കീമോ തെറാപ്പി പൂര്‍ത്തിയാക്കിയ കെയ്റ്റ് രാജകുമാരി കാന്‍സറില്‍ നിന്നും വിമുക്തയായതായി റിപ്പോര്‍ട്ട്; വരും മാസങ്ങളില്‍ പൊതുപരിപാടികളിലേക്ക് മടങ്ങിയെത്തും; കെയ്റ്റിന് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് വില്യം രാജകുമാരന്‍
കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയ വിവരം രാജകുമാരി അറിയിച്ചതിനു ശേഷമുള്ള തന്റെ ആദ്യ പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് വില്യം ഇക്കാര്യം പറഞ്ഞത്
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകര്‍ക്ക് ആശ്വാസമേകി കെയ്റ്റ് രാജകുമാരി സുഖം പ്രാപിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. തന്റെ കീമോതെറാപി ചികിത്സ പൂര്‍ണ്ണമായും അവസാനിച്ചുവെന്നും, കാന്‍സറില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടാന്‍ കഴിവുള്ളതെല്ലാം ചെയ്യുമെന്നും രാജകുമാരി പറഞ്ഞു. വരുന്ന മാസങ്ങളില്‍ രാജകുമാരി പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങുമെന്നും അവര്‍ അറിയിച്ചു. കെന്‍സിംഗ്ടന്‍ കൊട്ടാരം തിങ്കളാഴ്ച പുറത്തു വിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് രാജകുമാരി ഇക്കാര്യം പറഞ്ഞത്.
തന്റെ കീമോതെറാപിയുടെ പ്രീവന്റീവ് കോഴ്സ് കഴിഞ്ഞെന്നും കഴിഞ്ഞ ഒന്‍പത് മാസക്കാലം തനിക്കും കുടുംബത്തിനും ഏറെ കാഠിന്യമേറിയതായിരുന്നു എന്നും വീഡിയോയില്‍ രാജകുമാരി പറയുന്നുണ്ട്. ഇനി കാന്‍സറില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്തൊക്കെ ചെയ്യണം എന്നതിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അവര്‍ പറഞ്ഞു. രോഗത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തി നേടുവാന്‍ ഇനിയും ഏറെ ദിവസങ്ങള്‍ എടുക്കുമെന്നും, ഓരോ ദിവസവും അത് വരുന്നത് പോലെ അഭിമുഖീകരിക്കുമെന്നും രാജകുമാരി പറഞ്ഞു.
ചില പ്രൊജക്ടുകളില്‍ രാജകുമാരി വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്നും, പൊതു ജീവിതത്തിലേക്ക് അധികം താമസിയാതെ മടങ്ങി വരുമെന്നും കെന്‍സിംഗ്ടണ്‍ കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കീമോതെറാപി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍, പൂര്‍ണ്ണ രോഗ വിമുക്തി എന്ന ലക്ഷ്യത്തിലേക്ക് കെയ്റ്റിന് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട് എന്നുമായിരുന്നു വില്യം രാജകുമാരന്റെ പ്രതികരണം.
കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയ വിവരം രാജകുമാരി അറിയിച്ചതിനു ശേഷമുള്ള തന്റെ ആദ്യ പൊതു പരിപാടിയില്‍ പങ്കെടുക്കവെയാണ് വില്യം ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച കാര്‍മാര്‍തെന്‍ഷയറിലായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ രാജകുമാരനെ ഹര്‍ഷാരാവങ്ങളോടെയായിരുന്നു ജനങ്ങള്‍സ്വീകരിച്ചത്. രാജകുമാരിയുടെ ആരോഗ്യത്തിനായി അവര്‍ ആശംസകള്‍ നേരുകയും ചെയ്തു.