'ഹിസ്ബുള്ള ജനങ്ങളെ മനുഷ്യ കവചമാക്കുന്നു; ഞങ്ങളുടെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്; ജനങ്ങള്‍ സ്വന്തം ജീവനേയും രാജ്യത്തേയും അപകടപ്പെടുത്തരുത്'; ലെബനന്‍ ജനതക്ക് മുന്നറിയിപ്പുമായി നെതന്യാഹു; കടന്നാക്രമണത്തിന് ഇസ്രായേല്‍

'ഹിസ്ബുള്ള ജനങ്ങളെ മനുഷ്യ കവചമാക്കുന്നു;

Update: 2024-09-24 04:32 GMT

ടെല്‍അവീവ്: ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനന്‍ ജനതക്ക് മുന്നറിയിപ്പു സന്ദേശവും നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിന്റെ യുദ്ധം ലെബനീസ് ജനതയോട് അല്ലെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. ജനങ്ങളെ മനുഷ്യ കവചമാക്കുന്ന ഹിസ്ബുള്ളക്കെതിരായണ് നെതന്യാഹു പ്രധാനമായും രംഗത്തുവന്നത്.

ലെബനീസ് ജനതക്കുള്ള സന്ദേശം പങ്കുവെച്ച നെതന്യാഹു ഹിസ്ബുള്ളയുടെ 'മനുഷ്യകവചം' ആകരുതെന്ന് ലെബനന്‍ ജനതയോടെ നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ യുദ്ധം ലെബനന്‍ ജനതയോടല്ലെന്നും മറിച്ച് അവരുടെ വീടുകളില്‍ മിസൈലുകള്‍ സ്ഥാപിക്കുന്ന ഹിസ്ബുള്ളയോടാണ് എന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആ ആയുധങ്ങള്‍ തങ്ങള്‍ പുറത്തെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 'ലെബനനിലെ ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാം. ഇസ്രായേലിന്റെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്. വളരെക്കാലമായി, ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. അത് നിങ്ങളുടെ സ്വീകരണമുറികളില്‍ റോക്കറ്റുകളും ഗാരേജില്‍ മിസൈലുകളും സ്ഥാപിച്ചു,' അദ്ദേഹം പറഞ്ഞു.

ആ റോക്കറ്റുകളും മിസൈലുകളും ലക്ഷ്യമിടുന്നത് തങ്ങളുടെ നഗരങ്ങളെയാണ് എന്നും ഹിസ്ബുള്ള ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആ ആയുധങ്ങള്‍ തങ്ങള്‍ പുറത്തെടുക്കും എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ലെബനന്‍ ജനതയ്ക്ക് അപകടത്തില്‍ നിന്ന് കരകയറാന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ഇത് ഗൗരവമായി കാണണമെന്നും നെതന്യാഹു പറഞ്ഞു.

ഹിസ്ബുള്ളയുടെ ലക്ഷ്യപ്രാപ്തിക്കായി ജനങ്ങള്‍ സ്വന്തം ജീവനേയും രാജ്യത്തേയും അപകടപ്പെടുത്തരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ദൗത്യം പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയായ ഗാസയില്‍ നിന്ന് ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലേക്ക് ആക്രമണം മാറിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.

അതേസമയം ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492 ലേറെയായി. 1,645 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 35 പേര്‍ കുട്ടികളും 58 പേര്‍ സ്ത്രീകളുമാണെന്ന് ലബനാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേല്‍ ഇലക്ട്രോണിക്‌സ് കമ്പനിയിലും നോര്‍ത്തേണ്‍ കോര്‍പ്‌സിന്റെ റിസര്‍വ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോര്‍മേഷന്റെ ലോജിസ്റ്റിക്‌സ് ബേസിലും ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായും അവര്‍ വ്യക്തമാക്കി.

ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങി. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതേസമയം തിരിച്ചടി സാധ്യത മുന്നില്‍ക്കണ്ട് രാജ്യത്ത് സെപ്തംബര്‍ 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേല്‍. ഹൈഫ അടക്കമുള്ള നഗരങ്ങളില്‍ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയില്‍ ആളുകള്‍ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.

അതേസമയം ഇസ്രായേലിന്റെ ആക്രമണങ്ങളെ അറബ് രാജ്യങ്ങളും മറ്റ് ആഗോള ശക്തികളും അപലപിച്ചു. ഇസ്രായേലിനോടും ഹിസ്ബുള്ളയോടും സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ വക്കില്‍ നിന്ന് പിന്മാറണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഇരുരാജ്യങ്ങളും പരിഗണിച്ചിട്ടില്ല. തങ്ങള്‍ ഏറ്റുമുട്ടലിന്റെ പുതിയ ഘട്ടത്തിലാണെന്നും ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും ഹിസ്ബുള്ള പറഞ്ഞു.

വെള്ളിയാഴ്ച തെക്കന്‍ ബെയ്‌റൂട്ടില്‍ നടന്ന ആക്രമണത്തില്‍ ഒരു എലൈറ്റ് ഹിസ്ബുള്ള യൂണിറ്റിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ലെബനനിലുടനീളം പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്നുള്ള അക്രമം ആരംഭിച്ചത്. സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു.

Tags:    

Similar News