'അംഗവൈകല്യങ്ങള്‍ക്ക് കാരണം മുജ്ജന്മ പാപം; അതുകൊണ്ടാണ് ദൈവം എല്ലാവരെയും ഒരുപോലെ സൃഷ്ടിക്കാത്തത്'; കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ മഹാവിഷ്ണു അറസ്റ്റില്‍
അശാസ്ത്രീയത സ്‌കൂളില്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍
ചെന്നൈ: കേരളത്തിടലക്കം വലിയ പ്രശ്നമുണ്ടാക്കുന്ന ഒരു വിഭാഗമാണ് അശാസ്ത്രീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന സ്യൂഡോ മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍. മതാന്ധവിശ്വാസങ്ങളം, ശാസ്ത്രവിരുദ്ധമായ അറിവുകളും കുട്ടികളെ നേര്‍ക്ക് അടിച്ചേല്‍പ്പിക്കുന്ന ഇത്തരം 'മോട്ടി വിഷങ്ങളെ' കര്‍ശനമായി നേരിടാന്‍ ഒരുങ്ങുകയാണ്, തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തനായ യുവ മോട്ടിവേഷന്‍ സ്പീക്കര്‍ മഹാവിഷ്ണുവിന്റെ അറസ്റ്റിലൂടെ സ്്റ്റാലിന്‍ സര്‍ക്കാര്‍ കൃത്യമായ സൂചനയാണ് നല്‍കുന്നത്.
തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തനായ മോട്ടിവേഷന്‍ സ്പീക്കറായ യുവാവാണ് മഹാവിഷ്ണു. പയ്യന്‍ ആണ് എങ്കിലും കിടിലന്‍ വാക്ചാതുരിയും ആത്മവിശ്വാസവുമാണ് ഇയാള്‍ക്ക്. അത് കൊണ്ടുതന്നെ ഒരു നടന് കിട്ടുന്നപോലെത്തെ ഫാന്‍ ഫോളോവേഴ്സ് വിഷ്ണുവിനും ഉണ്ടായിരുന്നു. പക്ഷേ മഹാവിഷ്ണുവിന്റെ കയ്യിലുള്ള ഐറ്റം പക്ഷേ അന്ധവിശ്വാസങ്ങളും സ്യൂഡോ സയന്‍സും ഒക്കെയാണ്. സ്‌കൂളിലെ കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുക്കുമ്പോള്‍ മഹാവിഷ്ണു തട്ടിവിടുന്നത് പുണ്യപാപ സിദ്ധാന്തങ്ങളും പുനര്‍ജന്‍മവും ഒക്കെയാണ്. കഴിഞ്ഞ ജന്‍മത്തില്‍ ചെയ്ത പാപം കാരണം ആണ് പലരും ഈ ജന്‍മത്തില്‍ ദുരിതം അനുഭവിക്കുന്നത് എന്നാണ് യുവ പ്രഭാഷകന്‍ കുട്ടികളോട് പറയാറുള്ളത്്.
ചെന്നൈയിലെ അശോക് നഗറിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു പരിപാടിക്കിടെ കഴിഞ്ഞയാഴ്ച വിഷ്ണു ആവര്‍ത്തിച്ചതും ഇതുതന്നെയാണ്. സ്പിരിറ്റ്വല്‍ അവേക്കനിങ് ക്ലാസ് എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്. 'നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് മരിക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? നിങ്ങളുടെ അടുത്ത ജന്മം വളരെ ക്രൂരമായിരിക്കും. എത്രയോ ആളുകളാണ് കൈയില്ലാതെയും കാലില്ലാതെയും കണ്ണില്ലാതെയും ജനിക്കുന്നത്. നിരവധി പേര്‍ വീടില്ലാതേയും രോഗങ്ങളോടെയും ജനിക്കുന്നു. ദൈവം കാരുണ്യവാനായിരുന്നുവെങ്കില്‍ എല്ലാവരേയും ഒരുപോലെ സൃഷ്ടിക്കണമായിരുന്നു. എന്തുകൊണ്ടാണ് ദൈവം അങ്ങനെ ചെയ്യാതിരുന്നത്? കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളാണ് നിങ്ങളുടെ ഈ ജന്മത്തിന്റെ അടിസ്ഥാനം.' -മഹാവിഷ്ണു പറഞ്ഞു.
മഹാവിഷ്ണുവിന്റെ പരാമര്‍ശത്തെ സ്‌കൂളിലെ കാഴ്ചാപരിമിതിയുള്ള അധ്യാപകനായ ശങ്കര്‍ ഉടനടി ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് അദ്ദേഹം, മഹാവിഷ്ണുവിനോട് ചോദിച്ചു. അപ്പോള്‍, ശങ്കറിനെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു മഹാവിഷ്ണുവിന്റെ മറുപടി. അദ്ദേഹമുയര്‍ത്തിയ എതിര്‍പ്പിനെ തള്ളിക്കളഞ്ഞ മഹാവിഷ്ണു, തന്നെ ചോദ്യം ചെയ്യാന്‍ ശങ്കറിന് എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു. വിഷുണു തുടര്‍ന്ന് പറഞ്ഞതും വലിയ അബദ്ധങ്ങളായിരുന്നു. 'നമ്മളുടെ ഗുരുകുലങ്ങള്‍ നശിപ്പിച്ചത് ബ്രട്ടീഷ്‌കാരാണ്. പണ്ടത്തെ താളിയോലകളിലെ മന്ത്രങ്ങള്‍ ഉപയോഗിച്ച് തീ മഴ പെയ്യിക്കാനും മഹാമാരികള്‍ മാറ്റാനും ആളുകളെ പറപ്പിക്കാനും ഒക്കെ കഴിയുമായിരുന്നു. ഈ രഹസ്യങ്ങള്‍ എല്ലാം ബ്രിട്ടീഷ്‌കാര്‍ നശിപ്പിച്ചു''- ഇതിന്റെ വീഡിയോ ദൃശ്യം ഉടനടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വലിയ ജനരോഷമാണ് ഉയര്‍ന്നത്.
മുഴുവന്‍ ഭിന്നശേഷിക്കാരുടെ സമൂഹത്തേയുമാണ് മഹാവിഷ്ണു അധിക്ഷേപിച്ചതെന്ന് ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ മതേതര സ്ഥാപനമാണ്. നിയമങ്ങള്‍ക്ക് വിരുദ്ധമായി അന്ധവിശ്വാസ പ്രചാരണമാണ് മഹാവിഷ്ണു സ്‌കൂളില്‍ നടത്തിയതെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. മഹാവിഷ്ണുവിനെതിരെ ശങ്കര്‍ പ്രതിഷേധിച്ചപ്പോള്‍ അനങ്ങാതിരുന്ന സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കെതിരെയും സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്
ഇതോടെ യു.എസ്സിലുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തില്‍ ഇടപെട്ടു. വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ അദ്ദേഹം പ്രസ്താവന ഇറക്കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിപാടികള്‍ ശാസ്ത്രീയ ചിന്തകളും പുരോഗമനപരമായ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞത്. പുരോഗതിയിലേക്കുള്ള ഏകമാര്‍ഗം ശാസ്ത്രമാണെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുപറഞ്ഞു.
അതേസമയം വിഷ്ണുവിന്റെ അറസ്റ്റില്‍ ഹിന്ദുത്വവാദികള്‍ ഉറഞ്ഞുതുള്ളുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍ തമിഴ്നാട്ടില്‍ വളര്‍ന്നു വരുന്ന ഹിന്ദുത്വ - ദ്രാവിഡ പ്രശ്നം പ്രതിഫലിക്കുന്നു. മഹാവിഷ്ണുവിനെ പോലുള്ളവര്‍ ഉണ്ടെങ്കിലെ ഹിന്ദു മതത്തിന് രക്ഷ ഉള്ളു എന്ന് കമന്റ് ചെയ്യുന്നവര്‍ ധാരാളം. ഒരു വിശ്വാസി കമ്മന്റിട്ടത്. 'ദൈവം ആ അന്ധന്റെ കണ്ണുകള്‍ ചൂഴ്ന്ന് എടുത്തത് നന്നായി' എന്നാണ്. എന്നാല്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയും, ഇത്തരക്കാര്‍ക്കെതിരെ കര്‍ശനനടപടികള്‍ എടുക്കുമെന്നും, അറിയിച്ചതോടെ വിദ്വേഷ കമന്റിടുന്നവര്‍ എല്ലാം ഡിലീറ്റ് ചെയ്ത് മുങ്ങിയിരിക്കയാണ്.