കശ്മീരിനെ ലാക്കാക്കുന്ന ഭീകരര്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്‍ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള്‍ മാറുമ്പോള്‍
ഭീകരരുടെ രീതികള്‍ മാറുമ്പോള്‍
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിലെ പങ്ക് പാക്കിസ്ഥാന്‍ ഔദ്യോഗികമായി നിഷേധിച്ചെങ്കിലും, ഇന്ത്യ അതുമുഖവിലയ്ക്ക് എടുത്തിട്ടില്ല. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രസ്താവിച്ചത്. പഹല്‍ഗാമിലെ പുല്‍മേട്ടില്‍ വിനോദ സഞ്ചാരികളുടെ നേരേ വെടിയുതിര്‍ത്തത് ഏഴുഭീകരര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. അതില്‍ രണ്ടുപേര്‍ മാത്രമാണ് കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍. വിദേശ ഭീകരര്‍ സംസാരിച്ച ഉര്‍ദ്ദുശൈലി പാക്കിസ്ഥാനിലെ ചില ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ഇവര്‍ക്കൊപ്പം രണ്ടുപ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. എന്നാല്‍, കശ്മീരിന്റെ ഏതുഭാഗത്ത് നിന്നാണ് ഇവര്‍ വരുന്നതെന്ന് വ്യക്തമല്ല.
മൂന്നുഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരര്‍ എല്ലാം പീര്‍ പഞ്ചാല്‍ മലനിരകളിലേക്ക് രക്ഷപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. ഇവര്‍ക്കായി സൈന്യവും കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗങ്ങളും ജനമ്മു-കശ്മീര്‍ പൊലീസും തിരച്ചില്‍ തുടരുകയാണ്.
ഭീകരരുടെ പക്കല്‍ ബോഡി ക്യാമറകള്‍ ഉണ്ടായിരുന്നു. ഇത് ഇക്കാലത്ത് പതിവാണെന്ന് ജമ്മു-കശ്മീര് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മുവില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായ എല്ലാ ആക്രമണങ്ങളിലും ബോഡി ക്യാമറകള്‍ ഉണ്ടായിരുന്നു. ഈ വീഡിയോകളെല്ലാം പ്രചാരണ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത്തരം വീഡിയോകള്‍ ഉപയോഗിച്ച് ലഷ്‌കറി തോയിബ പ്രചാരണ വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്. മിക്ക വിനോദ സഞ്ചാരികളുടെയും തലയിലോ നെഞ്ചിലോ വെടിവച്ചാണ് ഭീകരര്‍ മരണം ഉറപ്പാക്കിയത്.
എങ്ങനെ ഭീകരര്‍ കശ്മീരിലെത്തി?
എങ്ങനെയാണ് ഭീകരര്‍ കശ്മീരില്‍ പ്രവേശിച്ചതെന്നോ, അവരെത്ര നാളായി താഴ് വരയില്‍ ഉണ്ടായിരുന്നുവെന്നോ വ്യക്തമല്ല. അതിര്‍ത്തിയിലെ പഴുതുകള്‍ ഉപയോഗിച്ച് നുഴഞ്ഞുകയറിയതാകാം എന്നാണ് പ്രാഥമിക നിഗമനം.
മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എഫ്‌ഐആര്‍ ഇട്ട ശേഷം ലോക്കല്‍ പൊലീസില്‍ നിന്ന് എന്‍ ഐ എ അന്വേഷണം ഏറ്റെടുക്കും. ശ്രീനഗറില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഐബി, സൈനിക, പൊലീസ് ഉന്നതരുടെ യോഗം വിളിക്കുകയും ആക്രമണത്തിന് ഇരകളായവരെ സന്ദര്‍ശിക്കുകയും ചെയ്തു.
ഭീകരര്‍ കാട്ടില്‍ നിന്നാണ് വന്നതെന്നും കൂട്ടക്കുരുതിക്ക് ശേഷം ആ വഴി തന്നെ മടങ്ങിയെന്നും ജമ്മു-കശ്മീര് പൊലീസ് വിലയിരുത്തുന്നു. സമീപത്ത് നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ ബൈക്ക് കണ്ടെത്തിയെങ്കിലും അത് ഭീകരരെ കടത്താന്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നിഗമനം.
ഈ പ്രദേശം വിശാലമായ പുല്‍ത്തകിടിയാണ്. ഇവിടെ ടെന്റുകളും ടൂറിസ്റ്റുകള്‍ക്ക് ഇരിക്കാന്‍ പ്ലാസ്റ്റിക് കസേരകളും ഉണ്ട്. ചില പ്രാദേശിക കച്ചവടക്കാര്‍ കഹ്വ, ചിപ്‌സ്, ബിസ്‌കറ്റ് എന്നിവ സഞ്ചാരികള്‍ക്ക് വില്‍ക്കുന്നു. 6 കിലോമീറ്റര്‍ അകലെയായ പഹല്‍ഗാം മാര്‍ക്കറ്റില്‍ നിന്ന് കാല്‍നടയായോ കുതിരപ്പുറത്തോ ആണ് വിനോദ സഞ്ചാരികള്‍ എത്താറുള്ളത്.
ഒരുവശത്തുളള ഹപാത്‌നറിനെയും മറുവശത്തുള്ള ചന്ദന്‍വാരിയെയും ബന്ധിപ്പിക്കുന്ന വളരെ വലിയ ഇടതൂര്‍ന്ന കാടാണ്. കാട്ടിലൂടെ രക്ഷപ്പെട്ട ഭീകരര്‍ ട്രാളില്‍ പോലും എത്തിയിരിക്കാമെന്നാണ് കണക്കാക്കുന്നത്. ഇത്തരം ഒരു സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞില്ല എന്ന ചോദ്യത്തിന് ഭീകരരുടെ രീതികള്‍ വളരെയേറെ മാറി എന്നതാണ് മറുപടി. ' ഉദാഹരണത്തിന് അനന്തനാഗ് ജില്ലയില്‍ ഉടനീളം ഒരു പ്രാദേശിക ഭീകരവാദി പോലും സജീവമല്ല. ചില ഇന്റലിജന്‍സ് വിവരങ്ങള്‍ കിട്ടിയെങ്കിലും അത് പഹല്‍ഗാമിനെ കുറിച്ചായിരുന്നില്ല. റെയില്‍വേക്ക് നേരേയോ പുറത്തുനിന്ന് വന്ന ജോലി ചെയ്യുന്നവര്‍ക്ക് നേരേയോ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു', ജമ്മു-കശ്മീര്‍ പൊലീസിലെ ഉന്നതന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഈ ഭീകരര്‍ ചെറിയ ഗ്രൂപ്പുകളായാണ് ഓപ്പറേറ്റ് ചെയ്യുന്നത്. മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല. അവര്‍ ഇലക്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല. അതുകൊണ്ട് സാങ്കേതിക വിവരം കിട്ടുക വിഷമകരം. അവര്‍ എപ്പോഴും നീങ്ങി കൊണ്ടിരിക്കും. സോന്നാര്‍ഗില്‍ ഒരുസംഘം ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തുമ്പോഴേക്കും അവര്‍ മറ്റൊരിടത്തേക്ക് മാറിയിരിക്കും. ഏതാനും ദിവസത്തിനകം അവര്‍ പഹല്‍ഗാമിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലോ ബന്ദിപോരില്‍ പോലുമോ എത്തി ചേരാം, പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമീപകാലത്തായി പഹല്‍ഗാമില്‍ വന്‍ ടൂറിസ്റ്റ് തിരക്കാണ്. ഒരു പാര്‍ക്കിങ് സ്ഥലം പോലും കിട്ടാനില്ല. പട്ടണത്തിന്റെ വിവിധ ഭാഗങ്ങള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ പോണികളെ ഉപയോഗിക്കാറുണ്ട്്. അതുകൊണ്ട് തന്നെ ഭീകരരെ പിന്തുടരുന്നതും വിഷമകരമാണ്.