ഉപേക്ഷിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിക്കും; ആറ് പതിറ്റാണ്ടോളം ഇന്ത്യന്‍ വ്യോമസേനയുടെ മുന്നണിപ്പോരാളിയായിരുന്ന മിഗ്-21 ഇനി മ്യൂസിയങ്ങളിലേക്കോ? ഡീകമ്മീഷന്‍ ചെയ്യുന്ന പോര്‍വിമാനങ്ങള്‍ക്ക് വിവിധ സാധ്യതകള്‍

ഡീകമ്മീഷന്‍ ചെയ്യുന്ന പോര്‍വിമാനങ്ങള്‍ക്ക് വിവിധ സാധ്യതകള്‍

Update: 2025-09-26 12:58 GMT

ന്യൂഡല്‍ഹി: ആറു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ വ്യോമസേനയുടെ നെടുംതൂണായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ ഇനി ചരിത്രത്തിന്റെ ഭാഗം. മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഔദ്യോഗികമായി യാത്രയപ്പ് നല്‍കി. ചണ്ഡിഗഡ് വ്യോമതാവളത്തില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്- 21-നായി ഒരുക്കിയത്. ഇതിന് പിന്നാലെ ഏവര്‍ക്കും തോന്നുന്ന സംശയമാകും ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുകയെന്നതാണ്. ഇന്ത്യയില്‍ ഇത്തരത്തില്‍ സൈന്യത്തില്‍ നിന്ന് പോര്‍വിമാനങ്ങള്‍ക്ക് വിവിധ സാധ്യതകളുണ്ട്. ഇവയുടെ ഭാഗങ്ങള്‍ ഉപകരണങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കുമായി വേര്‍തിരിച്ചെടുക്കാം, അല്ലെങ്കില്‍ മ്യൂസിയങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും പ്രദര്‍ശനത്തിന് വെക്കാം.

ഒരു വിമാനം ഡീകമ്മീഷന്‍ ചെയ്യുമ്പോള്‍, അതിന്റെ പ്രവര്‍ത്തന മികവ് അനുസരിച്ച് അത് വിശകലനം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്, അതിനുശേഷമാണ് അതില്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. ഭൂരിഭാ ഗവും സ്‌പെയര്‍ പാര്‍ട്സുകള്‍ക്കായി വിമാനം വേര്‍പെടുത്തി പുറത്തെടുക്കുകയും ബാക്കിയുള്ള പൊളിച്ച് സ്‌ക്രാപ്പിനായി വില്‍ക്കുകയും ചെയ്യുന്നതാണ് രീതി. എന്നിരുന്നാലും, വിമാനത്തിനുള്ളിലെ റഡാറുകള്‍, സെന്‍സറുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, കോക്ക്പിറ്റ് ഇലക്ട്രോണിക്‌സ് എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുമുമ്പ് ശ്രദ്ധാപൂര്‍വ്വമാണ് ഇത് നീക്കംചെയ്യുന്നത്. കാരണം ചില സന്ദര്‍ഭങ്ങളില്‍, ഇപ്പോഴും ഉപയോഗത്തിനുള്ള മറ്റ് വിമാനങ്ങളില്‍ ഇവ വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നതിനാലാണ്.

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ഇതിനുദാഹരണം. ഉദാഹരണത്തിന്, 2014 ല്‍, ഡീകമ്മീഷന്‍ ചെയ്തിരുന്ന ഐഎന്‍എസ് വിക്രാന്ത്, ഐബി കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് 60 കോടി രൂപയ്ക്ക് സ്‌ക്രാപ്പായി വിറ്റു. എല്ലാ സൈനിക വിമാനങ്ങളും ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കി ആക്രിയായി വില്‍ക്കാറില്ല. ചിലത് മ്യൂസിയങ്ങളിലോ സൈനിക സ്ഥാപനങ്ങളിലോ പ്രദര്‍ശിപ്പിക്കാറുമുണ്ട്. ഈ പൊതു പ്രദര്‍ശനങ്ങള്‍ യുവാക്കളെ സായുധ സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനും ഉദാഹരണമുണ്ട്, സോവിയറ്റ് കാലഘട്ടത്തില്‍ കമ്മീഷന്‍ ചെയ്ത TU-142M യുദ്ധവിമാനം 2017 ല്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കാനായി മാറ്റിയിട്ടുണ്ട്. വിശാഖപട്ടണത്തിന്റെ കടല്‍ത്തീരത്തായി സ്ഥിതി ചെയ്യുന്ന ഈ യുദ്ധവിമാനം പ്രദേശത്തെ വിനോദസഞ്ചാര മേഖലയിലെ മുഖ്യ ആകര്‍ഷണമാണ്. മറ്റുള്ളവ സ്വകാര്യ വ്യക്തികള്‍ക്കും വില്‍ക്കാറുണ്ട്. 2019-ല്‍, ഫ്രഞ്ച് വൈന്‍ നിര്‍മ്മാതാവായ മൈക്കല്‍ പോണ്ട് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഫൈറ്റര്‍ ജെറ്റുകളുടെ ശേഖരം കൈവശം വച്ചതിന്റെ ബഹുമതി നേടിയിരുന്നു. ജെറ്റ് യുഗത്തിന്റെ ഉദയം മുതല്‍ റോയല്‍ എയര്‍ഫോഴ്സിന്റെ മെറ്റിയര്‍ ഫൈറ്റര്‍ വരെയുള്ള വിമാനങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

ശ്രദ്ധേയമായ കാര്യം ഈ വിമാനങ്ങള്‍ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനോ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതിനോ മുമ്പ്, അവയുടെ ഭാഗങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു എന്നതാണ്. മാത്രമല്ല യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് വിദേശികള്‍ക്ക് വിലക്കുള്ള ചില വിമാനങ്ങളുണ്ട്. സുരക്ഷാ നിയന്ത്രണങ്ങള്‍ കാരണം വിദേശികള്‍ക്ക് വാങ്ങാന്‍ പൂര്‍ണ്ണമായും വിലക്കുള്ള F-22 റാപ്റ്റര്‍ അത്തരമൊരു വിമാനമാണ്.

ചില സന്ദര്‍ഭങ്ങളില്‍, ഇത്തരംജെറ്റുകള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നതിനായി പുനര്‍നിര്‍മ്മിക്കാറുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാര്‍ പഴയതും വിലകുറഞ്ഞതുമായ വിമാനങ്ങള്‍ പരിശീലനത്തിനായി ഉപയോഗിച്ചിരുന്നു.

ഇനി പൊതുവായി പരിശോധിച്ചാല്‍ രസകരമായ കാര്യം, യുഎസില്‍ കാലപ്പഴക്കം വരുന്ന ഇത്തരം വിമാനങ്ങള്‍, അത് സൈനികമോ സിവിലിയനോ ആകട്ടെ, അരിസോണ മരുഭൂമിയിലെ ഡേവിസ്-മോന്തന്‍ എയര്‍ ബേസിലേക്ക് മാറ്റുന്നു എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റുകളുടെ ശവപ്പറമ്പും ഇതാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ സര്‍വീസ് നിര്‍ത്തിയ എല്ലാ വിമാനങ്ങളും ഉള്‍പ്പെടെ, 32 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന കാലഹരണപ്പെട്ട വിമാനങ്ങള്‍ അതിന്റെ 2,600 ഏക്കറില്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 4,400 ജെറ്റുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്തായാലും ഒരു വിമാനം ഡീകമ്മീഷന്‍ ചെയ്യുന്നത് കൗതുകകരവും അതോടൊപ്പം തന്നെ അതിന്റെ ഭാ ഗമായി നിന്നവര്‍ക്ക് അതൊരു ഹൃദയഭേദകവുമായ ഒരു നിമിഷമാണ്.

Tags:    

Similar News