ദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്ക്; സഹായിക്കാന്‍ എത്തുന്നവര്‍ക്ക് ദിവസ മുറി വാടക 4500 രൂപ; സ്യൂട്ട് റൂമില്‍ റവന്യൂക്കാര്‍ അടിച്ചു പൊളിക്കുമ്പോള്‍ മേപ്പാടിയില്‍ പാവങ്ങള്‍ക്ക് നല്‍കുന്നത് പുഴവരിച്ച പഴകിയ ഭക്ഷ്യ വസ്തുക്കള്‍; പ്രതിഷേധവും ധൂര്‍ത്തും ദുരന്തത്തിന്റെ രണ്ട് വശങ്ങളാകുമ്പോള്‍
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തം ആഘോഷമാക്കുകയായിരുന്നു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരുമെന്ന് വെളിപ്പെടുത്തി ബില്‍ കണക്കുകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഇവര്‍ നല്‍കിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് കേരളത്തെ ഞെട്ടിച്ച കണക്കുകളായി മാറുന്നത്. ഇതിനൊപ്പം വേണം ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതായി പരാതിയേയും ചേര്‍ത്ത് വായിക്കേണ്ടത്. ആശ്വാസം ലഭിക്കേണ്ടവര്‍ക്ക് ദുരിതവും ഉദ്യോഗസ്ഥര്‍ക്ക് സുഖ ജീവിതവും.
ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. ഭക്ഷ്യകിറ്റിലെ അരി, റവ തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും ദുരന്തബാധിതര്‍ പറയുന്നു. പുഴുവരിച്ചവയായിരുന്നു ഇതെല്ലാം. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ മേപ്പാടി പഞ്ചായത്തിലെത്തി കുത്തിയിരുന്നു പ്രതിഷേധിച്ചു. മൃഗങ്ങള്‍ക്കു പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷണങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളുമാണ് വിതരണം ചെയ്തതെന്നും ആളുകള്‍ പറയുന്നു. ദുരന്തബാധിതര്‍ക്ക് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ സാധനങ്ങളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പഞ്ചായത്തിലെ സാധനങ്ങള്‍ തകര്‍ത്താണ് പ്രവര്‍ത്തര്‍ പ്രതിഷേധിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ കിറ്റുകളിലാണ് പുഴുവരിച്ച സാധനങ്ങള്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പഞ്ചായത്ത് അടിയന്തരമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. പഴകിയ സാധനങ്ങള്‍ക്ക് പകരം പുതിയ സാധനങ്ങള്‍ വീടുകളിലെത്തിക്കാമെന്ന് പഞ്ചായത്ത് ഭരണസമിതി സമ്മതിച്ചിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ജനകീയ പ്രതിഷേധം അതിന് അപ്പുറത്തേക്ക് പോകുന്നു. ഇത്തരം സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥ ധൂര്‍ത്തിന്റെ വാര്‍ത്തകളും ചര്‍ച്ചകളില്‍ എത്തുന്നത്.
നിരവധി മനുഷ്യജീവന്‍ അപഹരിച്ച ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷിച്ചപ്പോള്‍
4,000 രൂപയ്ക്ക് മുകളില്‍ ദിവസവാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇയാള്‍ താമസിച്ചതിന്റെ വാടകയായി 1,92,000 രൂപയാണ് ബില്ലില്‍ കാണിച്ചിരിക്കുന്നത്. ദുരന്തത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോസ്ഥര്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഇവരെല്ലാം നിലവില്‍ സുഖവാസത്തിലാണ്. തിരുവനന്തപുരത്തു നിന്ന് നിയോഗിക്കപ്പെട്ട, മുമ്പ് വയനാട് ജില്ലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തിയതു മുതല്‍ താമസിക്കുന്നത് പ്രതിദിനം 4,500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇതുവരെയുള്ള വാടകയിനത്തില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.
ദുരന്തത്തിനിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരുമാസം 6,000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം. 6,000 രൂപ മാസവാടക തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിന് പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐ.എ.എസുകാര്‍ ഉള്‍പ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മാറാനായി നല്‍കിയിട്ടുള്ളത്.
കലക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് എത്തിച്ചത്. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാര്‍ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. സ്‌പെഷല്‍ ഓഫിസര്‍മാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ജോലിയൊന്നും ഇല്ലാത്തതിനാല്‍ കലക്ടറേറ്റിലെ മറ്റു സെക്ഷനുകളില്‍ കയറി ഇടപെടുന്നത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നന്നായി ജോലി ചെയ്യുന്ന ഉദ്യേഗസ്ഥരെ കുറിച്ചുപോലും കലക്ടറെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതില്‍ ഒരു ഉദ്യോഗസ്ഥനെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
അതേസമയം, ഇപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത നിരവധിയാളുകള്‍ കലക്ടറേറ്റില്‍ കയറിയിറങ്ങുകയാണ്. ഇവര്‍ക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഒരു ഫോമില്‍ പരാതി എഴുതിവാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ഇതിനിടയിലാണ് ചിലര്‍ ദുരന്തം പോലും ആഘോഷമാക്കി മാറ്റുന്നത്.
ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇക്കാഗ്യങ്ങളെല്ലാം പുറത്തുവരാന്‍ കാരണം. ഉദ്യോഗസ്ഥരുടെ പരസ്പര പാരവയ്പിന്റെ ഭാഗമായി ചില ഉന്നത ഉദ്യോഗസ്ഥരുടെ കൈക്കൂലി കഥകളും പുറത്തുവരുന്നുണ്ട്.