കപ്പലെത്തുമ്പോള്‍ പാലം ഉയരും; കടലിന് മുകളില്‍ ഇന്ത്യ നിര്‍മ്മിച്ച അദ്ഭുതം; പുതിയ പാമ്പന്‍ പാലം യാഥാര്‍ത്ഥ്യമായി; നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 535 കോടി രൂപ ചെലവില്‍

പുതിയ പാമ്പന്‍ പാലം യാഥാര്‍ത്ഥ്യമായി

Update: 2024-09-13 12:35 GMT

രാമേശ്വരം: പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണത്തിന് 535 കോടി രൂപയാണ് ചിലവായത്.ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ പുതിയ പാലം രാജ്യത്തിന് സമര്‍പ്പിക്കും.535 കോടി രൂപ ചെലവില്‍ 2.05 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലെ പാക്ക് കടലിടുക്കിന് കുറുകെ പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.

പഴയ പാമ്പന്‍ പാലത്തിന് സമീപത്തായി നിര്‍മിച്ച പുതിയ പാമ്പന്‍ പാലം രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമാണ്.ട്രെയിനുകള്‍ക്ക് നിശ്ചിത വേഗതയില്‍ സുരക്ഷിതമായി സഞ്ചരിക്കാനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് (ആര്‍വിഎന്‍എല്‍) 535 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിച്ചത്.


രാമേശ്വരത്തെ പാമ്പന്‍ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന റെയില്‍വേ പാലം എല്ലാവിധ സുരക്ഷിത സംവിധാനത്തോടെ നൂതന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സമുദ്രനിരപ്പില്‍ നിന്ന് 22 മീറ്റര്‍ ഉയരത്തിലാണ് പുതിയ പാലം.ഇതോടെ രാജ്യത്തെ ഏറ്റവും നിളമുള്ള കടല്‍പ്പാലം എന്ന ഖ്യാതി പാലത്തിന് ലഭിക്കും.100 സ്പാനുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാലം.ഓരോന്നിനും 18.3 മീറ്റര്‍ നീളവും ഒരു 63 മീറ്റര്‍ നാവിഗേഷന്‍ സ്പാനുമുണ്ട്.


ഈ നാവിഗേഷന്‍ സ്പാന്‍ പഴയ പാലത്തിന്റെ സ്വമേധയാ പ്രവര്‍ത്തിപ്പിക്കുന്ന ഡബിള്‍ - ലീഫ് ബാസ്‌ക്യൂള്‍ വിഭാഗത്തേക്കാള്‍ മൂന്ന് മീറ്റര്‍ കൂടുതലാണ്.കപ്പലുകളും ബാര്‍ജുകളും കടന്നുപോകാന്‍ ഇത് സഹായകരമാകും.പഴയ പാലം സമുദ്രനിരപ്പില്‍ നിന്ന് 19 മീറ്റര്‍ ഉയരത്തിലായിരുന്നു നിര്‍മിച്ചത്.പാലം തുറന്ന് കൊടുക്കുന്നതോടെ 22 മാസത്തെ ഇടവേളയ്ക്കുശേഷം രാമേശ്വരത്തേക്കുള്ള തീവണ്ടി സര്‍വീസ് പുനരാരംഭിക്കും.

തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇപ്പോള്‍ റോഡുമാര്‍ഗമേ രാമേശ്വരത്ത് എത്താനാവൂ. പുതിയ പാലം തുറക്കുന്നതോടെ കേരളത്തില്‍നിന്നുള്ള അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ രാമേശ്വരംവരെ ഓടും.ഉദ്ഘാടനത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുമെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു.തമിഴ്നാട് സന്ദര്‍ശനത്തിനിടെ ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി പുതിയ പാലം ഉദ്ഘാടനം ചെയ്യും.ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പുതിയ പാമ്പന്‍ പാലത്തില്‍ ദക്ഷിണ റെയില്‍വേ ട്രയല്‍ റണ്‍ വിജയകരമായി നടത്തിയിരുന്നു.





അല്‍പ്പം ചരിത്രം

ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ധനുഷ്‌കോടിക്കും രാമേശ്വരത്തിനും സവിശേഷ സ്ഥാനമാണുള്ളത്.1914 ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടല്‍പാലം വരുന്നത്.നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പാമ്പന്‍ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പാലമാണ്.നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലമാണ് പാമ്പന്‍ പാലം. 1915 ല്‍ തുറന്നുകൊടുത്ത ഈ പാലത്തിലൂടെയാണ് പണ്ട് ശ്രീലങ്കയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ പോയിരുന്നത്.

ഇന്ന് രാമേശ്വരം വരെയാണ് തീവണ്ടിയെങ്കില്‍ അന്ന് ധനുഷ്‌കോടി വരെ തീവണ്ടി എത്തിയിരുന്നു.ധനുഷ്‌കോടിയില്‍ നിന്നു 16 കിലോമീറ്റര്‍ മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം.എന്നാല്‍ 1964 ഡിസംബര്‍ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ വീണ്ടെടുക്കാനാവാത്തവിധം നാമാവശേഷമാക്കി.115 യാത്രികരുള്ള ഒരു ട്രെയിന്‍ പോലും അന്ന് കടലെടുത്തു.പട്ടണവും റോഡും റെയില്‍വേപ്പാളവും നശിച്ചു.പാമ്പന്‍ പാലത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും കപ്പലുകള്‍ വരുമ്പോള്‍ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല.

പ്രതീക്ഷിച്ചതിലും വേഗത്തില്‍ 46 ദിവസം കൊണ്ട് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്താണ് ഇ.ശ്രീധരന്‍ ശ്രദ്ധേയനാവുന്നത്.1988 ല്‍ റെയില്‍വേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതു വരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായുള്ള ഏകബന്ധം ഈ പാമ്പന്‍ പാലമായിരുന്നു.പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 2019 നവംബറില്‍ പ്രഖ്യാപിച്ചപ്പോള്‍ 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ കോവിഡിന്റെ വരവ് പാലത്തിന്റെ നിര്‍മാണം വൈകിപ്പിച്ചു.ഈ പ്രവൃത്തിയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്പാമ്പന്‍ പാലമെന്ന എന്‍ജിനീയറിങ് വിസ്മയം രാമേശ്വരത്തും ധനുഷ്‌കോടിയിലും എത്തുന്നവരെ .ഇന്നും ആകര്‍ഷിക്കുന്നു.

Tags:    

Similar News