ആരോപണം നേരിടുന്നവര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ സംഘടനയില്‍ ഉണ്ടാകില്ല; കുറ്റക്കാരെ സംരക്ഷിക്കില്ല; ആഷിഖ് അബുവിന്റെ രാജി തമാശയെന്ന് ബി ഉണ്ണികൃഷ്ണന്‍

ആഷിഖ് അബുവിന്റെ രാജി തമാശയെന്ന് ബി ഉണ്ണികൃഷ്ണന്‍

Update: 2024-08-31 10:21 GMT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങി ഫെഫ്ക. ആരോപണം നേരിടുന്നവര്‍ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുമെന്നും പൊലീസില്‍ അറിയിക്കേണ്ട വിഷയങ്ങള്‍ പൊലീസില്‍ അറിയിക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. അത്തരം കാര്യങ്ങളില്‍ ഒത്തുതീര്‍പ്പ് സമീപനം ഇല്ലെന്നും വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്ക പ്രതികരിക്കാന്‍ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചു.

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ന്യായാധിപയായി പ്രവര്‍ത്തിച്ചയാലാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പരാതികള്‍ അറിഞ്ഞാല്‍ പൊലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുന്‍കൈ എടുത്ത് പൊലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാന്‍ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു.

സിനിമയിലെ കേശാലങ്കാര വിദഗ്ദരെ പ്രത്യേക സംഘടന ആക്കുന്നത് പരിഗണിക്കും.ഫെഫ്ക്ക ഹെയര്‍സ്‌റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്‌റ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഫെഫ്ക വനിത അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ കൂടുതല്‍ നടപടികളുമായി ഫെഫ്ക മുന്നോട്ട് പോവും.ആരോപണം നേരിടുന്നവര്‍ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ സസ്‌പെന്‍ഡ് ചെയ്യും.പൊലീസില്‍ അറിയക്കേണ്ട വിഷയങ്ങള്‍ പൊലീസില്‍ അറിയിക്കും.അത്തരം കാര്യങ്ങളില്‍ ഒത്തുതീര്‍പ്പ് എന്ന സമീപനം ഇല്ല.വനിതകളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.

ഹേമ റിപ്പോര്‍ട്ട് വന്ന ഉടന്‍ പ്രതികരണം നടത്താം എന്ന് ഫെഫ്ക തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹന്‍ലാലും അതിനെ അനുകൂലിച്ചു. എന്നാല്‍, താരങ്ങള്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തു.എന്നാല്‍, അന്ന് ആ നിലപാട് എടുത്തവര്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുരോഗമനം സംസാരിച്ചു.സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചര്‍ച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് തീയതി ഔദ്യോഗികമായി പറയുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നിയെന്നും സംഘടനയില്‍ സജീവമല്ലാത്ത ആളാണ് അദ്ദേഹമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഫെഫ്കയുടെ പ്രതികരണം വൈകിയതില്‍ പ്രതിഷേധിച്ച് ഫെഫ്കക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്നും ആഷിഖ് അബു രാജിവെച്ചത്.

ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് കുറ്റപ്പെടുത്തിയാണ് ആഷിഖ് അബു കഴിഞ്ഞ ദിവസം രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ആഷിഖ് അബു ചൂണ്ടികാട്ടിയിരുന്നു.

Tags:    

Similar News