മീറ്ററിടാതെ ഓടിയാല്‍ പിടിവീഴും; മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് 12 ഓട്ടോകള്‍; മീറ്റര്‍ ഇടാത്തതിന് 250 രൂപയും; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് 2000 രൂപ പിഴയും ഈടാക്കി; നിയമലംഘനം തുടര്‍ന്നാല്‍ ഫിറ്റ്‌നസ് റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പ്
പാലക്കാട്: മീറ്റര്‍ ഇടാതെ അമിത ചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് മാര്‍ച്ച് 1 മുതല്‍ പ്രത്യേക പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് നടത്തിയ പരിശോധനയില്‍ നിരവധി ഓട്ടോകള്‍ കുടുങ്ങി. പരിശോധന നടത്തിയ ആദ്യ ദിനത്തില്‍ 12 ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. മീറ്ററിടാത്തതിന് 250 രൂപയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് 2000 രൂപയും പിഴയീടാക്കി.
10 ഓട്ടോറിക്ഷകളില്‍ മീറ്ററുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. രണ്ട് ഓട്ടോറിക്ഷകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. നിയമലംഘനം തുടര്‍ന്നാല്‍ ഫിറ്റ്‌നസ് റദ്ദുചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. ശനിയാഴ്ച ഫിറ്റ്‌നസ് പരിശോധനക്കെത്തിയ എട്ട് ഓട്ടോറിക്ഷകളിലും 'വാഹനമോടിക്കുമ്പോള്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യയാത്ര' എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നെന്ന് ഉറപ്പാക്കിയതായും ആര്‍.ടി.ഒ. പറഞ്ഞു.
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതചാര്‍ജ് ഈടാക്കുന്നതും ഇതിനെത്തുടര്‍ന്നുള്ള വാക്തര്‍ക്കങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനതല തീരുമാനങ്ങളുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലും നടപടി തുടങ്ങിയത്. ടൗണില്‍ മീറ്റര്‍ പ്രവര്‍ത്തിക്കാതെ ഓടിയ ഓട്ടോക്കാരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യാത്രകള്‍ കുറവായതിനാല്‍ പാലക്കാട്ട് മീറ്ററിട്ട് ഓടുന്നത് ബുദ്ധിമുട്ടാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ യാത്രക്കാരുടെ പരാതിയിലും നടപടിയെടുക്കും. മീറ്ററിടാതെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ വീഡിയോയോ ഫോട്ടോയോ സഹിതം യാത്രക്കാര്‍ക്ക് ജോ. ആര്‍.ടി.ഒ.മാരുടെ നമ്പറുകളില്‍ പരാതിപ്പെടാം.
അതേസമയം, ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര' എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് സര്‍വീസ് നടത്താന്‍ തയ്യാറല്ലെന്നാണ് യുണിയനുകളുടെ നിലപാട്. കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കേണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം എടുത്തിരുന്നു. മീറ്ററിടുന്നതിന് എതിരല്ല. എന്നാല്‍ മീറ്ററിട്ടില്ലെങ്കില്‍ പണം കൊടുക്കേണ്ട എന്ന രീതിയോട് എതിര്‍പ്പാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു. സ്റ്റിക്കര്‍ പതിപ്പിക്കാന്‍ എതിരാണെന്നും അതിന് ബുദ്ധിമുട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.