ഇടതു എംഎല്‍എക്കായി നിയമം വഴിമാറും! മുകേഷിന്റെ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കടിഞ്ഞാണ്‍; മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കി

മുന്‍കൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ തയ്യാറാക്കവേ ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍

Update: 2024-09-09 02:55 GMT

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയാണെങ്കിലും ഇടതു എംഎല്‍എ ആണെങ്കില്‍ നിയമം വഴിമാറും. കൊല്ലം എംഎല്‍എ മുകേഷിന് എതിരായ ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ പോകാന്‍ അന്വേഷണ സംഘം ഒരുങ്ങവേ അത് വേണ്ടെന്ന നിര്‍ദേശം എത്തിയിരിക്കുന്നത്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. ആരോപണങ്ങളില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ തന്നെയാണ് കേസ് അട്ടിമറിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുന്‍കൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ അസാധാരണ ഇടപെടലുണ്ടായത്.

മുകേഷിന്റെ കേസില്‍ അപ്പീല്‍ നല്‍കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. മുകേഷിന്റെ കാര്യത്താല്‍ അപ്പീല്‍ അനുമതി ഇല്ലെങ്കില്‍ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിലും അപ്പീല്‍ നല്‍കില്ല. മുകേഷിനൊപ്പം സമാന കേസില്‍ പ്രതികളായവര്‍ക്കെല്ലാം സര്‍ക്കാര്‍ നീക്കം തുണയായേക്കും.

സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീല്‍ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്.

നടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ മുകേഷിനും, നടന്‍ ഇടവേള ബാബുവിനും സെപ്റ്റംബര്‍ അഞ്ചിനാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്.

മുകേഷിനെതിരെ ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങളെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുകേഷ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളില്‍ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയില്‍ ഈ വൈരുധ്യത്തിന് കാരണം പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ല. 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ പുതുവത്സരദിനത്തില്‍ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസില്‍ തിരിച്ചടിയി. 2010-ല്‍ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറില്‍ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് നടി പരാതിയില്‍ പറഞ്ഞിരുന്നത്. മുകേഷ് തന്നെയാണ് അതേദിവസം പരാതിക്കാരിയെ കാറില്‍ക്കയറ്റി അവരുടെ ആലുവയിലെ ഫ്‌ലാറ്റില്‍ തിരികെ കൊണ്ടുവിട്ടത്. ഇതില്‍ എവിടെയാണ് നിര്‍ബന്ധിത ലൈം?ഗിക പീഡനം എന്നതാണ് കോടതി ഉയര്‍ത്തിയ പ്രധാനചോദ്യം.

ബലാത്സംഗം ചെയ്‌തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്റെ വാദം. 15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അതേസമയം ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Tags:    

Similar News