അനധികൃത സ്വത്ത് സമ്പാദനത്തിന് ഡോ.എ.ജയതിലകിന് എതിരെ മുഖ്യമന്ത്രി ഇപ്പോള്‍ നടപടി എടുക്കും എന്ന് കരുതി കാത്തിരുന്നു; നടപടി വന്നു, പക്ഷേ, പരാതിക്കാരനായ എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ ആണെന്ന് മാത്രം! ബ്രോയ്ക്ക് എതിരെ പുതിയ അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി; വാദി പ്രതിയായത് ഇങ്ങനെ

എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ പുതിയ അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി

Update: 2025-11-24 13:06 GMT

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ പ്രതിക്കൂട്ടിലാക്കി പരാതി നല്‍കിയതിന് പിന്നാലെ എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ പുതിയ അച്ചടക്ക നടപടി. നേരത്തെ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്ക് നീട്ടിയിരുന്നു. ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടിയത്.

ഒരാഴ്ച മുമ്പാണ് ജയതിലകിന്റെ ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതിയില്‍ നടപടി എടുക്കും എന്ന് കരുതി കാത്തിരുന്നെങ്കിലും, പ്രശാന്തിന് എതിരെയാണ് അച്ചടക്ക നടപടി വന്നത്. ഡോ. ജയതിലക് ധനകാര്യ വകുപ്പ് സെക്രട്ടറി ആയിരിക്കെ ഉള്‍പ്പെട്ട അഴിമതി, കംപ്‌ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി കത്തയച്ചതും അതിന് മറുപടി അയക്കാന്‍ കൂട്ടാക്കാതിരുന്നതും രേഖകള്‍ സഹിതം പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഓഡിറ്റ് ഒബ്‌സര്‍വേഷന്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത് 'വകുപ്പുകള്‍ക്ക്' മാനഹാനി ഉണ്ടാക്കിയെന്ന്് ആരോപിച്ചാണ് പ്രശാന്തിന് എതിരെ പുതിയ അച്ചടക്ക നടപടി.

എന്‍ പ്രശാന്തിന്റെ പോസ്റ്റ് കൂടി വായിക്കാം:

എനിക്ക് വീണ്ടും ആശംസകള്‍

ഡോ. ജയതിലക് വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതും ബിനാമി സ്വത്ത് ഇടപാടുകള്‍ നടത്തിയതും ഒക്കെ കാണിച്ച് വിജിലന്‍സില്‍ റിട്ട. സ്‌കൂള്‍ അധ്യാപകനും വിവരാവകാശ പ്രവര്‍ത്തകനുമായ അനില്‍ ബോസ് കാഞ്ഞിരപ്പള്ളി Anil Bose സമര്‍പ്പിച്ച വിശദമായ പരാതിയുണ്ട്. ഡോ. ജയതിലക് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജമായി സത്യവാങ്ങ്മൂലം നല്കിയതും, സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതും സര്‍ക്കാരിന്റെ തന്നെ രജിസ്‌ട്രേഷന്‍/റവന്യൂ/സര്‍വേ വകുപ്പ് രേഖകളാണ് തെളിയിച്ചത്. അതില്‍ വകുപ്പ് തല നടപടികള്‍ സ്വീകരിക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 7 പ്രകാരം ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിക്ക് Chief Minister's Office, Kerala ഞാന്‍ പരാതി നല്‍കിയിട്ട് ഒരാഴ്ച ആയി. ഇത്രയും ഗുരുതരമായ ചട്ട ലംഘനം തെളിവ് സഹിതം പുറത്ത് വന്നതിനാല്‍ ഇപ്പോള്‍ നടപടി ഉണ്ടാവും എന്ന് കരുതി നമ്മളെല്ലാവരും കാത്തിരുന്നു.

നടപടി വരും, കേട്ടോ..

വന്നു. പക്ഷേ, എനിക്കെതിരെ ആണെന്ന് മാത്രം.

പരാതി നല്‍കിയതില്‍ പ്രകോപിതനായി ഡോ. ജയതിലക് എനിക്കെതിരെ ഒരു പുത്തന്‍ ഡിസിപ്ലിനറി നടപടി കൂടി തുടങ്ങിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇന്ന് കയ്യില്‍ കിട്ടി.

ഡോ. ജയതിലക് ധനകാര്യ വകുപ്പ് സെക്രട്ടറി ആയിരിക്കെ ഉള്‍പ്പെട്ട അഴിമതി, കംപ്‌ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ ചുണ്ടിക്കാട്ടി കത്തയച്ചതും അതിന് മറുപടി അയക്കാന്‍ കൂട്ടാക്കാതിരുന്നതും രേഖകള്‍ സഹിതം ഇവിടെ പങ്ക് വെച്ചത് ഓര്‍ക്കുമല്ലോ. ഓഡിറ്റ് ഒബ്‌സര്‍വേഷന്‍ ഉണ്ടെന്ന സത്യം പറയുന്നത്

''വകുപ്പുകള്‍ക്ക്'' മാനഹാനി ഉണ്ടാക്കിയത്രേ!

Comptroller and Auditor-General's (Duties, Powers and Conditions of Service) Act, 1971 സെക്ഷന്‍ 19(1), സെക്ഷന്‍ 13 മുതല്‍ 21 വരെയും, സെക്ഷന്‍ 24 വായിക്കുക. ഡോ. ജയതിലക് എന്ന വ്യക്തി ബോധപൂര്‍വ്വം സര്‍ക്കാരിലെ ഓഡിറ്റ് പ്രക്രിയയെ എങ്ങനെ നിയമവിരുദ്ധമായി തടയാന്‍ ശ്രമിച്ചു എന്ന് മനസ്സിലാവും. അഴിമതി കാണിക്കുക, ഓഡിറ്റില്‍ അഴിമതി പിടിക്കപ്പെടുക, അതിന് മറുപടി നല്‍കാതെ നിയമലംഘനം നടത്തുക. റിപ്പീറ്റ്.

ഭരണഘടനാ സ്ഥാപനമായ C&AG യുടെ ഓഡിറ്റിങ്ങിനോട് നിസ്സഹകരിക്കുന്നത് സര്‍ക്കാര്‍ തീരുമാനമാണെങ്കില്‍, അഴിമതി എന്നത് സര്‍ക്കാര്‍ നയമാണെങ്കില്‍, CAG Act 1971 ലംഘിക്കല്‍ അനുവദനീയമാണെങ്കില്‍, ഡോ. ജയതിലക് എന്ന വ്യക്തി ''സര്‍ക്കാര്‍'' ആണെങ്കില്‍ - അദ്ദേഹത്തെകുറിച്ച് സംസാരിച്ചാല്‍ നാക്കരിയും എന്ന് കാണിച്ച് അദ്ദേഹം തന്നെ ഒപ്പിട്ട തിട്ടൂരം ബഹുമാനപുരസരം ഫ്രെയിം ചെയ്തു വെക്കാം. ഇല്ലെങ്കില്‍ ഇത് കുറ്റകരമായ അധികാര ദുര്‍വിനിയോഗം മാത്രം.

കൈക്കൂലി വാങ്ങുന്ന ട്രാഫിക് പൊലീസുകാരനും വില്ലേജ് അസിസ്റ്റന്റിനും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഡോ. ജയതിലക് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഉള്ളത് എന്ന് നാം ചിന്തിച്ച് പോകും. അവരുടെ അഴിമതി പിടിക്കപ്പെടുമ്പോള്‍ അവരാരും സ്വയം ''സര്‍ക്കാര്‍'' ആണെന്നും അവരെക്കുറിച്ച് ഒന്നും പറയരുതെന്നും വിരട്ടാറില്ലല്ലോ. ഡോ. ജയതിലകിന്റെ നിയമ ലംഘനങ്ങളെക്കുറിച്ച് മിണ്ടാന്‍ പാടില്ല എന്ന് പറയാന്‍ കേരളത്തില്‍ അടിയന്തരാവസ്ഥ ഉണ്ടോ, ശരിക്കും ഇയാള്‍ അവകാശപ്പെടും പോലെ, ഇയാള്‍ തന്നെയാണോ ''സര്‍ക്കാര്‍'' എന്ന് പലരും സംശയം പ്രകടിപ്പിച്ച് കാണുന്നു.

I am the state! - സ്വയം സര്‍ക്കാര്‍ ആണെന്ന തോന്നല്‍ - ചിലര്‍ക്ക് ചില കാലത്ത് തോന്നുന്ന ഭ്രമമാണ്. ഈ മാനസികാവസ്ഥയിലൂടെ കടന്ന് പോയ വലിയ വലിയ ഏകാധിപതികളും രാജാക്കന്മാരും നാടുവാഴികളും ഒക്കെ ചരിത്രത്തിന്റെ കുപ്പത്തൊട്ടിയില്‍ ചളുങ്ങി കിടപ്പുണ്ട്.

ധനവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്നു ഡോ.ജയതിലകിന് എതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി റൂള്‍ 7 പരാതി സമര്‍പ്പിച്ചതായി എന്‍ പ്രശാന്ത് നവംബര്‍ 17 ന് അറിയിച്ചിരുന്നു.

ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ 1968 പ്രകാരം നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി കൂടിയായ മുഖ്യമന്ത്രിക്കാണ് പരാതി സമര്‍പ്പിച്ചത്. കൃത്യമായ തെളിവുകളോടെ, രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്‍ പ്രശാന്ത് അവകാശപ്പെട്ടു.

വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് പലവിധ ബെനാമി കരാറുകള്‍ ഉണ്ടാക്കി പണം കൈപ്പറ്റുക, സര്‍ക്കാരില്‍ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് എ ജയതിലക് നടത്തിയിട്ടുണ്ടെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം. ഇതിന് പുറമെ ഡോ. എ ജയതിലക് റവന്യു, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍, സൊസൈറ്റി രേഖകള്‍ തമ്മിലുള്ള താരതമ്യവും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെയാണ് പല ഡീലുകളുടേയും തെളിവുകള്‍ എന്നും എന്‍ പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയില്‍ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന്, മൂന്ന് ദിവസത്തിനകം മായിരുന്നു തന്നെ സസ്പെന്‍ഡ് ചെയ്തത്. ആരുടെയും പരാതി ഇല്ലാതെ തന്നെ, അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ താല്പര്യമെടുത്താണ് ആ നടപടി ഉണ്ടായതെന്നും എന്‍ പ്രശാന്ത് അരോപിച്ചിരുന്നു.

നവംബര്‍ 17 ലെ എന്‍ പ്രശാന്തിന്റെ പോസ്റ്റ് പൂര്‍ണരൂപം-

ഡോ. ജയതിലകിതിരെ അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി റൂള്‍ 7 പരാതി സമര്‍പ്പിച്ചു

കേരളത്തിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അച്ചടക്ക അധികാരി (Disciplinary Authority) കൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കു മുമ്പാകെ, ഡോ. എ. ജയതിലക് ഐ.എ.എസ്സിനെതിരെ All India Service (Discipline & Appeal) Rules, 1968 പ്രകാരം നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് റൂള്‍ 7 പരാതി നല്‍കിയ വിവരം അറിയിക്കട്ടെ.

കൃത്യമായ തെളിവുകളോടെ, രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതല്ലാതെയുള്ള അനധികൃത സ്വത്തുക്കളുടെയും വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം റവന്യു, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങളും ഉണ്ട്. (റിട്ട. അദ്ധ്യാപകനും വിവരാവകാശ പ്രവര്‍ത്തകനുമായ ശ്രീ. അനില്‍ ബോസ് കാഞ്ഞിരപ്പള്ളി വിജിലന്‍സില്‍ 6.11.25 ന് സമര്‍പ്പിച്ച വിശദമായ പരാതിയില്‍ ഓരോന്നും എടുത്ത് പറയുന്നുണ്ട്.)

ഡോ. ജയതിലകിന്റെ നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും (Immovable Property Returns) രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍, സൊസൈറ്റി രേഖകള്‍ എന്നിവയും തമ്മിലുള്ള താരതമ്യം ഈ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് പലവിധ ബെനാമി കരാറുകള്‍ ഉണ്ടാക്കി പണം കൈപ്പറ്റുക, സര്‍ക്കാരില്‍ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത്. കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെയാണ് പല ഡീലുകളുടേയും തെളിവുകള്‍ എന്നതാണ് രസം.

ഈ വിഷയത്തില്‍ പ്രത്യേകമായി എടുത്തുപറയുന്ന ലംഘനങ്ങള്‍ അഖിലേന്ത്യാ സര്‍വീസ് (നടപടി) ചട്ടങ്ങള്‍, 1968 (AIS (Conduct) Rules, 1968) പ്രകാരമാണ്: അനുഛേദം 3 (Rule 3): സമ്പൂര്‍ണ്ണ സത്യസന്ധത, കടമയോടുള്ള കൂറ്, താല്‍പ്പര്യ സംഘര്‍ഷം (Conflict of Interest) ഒഴിവാക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നിവ ഉറപ്പുവരുത്തുന്ന വിവിധ ഉപവിഭാഗങ്ങളുടെ ലംഘനം, അനുഛേദം 13 (Rule 13): മുന്‍കൂര്‍ അനുമതിയില്ലാതെ കച്ചവടത്തിലോ മറ്റു തൊഴിലുകളിലോ ഏര്‍പ്പെടുക, ബിസിനസ്സ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, സര്‍ക്കാരുമായി ഇടപാടുള്ളവരില്‍ നിന്ന് പണവും മറ്റും സ്വീകരിക്കുക, സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതിഫലം സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലെ വീഴ്ച, അനുഛേദം 16 {Rule 16(3), 16(4)} : സ്വത്ത് ഇടപാടുകള്‍ക്ക് മുന്‍കൂര്‍ വിവരം നല്‍കുക/അനുമതി തേടുക, പാട്ടങ്ങളും വാടകയിനത്തില്‍ വരുമാനം ലഭിക്കുന്നത് ിപ്പോര്‍ട്ട് ചെയ്യുക, വാര്‍ഷിക സ്വത്ത് റിട്ടേണ്‍ പൂര്‍ണ്ണമായും സത്യസന്ധമായും സമര്‍പ്പിക്കുക എന്നീ കാര്യങ്ങളിലെ ചട്ടലംഘനം.

ആനുപാതികമല്ലാത്ത സ്വത്തുക്കള്‍ (disproportionate assets) ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗുരുതരമായ ക്രിമിനല്‍ ദുഷ്‌പെരുമാറ്റം (criminal misconduct) വ്യക്തമാക്കുന്ന രേഖകള്‍ ശ്രീ. അനില്‍ ബോസ് കാഞ്ഞിരപ്പള്ളി വിജിലന്‍സില്‍ സമര്‍പ്പിച്ചത് 6.11.25 നാണ്. GAD വകുപ്പ് ഡോ. ജയതിലക് തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ സ്വയം സസ്‌പെന്റ് ചെയ്യാനുള്ള ഫയല്‍ ഡിസിപ്ലിനറി അഥോറിറ്റിക്ക് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് മടി കാണും. അതുകൊണ്ടാണ് ഇന്ന് ഈ പരാതി രേഖാമൂലം ഡിസിപ്ലിനറി അഥോറിറ്റിയായ ബഹു.മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത്.

ഏതായാലും ഡോ. ജയതിലകിന്റെ ചട്ടലംഘനങ്ങള്‍ ഔപചാരികമായി ഇന്ന് 15-11-2025-ന് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

08-11-2024-ന് ഒരു സോഷ്യല്‍ മീഡിയില്‍ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന്, മൂന്ന് ദിവസത്തിനകം (11-11-2024) എന്നെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത് ഓര്‍ക്കുമല്ലോ. ആരുടെയും പരാതി ഇല്ലാതെ തന്നെ, അന്നത്തെ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്‍ താല്പര്യമെടുത്താണ് ആ നടപടി ഉണ്ടായത്. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 14, നിയമത്തിനു മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്നു. ആരോപിക്കപ്പെടുന്ന ലംഘനങ്ങള്‍ എത്രയോ ഗൗരവതരമായിരിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് ഒരു മാനദണ്ഡവും ചീഫ് സെക്രട്ടറിക്ക് മറ്റൊരു മാനദണ്ഡവും സാധിക്കില്ലല്ലോ. IAS കാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകാണ് All India Service (Discipline & Appeal) Rules, 1968. അതിനാല്‍, ഭരണഘടന ഉണ്ടെങ്കില്‍, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍,നീതിബോധവും ധര്‍മ്മവും ഉണ്ടെങ്കില്‍, ഡോ. ജയതിലകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഏത് നിമിഷവും പ്രതീക്ഷിക്കാവുന്നതാണ് എന്നാണ് നിയമജ്ഞര്‍ പറയുന്നത്. ഡോ. ജയതിലകിന്റെ നിയമലംഘനങ്ങള്‍ക്ക് ''തീവ്രത'' കുടുതലാണെന്നതില്‍ തര്‍ക്കമില്ലല്ലോ.

മേല്‍ ചട്ടങ്ങള്‍ അറിയാവുന്ന വ്യക്തി എന്ന നിലയില്‍, ഈ വസ്തുതകള്‍ ബന്ധപ്പെട്ട അധികാരിയുടെയും (competent authority) പൊതുജനങ്ങളുടെയും മുമ്പാകെ കൊണ്ടുവരേണ്ടത് എന്റെ ധാര്‍മികമായ കടമയാണ്. സര്‍ക്കാര്‍ ജീവനക്കാരായ ക്ലാര്‍ക്കിനെയും, വില്ലേജ് അസിസ്റ്റന്റിനെയും, തഹസില്‍ദാരെയും, ഡോക്ടറെയും, ടീച്ചറെയും, പ്രൊഫസറെയും, എഞ്ചിനിയറെയും സാധാരണ പൊലീസുകാരെയും അച്ചടക്കവും നിയമവും പഠിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സ്വയം മര്യാദ കാണിക്കണം. ആ മിനിമം മര്യാദ കാണിക്കാത്ത IAS ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ അധികാരമുള്ളത് All India Service (Discipline & Appeal) Rules, 1968 പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുളള ഡിസിപ്ലിനറി അഥോറിറ്റിക്കാണ്.

NB: പലരും എക്‌സിക്യൂട്ടീവിനെ പാടേ എഴുതിത്തള്ളി കമന്റ് ഇടുന്നത് കണ്ടു. കോടതിയില്‍ നിന്ന് മാത്രമേ നീതി കിട്ടൂ എന്ന അഭിപ്രായമാണ് പലര്‍ക്കും. എന്നാല്‍ രേഖാമൂലം അത് തെളിയുന്നെങ്കില്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ. പൗരന് കോടതിയില്‍ മാത്രമല്ല, ഒരു വില്ലേജ് ഓഫീസിലും ന്യായം ലഭിക്കണമല്ലോ. സിസ്റ്റം പ്രവര്‍ത്തിക്കുന്ന രീതി മനസ്സിലാക്കി വേണം സിസ്റ്റത്തോട് സംസാരിക്കാന്‍. നിയമവും ചട്ടവും പ്രയോഗിച്ച് തന്നെ. ''സിസ്റ്റം ഔട്ട് കംപ്ലീറ്റ്'' വായിക്കൂ!


Tags:    

Similar News