മദ്യലഹരിയും റോഡ് റേജും ചേര്‍ന്നപ്പോള്‍ പിശാചുക്കളെ പോലെയായി; ഐവിന്‍ ജിജോ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ പക ഇരട്ടിച്ചു; ഇടിച്ച് തെറിപ്പിച്ച് ബോണറ്റിലേക്കിട്ട് കാര്‍ ഓടിച്ചത് ഒരുകിലോമീറ്ററോളം; ഐവിന്റെ തല മതിലിലോ മറ്റോ ഇടിച്ചതായും സംശയം; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്

നെടുമ്പാശേരി കൊലപാതകം: പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Update: 2025-05-15 18:25 GMT

കൊച്ചി: റോഡ് റേജിന്റെ പേരില്‍ കാറിടിപ്പിച്ച് 24 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രഥാമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണം തലക്കേറ്റ പരിക്ക് മൂലമെന്നാണ് റിപ്പോര്‍ട്ട്. തല മതിലിലോ മറ്റോ ഇടിച്ചതായി സംശയിക്കുന്നു.ശരീരത്തില്‍ മറ്റു പരിക്കുകള്‍ ഉണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോയാണ് കൊല്ലപ്പെട്ടത്.

കേസില്‍ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിഐഎസ്എഫ് എസ്‌ഐ വിനയ് കുമാര്‍ ദാസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. നേരത്തേ വിനയ് കുമാര്‍ ദാസിനെയും മോഹന്‍ കുമാറിനെയും സിഐഎസ്എഫ് സസ്‌പെന്‍ഡ് ചെയ്്തിരുന്നു.

ഫിസിയോതെറപ്പിസ്റ്റ് ആണ് ഐവിന്റെ പിതാവ് ജിജോ ജയിംസ്. മാതാവ് റോസ്‌മേരി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നഴ്‌സും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ നടക്കും. ഐവിന്റെ ഏക സഹോദരി അലീന.

റോഡ് റേജിന്റെ ദുരന്ത ഫലം

കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്. അപകട മരണമാണെന്ന കരുതിയ സംഭവമാണ് കൊലപാതകമായി മാറിയത്. അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജോജോയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കേരള പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും ചെന്നൈയിലെ എയര്‍പോര്‍ട്ട് ദക്ഷിണ മേഖല ആസ്ഥാനത്ത് നിന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍. പൊന്നി ഐപിഎസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. നായത്തോട് ഭാഗത്ത് വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഐവിനെ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്ഐ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ വിനയ കുമാര്‍ ദാസും കോണ്‍സ്റ്റബിള്‍ മോഹനും. ബിഹാര്‍ സ്വദേശികളാണ് ഇരുവരുമെന്ന് റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു.

കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഉരസിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. കാര്‍ ഇങ്ങനെയാണോ ഓവര്‍ടേക്ക് ചെയ്യുന്നത് എന്ന ഐവിന്റെ ചോദ്യത്തിന് ഇങ്ങനെയാണ് എന്നായിരുന്നു സിഐഎസ്എഫുകാരുടെ മറുപടി. സിഐഎസ്എഫുകാര്‍ വാഹനം തിരിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഐവിന്‍ തടസ്സം നിന്നു. ഇവരുടെ കാറിന്റെ മുന്നില്‍ കയറി നിന്ന് ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതോടെ സിഐഎസ്ഫുകാര്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു.


'ബോണറ്റില്‍ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയില്‍ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വച്ച് കാര്‍ സഡന്‍ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്' പ്രതികള്‍ ശ്രമിച്ചു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഐവിനെ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവസമയത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി. തര്‍ക്കം ഐവിന്‍ ജിജോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥരെ കൂടുതല്‍ പ്രകോപിപിച്ചു.

Tags:    

Similar News