അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ല; ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം; അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ല: ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതിക്കും ചട്ടലംഘനത്തിനും എതിരെ പരസ്യ യുദ്ധത്തിന് ആഹ്വാനം ചെയ്ത ഒരു ഐഎഎസ്സുകാരന്‍ രംഗത്ത്; ഞെട്ടി വിറച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍
അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ലS
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സിസ്റ്റം തകരാറിനെതിരെ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ തുറന്നടിച്ചു രംഗത്തുവന്നതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാമൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇപ്പോഴിതാ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ-സോട്ടോ പരാജയമാണെന്ന വിമര്‍ശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് കൂടി രംഗത്തുവന്നതോടെ ഉദ്യോഗസ്ഥരുടെ വാമൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍.
സാമൂഹികമാധ്യമങ്ങളിലൂടെ കെ സോട്ടോയെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് മെമ്മോ നല്‍കിയിരിക്കയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ പരാജയം എന്നായിരുന്നു ഡോക്ടര്‍ വിമര്‍ശിച്ചത്. 2017-ന് ശേഷം മരണാനന്തര അവയവദാനം വിരലിലെണ്ണാവുന്നതു മാത്രമാണെന്നാണ് മോഹന്‍ദാസ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. സത്യത്തില്‍ വീഴ്ച്ച ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഡോക്ടര്‍ക്കെതിരെ ഡോക്ടര്‍ക്ക് മെമ്മോയും എത്തിയത്. ഇതിനിടെ ചട്ടവും നിയമവും നിരത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച് എന്‍ പ്രശാന്ത് ഐഎഎസ് രംഗത്തെത്തി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എവിടെയൊക്കെ പ്രതികരിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാറിനെതിെ പരസ്യയുദ്ധത്തിന് ആഹ്വാനം ചെയ്ത് പ്രശാന്ത് രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും പ്രതികരിക്കുന്നത് ചട്ടലംഘനമല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഏത് ക്രമക്കേടും ഉദ്യോഗസ്ഥര്‍ക്ക് വിളിച്ചു പറയാം. അതിന്റെ പേരില്‍ ഒരു നടപടിയും എടുക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.
ചീഫ് സെക്രട്ടറി എ ജയതിലക് നടത്തിയ അഴിമതികള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് പ്രശാന്ത് നേരത്തെ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാമൂടിക്കെട്ടാനുള്ള നീക്കത്തിനെതിരെ അദ്ദേഹം രംഗത്തുവന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതികള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്ത് പുറത്തു നിര്‍ത്തിയിരിക്കുന്നത്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തുവരുന്നത്.
ഡോ.ഹാരിസിന് ശേഷം ഡോ. മോഹന്‍ദാസിനെ നിശ്ശബ്ദനാക്കുന്ന വാര്‍ത്തകളാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിന്റെ വിമര്‍ശനം. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നമ്മള്‍ ഒരു പതിവ് മുന്നറിയിപ്പ് കേള്‍ക്കാറുണ്ട്, സര്‍ക്കാരിനെ വിമര്‍ശിക്കരുത് എന്നത്. ഇതില്‍ എന്താണ് സര്‍ക്കാര്‍ കാര്യമെന്നും എന്താണ് സര്‍ക്കാര്‍ കാര്യം അല്ലാത്തതെന്നും അക്കമിട്ട് നിരത്തി കൊണ്ടാണ് പ്രശാന്ത് രംഗത്തുവന്നിരിക്കുന്നത്.
സര്‍ക്കാര്‍ എന്നത് സ്വകാര്യ കമ്പനിയോ, കൂട്ടുകുടുംബമോ, മാഫിയ സംഘമോ, കേഡര്‍ പാര്‍ട്ടിയോ, അസോസിയേഷനോ ക്ലബോ ഒന്നുമല്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ഭരണഘടന അനുസരിച്ച് വേണം ഉദ്യോഗസ്ഥരുടെ 'ഭരണം'. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ വീടും കുടുംബവും പ്രാരാബ്ദ്ധവുമായി ജീവിക്കുന്നവരാണ്. അവരാരും ഫുട്‌ബോള്‍ തട്ടും പോലെ തലങ്ങും വിലങ്ങും സ്ഥലം മാറ്റപ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്. കോടതിയും കേസുമായി നടക്കാനും വയ്യ. അവരെക്കൊണ്ട് മാപ്പ് പറയിക്കാനും നിശ്ശബ്ദരാക്കാനും എളുപ്പം കഴിയുമെന്നം പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഡോക്ടറും കലക്ടറും ടീച്ചറും മിണ്ടട്ടെന്നേ!
ഡോ.ഹാരിസിന് ശേഷം ഡോ. മോഹന്‍ദാസിനെ നിശ്ശബ്ദനാക്കുന്ന വാര്‍ത്തകളാണ് രാവിലെ മുതല്‍. ഡൊ. മോഹന്‍ദാസ് പറഞ്ഞത് വളരെ കാര്യമുള്ള കാര്യമാണ്. ഈ വിഷയത്തില്‍ ഈയുള്ളവന്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ എഴുതിയ ലേഖനം താഴെ കമന്റില്‍ പങ്ക് വെക്കുന്നു.
സര്‍ക്കാര്‍ വൃത്തങ്ങളില്‍ നമ്മള്‍ ഒരു പതിവ് മുന്നറിയിപ്പ് കേള്‍ക്കാറുണ്ട് -
'സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കരുത്.''
''നയങ്ങള്‍ക്കെതിരെ സംസാരിക്കരുത്.''
''നടപടി ചട്ടങ്ങള്‍ നിങ്ങളുടെ അഭിപ്രായം പറയുന്നത് തടയുന്നു.''
'അഭിപ്രായം പറയണമെങ്കില്‍ രാജി വെച്ച് പുറത്ത് പോകൂ'
നിയമപരിജ്ഞാനം ഇല്ലാത്തവരും കൊളോണിയല്‍/രാജഭരണ സിണ്ട്രോം ഇന്നും പേറുന്നവരുമാണ് ഇത് പറയാറ്. അവസാനത്തേത് പ്രത്യേകതരം അമ്മാവന്‍ സിണ്ട്രോം കൂടിയാണ്.
എന്നാല്‍, ഭരണഘടനയും നിയമവും വ്യക്തമാക്കുന്ന സത്യം ഇതാ:
* ഒരു ഉദ്യോഗസ്ഥന്‍ ചെയ്യുന്നതെല്ലാം 'സര്‍ക്കാര്‍ നടപടി' അല്ല.
* എല്ലാ വിമര്‍ശനങ്ങളും നിയമവിരുദ്ധമല്ല.
എന്താണ് 'സര്‍ക്കാര്‍ നടപടി'?
-ഒരു കോളേജ് പ്രിന്‍സിപ്പല്‍ ഒരു വിദ്യാര്‍ത്ഥിയുടെ പരാതി നിഷേധിക്കുന്നത് സര്‍ക്കാര്‍ നടപടിയല്ല.
-ചീഫ് സെക്രട്ടറി അഴിമതി കാണിക്കുന്നത് സര്‍ക്കാര്‍ നടപടിയല്ല.
-ഒരു കളക്ടര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ വൈകിപ്പിക്കുന്നത് സര്‍ക്കാര്‍ നടപടിയല്ല.
-ദുരിതാശ്വാസ ഫണ്ടുകള്‍ വകമാറ്റി ചിലവഴിക്കുന്നത് സര്‍ക്കാര്‍ നടപടിയല്ല.
-സ്വജനപക്ഷപാതം സര്‍ക്കാര്‍ നടപടിയല്ല.
-വ്യാജരേഖ ചമയ്ക്കുന്നത് സര്‍ക്കാര്‍ നടപടിയല്ല.
-അമിതാധികാരം കാണിക്കുന്നത് സര്‍ക്കാര്‍ നടപടിയല്ല.
ഇവയെല്ലാം വ്യക്തിപരമായ പ്രവര്‍ത്തികളാണ് - നയങ്ങളല്ല - ഇവയെല്ലാം നിയമപരമായി വിമര്‍ശിക്കാം. അല്ലെങ്കില്‍, ഒരു സര്‍ക്കാര്‍ ജീവനക്കാരന് കൈക്കൂലി ചോദിക്കുന്ന ഒരു ട്രാഫിക് പോലീസുകാരനെപ്പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല! സാമാന്യബുദ്ധി ഉപയോഗിക്കുക.
'സര്‍ക്കാര്‍ നടപടി' എന്ന യോഗ്യത നേടണമെങ്കില്‍ അത്:
* ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ (GO) പുറത്തിറക്കിയ തീരുമാനമായിരിക്കണം.
* ബിസിനസ്സ് നിയമങ്ങള്‍ അനുസരിച്ച് ശരിയായി വിജ്ഞാപനം ചെയ്തതായിരിക്കണം.
* നിയമപ്രകാരം അധികാരമുള്ള ഒരു ഉദ്യോഗസ്ഥന്‍ എടുത്തതായിരിക്കണം.
* വ്യക്തിപരമായ ഉത്തരവോ, നോട്ടോ, ഇ-മെയിലോ അല്ലാതെ, സര്‍ക്കാര്‍ ഉത്തരവ് തന്നെയായിരിക്കണം.
ഒരു D.O. കത്തോ, ഓഫീസ് സര്‍ക്കുലറോ, വാട്ട്സ്ആപ്പ് നിര്‍ദ്ദേശമോ സര്‍ക്കാര്‍ നടപടിയായി കണക്കാക്കില്ല. അച്ചടക്കത്തിന്റെ പേരില്‍ വ്യക്തിപരമായ അഹങ്കാരത്തില്‍ നിന്നുള്ള പ്രവൃത്തികള്‍ തീര്‍ച്ചയായും അല്ല. വ്യക്തികള്‍ സര്‍ക്കാരല്ല, അതുകൊണ്ട് തന്നെ അവര്‍ വിമര്‍ശനത്തില്‍ നിന്ന് മുക്തരല്ല. നടപടി ചട്ടങ്ങളും സര്‍ക്കുലറുകളും ഭരണഘടനക്ക് മുകളിലല്ല. കേരള സര്‍ക്കാര്‍ ജീവനക്കാരുടെ നടപടി ചട്ടങ്ങളിലെ ചട്ടം 60 പോലുള്ളവ ഉപയോഗിച്ച് പലരും ഉദ്യോഗസ്ഥരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഭരണഘടന (അനുച്ഛേദം 13) വ്യക്തമായി പറയുന്നു: മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ഏത് ചട്ടവും അസാധുവാണ്.
അനുച്ഛേദം 19(1)(a) ഓരോ പൗരനും, സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ, അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. നിയന്ത്രണങ്ങള്‍ ഒരു നിയമത്തിലൂടെ മാത്രമേ ഏര്‍പ്പെടുത്താന്‍ കഴിയൂ - അത് ഈ 8 കാരണങ്ങള്‍ക്ക് (അനുച്ഛേദം 19(2)) മാത്രമായിരിക്കണം:
* ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും
* രാജ്യസുരക്ഷ
* വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം
* പൊതു ക്രമസമാധാനം
* മര്യാദ അല്ലെങ്കില്‍ സദാചാരം
* കോടതിയലക്ഷ്യം
* മാനനഷ്ടം
* ഒരു കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുക
ഇത് മാത്രമാണ് നിയമം. ഒരു വകുപ്പിനും, ഒരു സര്‍ക്കുലറിനും, ഒരു 'അച്ചടക്ക വ്യവസ്ഥയ്ക്കും' ഈ പട്ടികയിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല.
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് വിമര്‍ശിക്കാം?
- മോശമായി നടപ്പിലാക്കിയ ഒരു പദ്ധതിയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം.
-എന്തുകൊണ്ടാണ് ദുരിതാശ്വാസ സാമഗ്രികള്‍ ജനങ്ങളില്‍ എത്താത്തതെന്ന് നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം.
-അഴിമതിയും കാലതാമസവും അനാസ്ഥയും ഉപദ്രവവും നിങ്ങള്‍ക്ക് പുറത്തുകൊണ്ടുവരാം.
- ഒരു നയം ഫലപ്രദമാണോ എന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം - അത് മാനനഷ്ടമുണ്ടാക്കുന്നതോ അക്രമത്തിന് പ്രേരിപ്പിക്കുന്നതോ അല്ലാത്തപക്ഷം.
സര്‍ക്കാര്‍ ജീവനക്കാര്‍ ആദ്യം പൗരന്മാരാണ് - അല്ലാതെ അടിമകളല്ല. ജനാധിപത്യത്തിന് സിസ്റ്റത്തിനകത്ത് സത്യം വിളിച്ചുപറയുന്നവരെയാണ് ആവശ്യം - ഭയന്ന് നിശ്ശബ്ദരായിരിക്കുന്നവരെയല്ല.
നിയമം വളരെ വ്യക്തമാണ്:
* കാമേശ്വര്‍ പ്രസാദ് v. സ്റ്റേറ്റ് ഓഫ് ബീഹാര്‍ (1962) - സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
* ഒ.കെ. ഘോഷ് v. ഇ.എക്‌സ്. ജോസഫ് (1963) - അഭിപ്രായ പ്രകടനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.
* കുഞ്ഞബ്ദുള്ള റെയില്‍വേ കേസ് (1983) - കാര്യക്ഷമതയില്ലായ്മയെ വിമര്‍ശിക്കുന്നത് അച്ചടക്ക ലംഘനമല്ല.
സാധുവായ ഒരു സര്‍ക്കാര്‍ ഉത്തരവില്ലെങ്കില്‍, 'സര്‍ക്കാര്‍ നയം/തീരുമാനം' ഇല്ല. ഒരു സര്‍ക്കാര്‍ അതിന്റെ തീരുമാനം വ്യക്തമാക്കുന്ന ഒരേയൊരു മാര്‍ഗ്ഗം സര്‍ക്കാര്‍ ഉത്തരവാണ്. അതുകൊണ്ട് അടുത്ത തവണ ആരെങ്കിലും ''സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കരുത്'' എന്ന് പറഞ്ഞാല്‍, അവരോട് ചോദിക്കുക:
1. സര്‍ക്കാര്‍ ഉത്തരവ് കാണിക്കൂ.
2. നിയമം കാണിക്കൂ
3. ഭരണഘടനയിലെഅനുച്ഛേദം 19(2) പ്രകാരമുള്ള കാരണം കാണിക്കൂ.
അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ - അവരുടെ ഉത്തരവിന് നിയമപരമായ സാധുതയില്ല.
സംസാരിക്കുക. ചോദ്യം ചെയ്യുക. തിരുത്തുക.
അപമാനിക്കാനല്ല - മെച്ചപ്പെടുത്താന്‍.
കലാപമുണ്ടാക്കാനല്ല - പരിഷ്‌കരിക്കാന്‍.
ജനാധിപത്യത്തെ ദുര്‍ബലമാക്കാനല്ല - ശക്തിപ്പെടുത്താന്‍.
സര്‍ക്കാര്‍ എന്നത് സ്വകാര്യ കമ്പനിയോ, കൂട്ടുകുടുംബമോ, മാഫിയ സംഘമോ, കേഡര്‍ പാര്‍ട്ടിയോ, അസോസിയേഷനോ ക്ലബോ ഒന്നുമല്ല എന്ന് ആദ്യം മനസ്സിലാക്കണം. ഭരണഘടന അനുസരിച്ച് വേണം ഉദ്യോഗസ്ഥരുടെ 'ഭരണം'. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ വീടും കുടുംബവും പ്രാരാബ്ദ്ധവുമായി ജീവിക്കുന്നവരാണ്. അവരാരും ഫുട്‌ബോള്‍ തട്ടും പോലെ തലങ്ങും വിലങ്ങും സ്ഥലം മാറ്റപ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്. കോടതിയും കേസുമായി നടക്കാനും വയ്യ. അവരെക്കൊണ്ട് മാപ്പ് പറയിക്കാനും നിശ്ശബ്ദരാക്കാനും എളുപ്പം കഴിയും. നിയമവും ഭരണഘടനയുമൊക്കെ കടലാസ്സില്‍ മാത്രമാവാന്‍ ഇതാണ് കാരണം. നഷ്ടം പൊതുജനത്തിന് മാത്രം. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടതാണ്.
(പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് 'മാതൃഭൂമി'യില്‍ ഈ നിയമങ്ങളെക്കുറിച്ച് ലേഖനം എഴുതിയിരുന്നു. മിസ്സായി കോപ്പി ഉള്ളവര്‍ ദയവായി പോസ്റ്റുക)