ചൈന വീണ്ടും ലോകത്തെ ഭയപ്പെടുത്തുന്നു; പുതിയ വൈറല്‍ വ്യാപനത്തില്‍ ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളിലേക്ക്; നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍; സ്ഥിരീകരിക്കാതെ ചൈനയും യുഎന്നും; ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസെന്ന് സൂചന
പുതിയ വൈറല്‍ വ്യാപനത്തില്‍ ആളുകള്‍ കൂട്ടത്തോടെ ആശുപത്രികളിലേക്ക്
ബെയ്ജിങ്: ലോകത്തെ ആശങ്കയിലാക്കി ചൈനയില്‍ പുതിയ വൈറസ് വ്യാപനം. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) ആണ് പടരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകല്‍. കോവിഡ് വ്യാപനത്തിന്റെ തുടക്കം ചൈനയില്‍ നിന്നും ആതിനാല്‍ തന്നെ ഇപ്പോഴത്തെ വൈറസ് വ്യാപനത്തെ ലോകം കടുത്ത ആശങ്കയോടെയാണ് കാണുന്നത്.
ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്സ് ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
14 വയസിന് താഴെ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നിലവില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.