന് 25 വര്‍ഷം കൂടി നീട്ടിനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത് പിണറായി സര്‍ക്കാരിന്റെ അഴിമതികളുടെ കൂട്ടത്തില്‍ മറ്റൊരു പൊന്‍തൂവലാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.30 വര്‍ഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ കലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേര്‍ന്ന് നീട്ടിനല്‍കാന്‍ ശ്രമിക്കുന്നത്. 45000 കോടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ബോര്‍ഡിനും അതിന്റെ ബാധ്യത ഏറ്റുവാങ്ങുന്ന ജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന പദ്ധതിയെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
യൂണിറ്റിന് 50 പൈസക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന നിലയമാണിത്. കരാര്‍ കാലാവധി കഴിഞ്ഞ് കെഎസ്ഇബി ഏറ്റെടുത്തിരുന്നെങ്കില്‍ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുമായിരുന്നു. എന്നാല്‍ മുടന്തന്‍ വാദഗതി ഉയര്‍ത്തി ഒരു ചര്‍ച്ചയും നടത്താതെണ് മൂവര്‍ സംഘം ഈ കമ്പനിക്ക് തന്നെ വീണ്ടും നല്‍കുന്നത്. കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടിനല്‍കുന്നതിനുള്ള കെഎസ്ഇബിയുടെ എതിര്‍പ്പിനെ അവഗണിച്ച് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിന് പിന്നില്‍ കോടികളുടെ കോഴയിടപാടാണെന്നും സുധാകരന്‍ ആരോപിച്ചു.
കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് വൈദ്യുതി ലഭിക്കുമായിരുന്ന കരാര്‍ റദ്ദാക്കി ഉയര്‍ന്ന വിലയക്ക് വൈദ്യുതി വാങ്ങുന്ന കരാര്‍ ഉണ്ടാക്കിയ അഴിമതിയുടെ തുടര്‍ച്ചയാണ് കാര്‍ബോറണ്ടത്തിന് കരാര്‍ കാലാവധി നീട്ടിനല്‍കുന്നതിലും നടന്നിരിക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതിയെ അഴിമതിയില്‍ മുക്കിയാണ് സ്വകാര്യ കമ്പനിക്ക് വില്‍ക്കുന്നതെന്നും ഈ കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും കെ.സുധാകരന്‍ പറഞ്ഞു.