'മുനമ്പത്തെ വിവാദ ഭൂമി വഖഫായി നിലനിര്‍ത്തണം'; ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നിയമ പോരാട്ടത്തിന്; എസ്ഡിപിഐ പങ്കെടുത്ത യോഗത്തില്‍ ഇടതു മുന്നണിയിലെ സംഖ്യകക്ഷിയായ ഐഎന്‍എല്‍ പ്രതിനിധിയും; മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് സംഘടനകള്‍

'മുനമ്പത്തെ വിവാദ ഭൂമി വഖഫായി നിലനിര്‍ത്തണം'

Update: 2025-10-19 05:47 GMT

കൊച്ചി: മുനമ്പം വിഷയത്തില്‍ കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും ഉണ്ടായത് നിര്‍ണായകമായ വിധിയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഉത്തരവ് മുനമ്പം നിവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ നിയമ പോരാട്ടത്തിന ഒരുങ്ങുകയാണ് ഒരു വിഭാഗം മുസ്ലിംസംഘടനകള്‍.

മുനമ്പത്തെ 404.76 ഏക്കര്‍ വഖ്ഫ് ഭൂമി വഖ്ഫ് സ്വത്തായി സംരക്ഷിക്കാന്‍ സര്‍ക്കാറിനെയും കോടതിയെയും സമീപിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വഖ്ഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കെ ഭൂമി വഖ്ഫല്ലെന്ന ഹൈക്കോടതി നിരീക്ഷണം വസ്തുതകള്‍ക്ക് നിരക്കാത്തതും വിധിയെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നാണ് ഈ യോഗം ഉന്നയിച്ച വിമര്‍ശനം.

അതേസമയം എസ്ഡിപിഐ പ്രതിനിധി പങ്കെടുത്ത യോഗത്തില്‍ ഇടതു മുന്നണിയിലെ സംഖ്യകക്ഷിയായ ഐഎന്‍എല്ലും പങ്കെടുത്തു എന്നതാണ് ശ്രദ്ധേയമായ കാര്യം. നിയാസ് കരിമുഗളാണ് ഐ എന്‍ എല്ലിനെ പങ്കെടുത്ത് യോഗത്തില്‍ പങ്കെടുത്തത്. വഖ്ഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ ശരീഫ് പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ നടന്ന യോഗം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. അഡ്വ. എ മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹാശിം തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് തൗഫീഖ് മൗലവി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി (കേരള മുസ്ലിം ജമാഅത്ത്), എന്‍ കെ അലി (മെക്ക), അശ്റഫ് വാഴക്കാല (പി ഡി പി), വി കെ ശൗക്കത്തലി, വി എം ഫൈസല്‍ (എസ് ഡി പി ഐ), അഡ്വ. എ എ ജലീല്‍ (നാഷനല്‍ ലോയേഴ്‌സ് ഫോറം), ഒ എച്ച് മനാഫ് ഫാരിസ് (നാഷനല്‍ ലീഗ്), നിയാസ് കരിമുഗള്‍ (ഐ എന്‍ എല്‍), സി വൈ മീരാന്‍, പി എ നാദിര്‍ഷാ (മഹല്ല് കൂട്ടായ്മ), പി കെ ജലീല്‍ (മുന്‍ വഖ്ഫ് ബോര്‍ഡ് ഡിവിഷന്‍ ഓഫീസര്‍), മാമുക്കോയ, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍ (അഖില കേരള വഖ്ഫ് സംരക്ഷണ സമിതി), അബ്ദുസ്സലാം (വഖ്ഫ് സംരക്ഷണ വേദി), പി എ ശംസുദ്ദീന്‍, ജബ്ബാര്‍ പുന്നക്കാടന്‍, ഉമര്‍ ചോമ്പാര പങ്കെടുത്തു. ടി എ മുജീബ് റഹ്‌മാന്‍, വി എസ് അബ്ദുര്‍റഹ്‌മാന്‍ സംസാരിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി വിധിയില്‍ നേരത്തെ വ്യക്തമാക്കിയത്. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും നിലപാട് എടുത്തിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു.

സര്‍ക്കാരിന്റെ അപ്പീലിലായിരുന്നു ഹര്‍ജി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ മുനമ്പത്തെ ഭൂമിയുടെ പരിശോധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. തുടര്‍ന്ന് ഇതിനെതിരേ അപ്പീല്‍ പോവുകയായിരുന്നു. ഈ അപ്പീലിലാണ് സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് വന്നിരിക്കുന്നത്. സര്‍ക്കാരിന് കമ്മിഷന്‍ വെക്കാനും ഭൂമി പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനൊപ്പമാണ് സുപ്രധാന നിരീക്ഷണം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950-ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം പ്രസ്തുത ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ 70 വര്‍ഷം കാലതാമസം വരുത്തിയതുകൊണ്ട് ഇനി ഇത് വഖഫ് ഭൂമിയല്ല എന്നതാണ് മുഖ്യമായ നിരീക്ഷണം. ഈ ഭൂമി വഖഫല്ല എന്നതിന് കോടതി പറഞ്ഞ മറ്റൊരു കാരണം അല്ലാഹുവിന് സമര്‍പ്പിതമല്ല എന്ന വാദമാണ്. നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയ ശേഷവും മുനമ്പത്തെ പ്രസ്തുത ഭൂമി വഖഫ് സ്വത്തായി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതിനെ തങ്ങള്‍ റദ്ദ് ചെയ്യുന്നില്ല എന്ന് കോടതി നിലപാട് വ്യക്തമാക്കിയെങ്കിലും കോടതി നടത്തിയ നിരീക്ഷണങ്ങളും നിലപാടുകളും ഈ വിഷയത്തില്‍ തുടര്‍ന്നുവരുന്ന വ്യവഹാരങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം സംഘടനകള്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതും.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. മുനമ്പം സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മുനമ്പം കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുനമ്പം നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയത്. ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും മുനമ്പം സമരസമിതി നേതാക്കളും യോഗത്തിലുണ്ടായിരുന്നു.

മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്ന പരിശോധന നടക്കുന്ന വഖഫ് ട്രൈബ്യൂണലിലെ കേസിനെ സ്വാധീനിക്കുന്ന ഒന്നായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി മാറിയെന്ന് മുനമ്പം കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ നിയസമഭയും കോടതിയുമെല്ലാം വഖഫ് സ്വത്താകുമെന്ന ഹൈക്കോടതി വിധിയിലെ പരാര്‍മശങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി രംഗത്തെത്തു വന്നിരുന്നു.

Tags:    

Similar News