മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം: ശബരിമല ദര്‍ശനത്തിനിടെ 'സ്വന്തം ഇച്ചാക്ക'യുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍; വല്യേട്ടന്റെ ആരോഗ്യത്തിനായി വഴിപാട് അര്‍പ്പിച്ച താരം മലയിറങ്ങുക രാവിലെ നെയ്യഭിഷേകം നടത്തിയ ശേഷം; കെട്ട് നിറച്ചത് പമ്പ ഗണപതി കോവിലില്‍ നിന്ന്
'സ്വന്തം ഇച്ചാക്ക'യുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനിടെ മോഹന്‍ലാല്‍, നടന്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടന്‍ വഴിപാട് അര്‍പ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.
ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് മോഹന്‍ലാല്‍ മല കയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ നടന്‍ രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.
മോഹന്‍ലാല്‍ പമ്പയിലെത്തിയപ്പോള്‍ തന്നെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്. ഈ മാസം മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.
എറണാകുളത്ത് നിന്നുമാണ് മോഹന്‍ലാല്‍ എത്തിയത്. വൈകിട്ട് നാലിന് പമ്പയില്‍ എത്തിയ മോഹന്‍ലാല്‍ അവിടെ നിന്നും കെട്ട് നിറച്ച് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്ത് പത്തി. പതിനെട്ടാം പടി കയറി വൈകിട്ട് 6.15ന് ദര്‍ശനം നടത്തി. തുടര്‍ന്ന് മാളികപ്പുറത്തും ദര്‍ശനം നടത്തി. മേല്‍ശാന്തിയേയും തന്ത്രിയേയും സന്ദര്‍ശിച്ചു. ഏഷ്യാനെറ്റ് ചെയര്‍മാന്‍ മാധവന്‍, തിരുവിതാംകൂര്‍ ദേവസ്വം മുന്‍ തിരുവാഭരണം കമ്മീഷണര്‍ അജിത്ത് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു. 2015 ലാണ് ഇതിന് മുന്‍പ് അദ്ദേഹം ദര്‍ശനത്തിനെത്തിയത്. നാളെ പുലര്‍ച്ചെ മലയിറങ്ങും.
അതേസമയം, കുടലിലെ അസുഖത്തിന് ചികില്‍സയിലുള്ള സൂപ്പര്‍ താരം മമ്മൂട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രി സൂചിപ്പിച്ചു. രണ്ടാഴ്ചയായി മമ്മൂട്ടി ചികില്‍സയിലാണ്. രോഗ നിര്‍ണ്ണയം പ്രാരംഭ ഘട്ടത്തില്‍ തന്നെ നടന്നതു കൊണ്ട് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നടനുണ്ടായില്ല. പ്രാഥമിക ചികില്‍സകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. താമസിയാതെ തന്നെ സിനിമാ അഭിനയത്തിലും സജീവമാകും.
ആരോഗ്യത്തിലെ ഗുരുതരാവസ്ഥയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങളും അറിയിക്കുന്നുണ്ട്. തുടക്കം മുതല്‍ തന്നെ ചികില്‍സാ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും സജീവ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് മമ്മൂട്ടിയുടെ ചികില്‍സാകാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ ചികില്‍സയ്ക്ക് മേല്‍നോട്ടം നല്‍കുന്നത്. വിദേശത്ത് അടക്കം പോയുള്ള ചികില്‍സയുടെ ആവശ്യം ഈ ഘട്ടത്തില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഷൂട്ടിംഗ് നിര്‍ത്തി അച്ഛന്റെ ചികില്‍സയ്ക്ക് പോയെന്ന സോഷ്യല്‍ മീഡിയാ ചര്‍ച്ചയോടെയാണ് മമ്മൂട്ടിയുടെ അസുഖ വിവരം സോഷ്യല്‍ മീഡിയയില്‍ പലവിധ അഭ്യൂഹമായി മാറിയത്.
മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയില്‍ പൂര്‍ത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനില്‍ ഒന്നിക്കുന്നു ഈ മള്‍ട്ടിസ്റ്റാര്‍. താല്‍ക്കാലികമായി എംഎംഎംഎന്‍ (മമ്മൂട്ടി, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്തിടെ, മമ്മൂട്ടി തന്റെ വരാനിരിക്കുന്ന ചിത്രമായ ബസൂക്കയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. 2023 ല്‍ പ്രഖ്യാപിച്ച ചിത്രം, നിര്‍മ്മാണവും പോസ്റ്റ്-പ്രൊഡക്ഷനും കഴിഞ്ഞ് 2025 ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ഒരു ആക്ഷന്‍ ത്രില്ലറാണ് ബസൂക്ക. റമദാന്‍ കാലം കൂടി ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ക്കറും ചെന്നൈയില്‍ താമസിച്ചു വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ എത്തിയത്. ട്വിറ്ററിലും മറ്റുമായി ചില ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയത് മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നമെന്ന പ്രചരണം ശക്തമായത്.
നടനുണ്ടായ ആരോഗ്യകരമായ പ്രശ്നങ്ങളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നാണ് വരുണ്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. എന്തുപറ്റി മമ്മൂട്ടിക്ക് എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ മറുപടി നല്‍കി. ഇത് കൂടാതെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. താരത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു, ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നിങ്ങനെ പലവിധത്തിലാണ് പ്രചരണം വന്നത്. ഇതോടെ ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടന് മമ്മൂട്ടിക്ക് നേരിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവസ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്‌നോസ് ചെയ്തത്. എന്നാല്‍, ഇത് അത്ര ഗൗരവമുള്ളതല്ലെന്നും നിസ്സാര പ്രശ്നമാണെന്നുമാണ് അറിയാന്‍ മമ്മൂട്ടിയുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളെത്തി. ഇതിലെ വസ്തുതകളാണ് മറുനാടന്‍ രണ്ടു ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.