കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി വര്‍ധനവ്; വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ക്ക് അംഗീകാരം വൈകുന്നു; നഷ്ടം തൊഴില്‍ വരുമാന മേഖലകളില്‍

മദ്യ നയം: മാറ്റമുണ്ടായാല്‍ സംസ്ഥാനത്തിനും വരുമാനം കൂടും

Update: 2024-09-08 05:24 GMT

പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ക്ക് അംഗീകാരം വൈകുന്നു. സംസ്ഥാനത്ത് നിന്നുള്ള മദ്യ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് അബ്കാരി നയത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നടപടി ഇഴയുകയാണെന്നാണ് ആക്ഷേപം. വിദഗ്ധ സമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതോടെ പുതിയ പരിഷ്‌കാരങ്ങളും സംരംഭങ്ങളുമുണ്ടാകും. ഇതിലൂടെ സംസ്ഥാനത്തിന് വിദേശ മദ്യ കയറ്റുമതി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ശുപാര്‍ശ നടപ്പാക്കിയാല്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നുമാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് നിന്ന് വിദേശ മദ്യം കയറ്റുമതി ചെയ്യാന്‍ 47 കമ്പനികള്‍ക്ക് മാത്രമാണ് അനുമതി. എന്നാല്‍ മൂന്ന് കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ വിദേശ മദ്യ കയറ്റുമതി ചെയ്യുന്നത്. നിലവിലെ വിദേശ മദ്യ കയറ്റുമതി നയം മൂലമാണിത്. കേരളത്തിലെ ഡിസ്റ്റിലറി യൂണിറ്റുകളില്‍ 60% ഉല്‍പാദന ശേഷിയുണ്ട്. 17 പ്രാദേശിക യൂണിറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ രാജ്യത്ത് കേരളത്തിന്റെ കയറ്റുമതി വിഹിതം 0.3 ശതമാനമാണ്.

ശേഷിക്കുന്ന 60 ശതമാനവും കൂടി വിനിയോഗിച്ചാല്‍, സംസ്ഥാനത്തിന് 20 ലക്ഷം കെയ്സുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കാനും ഇതുവഴി 3,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ കയറ്റുമതിക്ക് മാത്രമായതിനാല്‍ സംസ്ഥാനത്ത് ഉപഭോഗം വര്‍ദ്ധിക്കില്ലെന്ന് വിദേശ മദ്യ നിര്‍മ്മാതാക്കള്‍ പറയുന്നു.

സംസ്ഥാനത്ത് നിന്നുള്ള വിദേശമദ്യ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് കയറ്റുമതി ലേബല്‍ അനുമതി ഫീസ്, ബ്രാന്‍ഡ് രജിസ്ട്രേഷന്‍ ഫീസ്, എക്സ്പോര്‍ട്ട് പാസ് ഫീസ് എന്നിവയുടെ മൊത്തത്തിലുള്ള പുനര്‍നിര്‍മ്മാണത്തിന് കെഎസ്ഐഡിസിയുടെ മാനേജിംഗ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.കയറ്റുമതി പെര്‍മിറ്റുകള്‍ നല്‍കുമ്പോള്‍ എല്ലാ പരിശോധനകളും മറ്റും ഉറപ്പാക്കാന്‍ കഴിയുമെന്നതിനാല്‍, വിദേശ മദ്യകയറ്റുമതിക്കായി എന്‍ഒസി നേടുന്നതിനുള്ള വ്യവസ്ഥ നീക്കം ചെയ്യാനും കഴിയുമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Tags:    

Similar News