ഇമേജ് പ്ലാന്റിനെ കുറിച്ച് വിശദീകരിക്കാന്‍ പോലും സമ്മതിക്കാതെ പ്രതിഷേധക്കാര്‍: പിന്തുണയുമായി എംപിയും എംഎല്‍എയും മറ്റ് ജനപ്രതിനിധികളും: അടൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ പൊതു ഹിയറിങില്‍ ബഹളം

പ്ലാന്റ് വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി ഹിയറിംഗ്

Update: 2024-09-08 05:33 GMT


അടൂര്‍: ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സംബന്ധിച്ച് പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടി നടത്തിയ ഹിയറിങില്‍ കനത്ത പ്രതിഷേധം. ഇമേജ് ഭാരവാഹികള്‍ക്ക തങ്ങളുടെ ഭാഗം വിശീദീകരിക്കാന്‍ അവസരം ലഭിച്ചില്ല. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഹിയറിങ് സംഘടിപ്പിച്ചത്.

രാവിലെ 11 നാണ് ഇളമണ്ണൂരില്‍ ഹിയറിങ് ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടിന് സമാപിച്ചു. ഹിയറിങ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മിനി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ് ആളുകളെ കൊണ്ടിരുത്തിയത് എതിര്‍പ്പിന് കാരണമായി. ജനകീയ പ്രതിരോധ സമിതി വലിയ ബഹളവുമായി രംഗത്തു വന്നതോടെ ഐഎംഎയുടെ ഏതാനും പ്രതിനിധികളെ ഒഴികെ ബാക്കിയുള്ളവരെ മാറ്റി.

ഹിയറിങില്‍ പങ്കെടുത്ത 731 പേരും പ്ലാന്റ് വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ പ്ലാന്റിനെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്ലാക്കാര്‍ഡുമേന്തി ജനങ്ങള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് ബഹളം ഉണ്ടാക്കാന്‍ ശ്രമിച്ചു. പോലീസ് തടയാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഡോ. ജോസഫ് പറയുന്നത് എന്തെന്ന് പുറത്തേക്ക് കേള്‍ക്കാത്ത തരത്തിലായിരുന്നു ബഹളം. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ച ശേഷം കണ്‍സള്‍ട്ടന്റ് ആര്‍.കെ. പ്രമോദ് പ്ലാന്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ എഴുന്നേറ്റു. എന്നാല്‍, പ്രതിഷേധക്കാര്‍ മൈക്ക് ഓഫ് ചെയ്തതോടെ അദ്ദേഹത്തിന് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ബി. രാജീവ്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍രാജ്, ലക്ഷ്മി ജി. നായര്‍, സതീഷ്‌കുമാര്‍, സാം വാഴോട്, ജെ. പ്രകാശ്, മാരൂര്‍ ശങ്കര്‍ എന്നിവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു.

ഓര്‍ത്തഡോക്സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജനകീയ പ്രതിരോധ സമിതി കണ്‍വീനര്‍ സജിമാരൂര്‍, കെ. മോഹന്‍കുമാര്‍, റെജി പൂവത്തൂര്‍, ഡി. ഭാനുദേവന്‍, തോമസ് മാത്യു, ഡി. ബിനോയി, മങ്ങാട് സുരേന്ദ്രന്‍, സേതുകുമാര്‍, സതികുമാര്‍, അജയ് ബി. പിള്ള എന്നിവരും പ്ലാന്റിനെതിരേ പ്രസംഗിച്ചു.

അടൂര്‍ കിന്‍ഫ്ര, ഇളമണ്ണൂര്‍

Tags:    

Similar News